രാമായണ കഥയുടെ ധന്യത പകര്‍ന്ന് കോഴിമാം പറമ്പില്‍ തോല് പാവക്കൂത്ത്
ചെറുതുരുത്തി: അന്യം നിന്നുപോകുന്ന കലാ രൂപമായതോല്പാവ കൂത്തിനെ തിരിച്ചു പിടിച്ച് കലയുടെ ആസ്ഥാനമായ ചെറുതുരുത്തി കോഴിമാം പറമ്പ് ക്ഷേത്രം . പഴയ കാല ആചാരങ്ങളില്‍ കടുകിട വ്യത്യാസം വരുത്താതെ കോഴി മാം പറമ്പില്‍ ഈ അനുഷ്ഠാനം ഇന്നും തുടര്‍ന്നു പോരുകയാണ്. കേരളത്തില്‍ പല ക്ഷേത്രങ്ങളിലും ഈ കലാരൂപം നിന്നുപോയെങ്കിലും ഇവിടെ 14 ദിവസവും കൂത്തുമാടത്തില്‍ കൂത്ത് മുറതെറ്റാതെ നടന്നു വരുന്നു. ഇത്രയധികം ദിവസം കൂത്തു നടക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്ന് ഒരുപക്ഷെ കോഴി മാം പറമ്പ് ആയിരിക്കാം. പലയിടത്തും പൂരത്തിന് കൊടിയേറുമ്പോള്‍ ഇവിടെ കൂത്ത് കൂറയിടുക എന്നാണു പറയാറുള്ളത്. കൂത്തിന്റെ തുടക്കമാണു ഇവിടെ കൂറയിടല്‍ ചടങ്ങ്. കുംഭമാസത്തിലെ ചിത്ര നാളിലാണു പൂരാഘോഷം. അതിനു 14 ദിവസം മുന്‍പു കൂത്തുമാടത്തില്‍ കൂത്താരംഭിക്കുന്നു. ഓരോ ദിവസവും മാടം കൊട്ടി കയറുക എന്ന ചടങ്ങുണ്ട്. മാടം കൊട്ടി കയറിയാല്‍ നാടക വഴിപാടുകള്‍ ചൊല്ലി തീര്‍ത്ത ശേഷമാണ് കൂത്ത് ആരംഭിക്കുക. കൂത്തില്‍ നാടകം വഴിപാടായി നടത്തുന്നതു കുട്ടികള്‍ക്കു ഏറെ വിശേഷമാണെന്നാണു വിശ്വാസം. മാടത്തിനു മുന്നില്‍ വെള്ള തിരശ്ശീലക്കു പുറകില്‍ പാവകളെ നിരത്തി കൂത്തു കലാകാരന് രാമായണ കഥ ചൊല്ലി തുടങ്ങും. പൂരം ദിവസം ഉള്‍പ്പെടെയാണ് 14 ദിവസത്തെ തോല്പാവ കൂത്ത്. പഞ്ചവടി മുതല്‍ ആരംഭിച്ചു ശ്രീരാമ പട്ടാഭിഷേകം വരെയാണു ഇവിടെ കൂത്തായി അവതരിപ്പിക്കുന്നത്. ഏഴു ദിവസം ദേശങ്ങളും ബാക്കിയുള്ള ദിവസങ്ങളില്‍ കച്ചീട്ട് വെച്ച കുടുംബങ്ങളുടേതുമാണു കൂത്ത്. നേരത്തെ 300 ഓളം ക്ഷേത്രങ്ങളില്‍ കൂത്തു നടന്നിരുന്നെങ്കിലും ഇന്നതു 100 ആയി കുറഞ്ഞു. കൂനത്തറ വിശ്വനാഥ പുലവരും സംഘവുമാണു കൂത്തു നടത്തിപ്പുകാര്‍. പഴയ കാലത്തു കുടുംബങ്ങള്‍ കൂത്തു കാണാനെത്തിയിരുന്നു. ഇന്നു ഒന്നോ രണ്ടോ വിദേശികള്‍ മാത്രമായി ചുരുങ്ങിയതു ആധുനികാലഘട്ടത്തില്‍ നന്മയില് നിന്നുള്ള പുറകോട്ടു പോകലിന്റെ പ്രതീകമാണെന്ന വിലയിരുത്തലും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."