എ.ടി.എം വിവരങ്ങള്‍ ശേഖരിച്ച് പണംതട്ടല്‍: രണ്ടുപേര്‍ പിടിയില്‍
മഞ്ചേരി: ഫോണില്‍ വിളിച്ച് എ.ടി.എം നമ്പറും ഒ.ടി.പി വിവരങ്ങളും ശേഖരിച്ച് പണംതട്ടുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. ജാര്‍ഖണ്ഡിലെ ജാംതാരയിലെ കര്‍മാതര്‍ സ്വദേശികളായ ആശാദേവി (45), ബദ്രിമണ്ടല്‍ (23) എന്നിവരെയാണ് പിടികൂടിയത്. ബാങ്കുകളുടെ ഹെഡ് ഓഫിസില്‍ നിന്നാണ് വിളിക്കുന്നതെന്നുപറഞ്ഞാണ് പ്രതികള്‍ തട്ടിപ്പുനടത്തിയിരുന്നത്.
കഴിഞ്ഞ നവംബറില്‍ മഞ്ചേരി സ്വദേശിയായ യുവാവില്‍നിന്ന് ഇത്തരത്തില്‍ ഒന്നര ലക്ഷം രൂപ സംഘം തട്ടിയെടുത്തിരുന്നു. ഇയാളുടെ ഫോണിലേക്കുവിളിച്ച് എ.ടി.എം കാര്‍ഡ് ബ്ലോക്ക് ആയിട്ടുണ്ടെന്നും അണ്‍ബ്ലോക്ക് ചെയ്യുന്നതിനായി ഫോണിലേക്ക് വന്ന ഒ.ടി.പി പറഞ്ഞുതരണമെന്നും ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ജാര്‍ഖണ്ഡിലെ ജാംതാര ജില്ല കേന്ദ്രീകരിച്ചുള്ള സംഘത്തെക്കുറിച്ച് പൊലിസിനു വിവരം ലഭിച്ചത്.
ജില്ലാ പൊലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നിര്‍ദേശപ്രകാരം ജനുവരിയില്‍ പ്രത്യേക അന്വേഷണസംഘം ജാര്‍ഖണ്ഡിലെത്തി അന്വേഷണം നടത്തിയിരുന്നുവെങ്കിലും പ്രതികളെ പിടികൂടാനായിരുന്നില്ല.
തുടര്‍ന്ന് ജാര്‍ഖണ്ഡ് പൊലിസിന്റെ സഹായത്തോടെ പ്രദേശം ഒന്നടങ്കം റെയ്ഡ് ചെയ്തതോടെ ആശാദേവി പിടിയിലാവുകയായിരുന്നു. ഇവരെ ചോദ്യംചെയ്തതോടെയാണ് കൂട്ടുപ്രതി ബദ്രിമണ്ടലിനെ സംബന്ധിച്ച് സൂചനകള്‍ ലഭിച്ചത്. സമാനമായ കേസില്‍ ജാര്‍ഖണ്ഡ് പൊലിസ് ഇയാളെ അന്വേഷിച്ചുവരികയായിരുന്നു. ബദ്രിമണ്ടലിനെ ജാര്‍ഖണ്ഡിലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇയാളെ ഉടന്‍ കേരളത്തില്‍ എത്തിക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണെന്ന് പൊലിസ് പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളായ ജാര്‍ഖണ്ഡ് സ്വദേശികളായ ദീപക് മണ്ടല്‍, സപ്നാ ദേവി, മഹേഷ് മണ്ടല്‍ എന്നിവരെ തിരിച്ചറിഞ്ഞതായും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."