ലോക്പാല്‍ യോഗം കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു
ന്യൂഡല്‍ഹി: പ്രതിപക്ഷനേതാവിനെ 'പ്രത്യേക ക്ഷണിതാവാ'യി ലോക്പാല്‍ യോഗത്തിലേക്ക് വിളിച്ച നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് യോഗം ബഹിഷ്‌കരിച്ചു.
ലോക്പാല്‍ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ പ്രധാനമന്ത്രിയും ലോക്‌സഭാ സ്പീക്കര്‍, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, സുപ്രിം കോടതി ചീഫ് ജസ്റ്റിസോ അല്ലെങ്കില്‍ അദ്ദേഹം നാമനിര്‍ദ്ദേശം ചെയ്യുന്ന മറ്റൊരു ജഡ്ജിയോ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്ന പ്രമുഖ അഭിഭാഷകന്‍ എന്നിവരാണ് ലോക്പാല്‍ തെരഞ്ഞെടുപ്പു കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. ലോക്‌സഭയില്‍ പ്രതിപക്ഷനിരയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന്റെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ പ്രത്യേകക്ഷണിതാവ് എന്ന് വിശേഷിപ്പിച്ചാണ് സര്‍ക്കാര്‍ യോഗത്തിലേക്കു വിളിച്ചത്.
പ്രതിപക്ഷ ശബ്ദത്തെ ഇല്ലാതാക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ നീക്കം നടത്തിവരികയാണെന്നും അതിനാല്‍ യോഗം ബഹിഷ്‌കരിക്കുകയാണെന്നും അറിയിച്ച് ഖാര്‍ഗെ പ്രധാനമന്ത്രിക്ക് കത്തയച്ചു. പ്രത്യേക ക്ഷണിതാവ് എന്ന നിലയില്‍ യോഗത്തില്‍ പങ്കെടുത്താല്‍ ലോക്പാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടാന്‍ അധാകരമുണ്ടായിരിക്കില്ലെന്നും ഈ സാഹചര്യത്തിലാണ് യോഗത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നതെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വിശദീകരിച്ചു.
ലോക്‌സഭാംഗങ്ങളുടെ പത്തിലൊന്ന് അംഗബലമുണ്ടെങ്കിലേ പ്രതിപക്ഷനേതാവ് എന്ന പദവി ലഭിക്കൂ. ഇതുപ്രകാരം 54 അംഗങ്ങള്‍ എങ്കിലും ഉണ്ടായിരിക്കേണ്ട സ്ഥാനത്ത് കോണ്‍ഗ്രസിന് 48 അംഗങ്ങളേയുള്ളൂ.
ഈ സാഹചര്യത്തിലാണ് 'പ്രത്യേക ക്ഷണിതാവ്' ആയി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ വിളിച്ചതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് ഇല്ലെങ്കില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ പാര്‍ട്ടിയുടെ നേതാവിനെ ലോക്പാല്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച ബില്ല് മൂന്നുവര്‍ഷമായി പാര്‍ലമെന്റിന്റെ പരിഗണനയിലാണ്.
അഴിമതി തുച്ചുനീക്കുന്നതിന്റെ ഭാഗമായി ലോക്പാല്‍ രൂപീകരിക്കുമെന്നത് ബി.ജെ.പിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു.
അഞ്ചുവര്‍ഷമായി മുടങ്ങിക്കിടന്നിരുന്ന ലോക്പാല്‍ നിയമനം സംബന്ധിച്ച പുരോഗതി അറിയിക്കാന്‍ കഴിഞ്ഞമാസം സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
പ്രതിപക്ഷ നേതാവിന്റെ അഭാവം നിയമനത്തില്‍ കാലതാമസം ഉണ്ടാക്കരുതെന്നും എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. ഇതോടെയാണ് പ്രതിപക്ഷനിരയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ ലോക്പാല്‍ സമിതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ യോഗം വിളിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."