കേരളത്തിനും ത്രിപുരയുടെ ഗതിവരും: കനയ്യകുമാര്‍
മലപ്പുറം: ജനകീയ പ്രശ്‌നങ്ങളെ യഥാവിധി മനസിലാക്കി നയനിലപാടുകള്‍ എടുക്കാന്‍ മടിച്ചുനിന്നാല്‍ കേരളത്തിനും ത്രിപുരയുടെ ഗതിയായിരിക്കുമെന്ന് ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി യൂനിയന്‍ നേതാവും എ.ഐ.എസ്.എഫ് ദേശീയ സെക്രട്ടറിയുമായ കനയ്യകുമാര്‍. മലപ്പുറത്ത് സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സമരജ്വാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കനയ്യകുമാര്‍.
ആര്‍.എസ്.എസും ബി.ജെ.പിയും ഇന്ത്യന്‍ മതേതരത്വവും ജനാധിപത്യവും തകര്‍ക്കാനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരേ ദേശീയ തലത്തില്‍ ഐക്യമുന്നണി രൂപപ്പെടേണ്ടതുണ്ട്. എങ്കില്‍ മാത്രമെ ഫാസിസത്തെ ഫലപ്രദമായി തടയാന്‍ സാധിക്കൂ. ജനാധിപത്യത്തെ തകര്‍ത്ത് മനുവാദത്തിലധിഷ്ടിതമായ വ്യവസ്ഥ സ്ഥാപിക്കാനാണ് ആര്‍.എസ്.എസ് ശ്രമം. കേരളത്തെ കൊലപാതകങ്ങളുടേയും ആത്മഹത്യകളുടേയും നാടായി ചിത്രീകരിച്ച് മോശം പ്രതിച്ഛായ ഉണ്ടാക്കാനും സംഘ്പരിവാരം ശ്രമിക്കുന്നുണ്ട്.
ഇന്ത്യയുടെ ബഹുസ്വരതയെ അംഗീകരിച്ച് കൊണ്ടുള്ള രാഷ്ട്രീയ കാഴ്ചപ്പാടാണ് സി.പി.ഐ അടക്കമുള്ള ഇടതുപാര്‍ട്ടികള്‍ സ്വീകരിക്കേണ്ടത്. ഓരോ പ്രദേശത്തിന്റേയും സാഹചര്യങ്ങളെ പരിഗണിച്ച് വിശാല സഖ്യമാണ് വേണ്ടത്. കേരളം ഇന്ന് ചിന്തിക്കുന്നത് ഇന്ത്യ നാളെ ചിന്തിക്കുന്നു എന്ന് പൊതുവെ പറയപ്പെടാറുണ്ട്. ഉല്‍ബുദ്ധരായ ഒരു സമൂഹമുള്ള കേരളത്തില്‍നിന്ന് വിശാല സഖ്യത്തിനുള്ള മുന്‍കൈ ഉണ്ടാവണം.
താടിയും തൊപ്പിയും വച്ച മുസ്‌ലിം രാജ്യത്തെ വിമാനത്താവളങ്ങളിലും മറ്റും അനുഭവിക്കുന്ന പ്രയാസം അറിയണമെങ്കില്‍ ഒരു മുസ്‌ലിമാകണം. അതുപോലെ ആദിവാസികളും ദലിതുകളും അനുഭവിക്കുന്ന പ്രയാസങ്ങള്‍ അറിയാന്‍ അവരിലൊരാളാകണമെന്നും കനയ്യ കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."