വ്യാപാര ലൈസന്‍സ്: കാലാവധി നീട്ടി
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വ്യാപാര ലൈസന്‍സ് പുതുക്കുന്നതിനുള്ള കാലാവധി മാര്‍ച്ച് 15 വരെ നീട്ടി. തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി ജലീലുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലല്ല സംസ്ഥാനത്തെ മിക്ക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ലൈസന്‍സ് ഫീസ് ഈടാക്കുന്നതെന്ന് സംഘടനാ നേതാക്കള്‍ ചൂണ്ടിക്കാട്ടി. വില്‍പനയ്ക്കുള്ള ഉല്‍പന്നങ്ങളുടെ അടിസ്ഥാനത്തിലാണ് ഫീസ് നിര്‍ണയിക്കുന്നത്. ഇത് വന്‍ അഴിമതിക്കു കാരണമാകുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ഇനി മുടക്കുമുതലിന്റെ അടിസ്ഥാനത്തിലായിരിക്കും ഫീസ് ഈടാക്കുകയെന്ന് മന്ത്രി ഉറപ്പു നല്‍കി. ഓണ്‍ലൈനായും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ജനസേവന കേന്ദ്രങ്ങള്‍ വഴിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടും വ്യാപാരികള്‍ക്കു ലൈസന്‍സ് ഫീസ് അടയ്ക്കാനുള്ള നടപടി അടിയന്തരമായി കൈക്കൊള്ളുമെന്നും മന്ത്രി ഉറപ്പു നല്‍കി.തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ്, വകുപ്പിലെ മറ്റ് ഉന്നതോദ്യോഗസ്ഥര്‍, ഏകോപന സമിതി സംസ്ഥാന ഭാരവാഹികളായ കമലാലയം സുകു, കെ.എസ് രാധാകൃഷ്ണന്‍, എസ്.എസ് മനോജ്, നിജാം ബെഷി, ടോമി തോമസ്, നെട്ടയം മധു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."