മീനങ്ങാടിക്കു സമീപം രണ്ട് അപകടങ്ങളിലായി മൂന്നുപേര്‍ മരിച്ചു
മീനങ്ങാടി: കോഴിക്കോട്-ബംഗളൂരു ദേശീയപാതയില്‍ മീനങ്ങാടിക്കു സമീപം മണിക്കൂറുകള്‍ക്കിടയില്‍ നടന്ന രണ്ട് അപകടങ്ങളിലായി മൂന്നുപേര്‍ മരിച്ചു. നാലുപേര്‍ക്ക് പരുക്കേറ്റു. ഉജാലപ്പടിക്കു സമീപം കാര്‍ നിയന്ത്രണംവിട്ട് എതിരേവന്ന ലോറിയിടിച്ച് മൂന്ന് വയസുകാരന്‍ ഉള്‍പ്പടെ രണ്ടുപേരാണ് മരിച്ചത്. കാസര്‍കോട് നീലേശ്വരം ഷബീര്‍ മന്‍സിലില്‍ അമന്‍ ഷബീര്‍ (മൂന്ന്), കാഞ്ഞങ്ങാട് മുഹമ്മദ് കുഞ്ഞിന്റെ മകന്‍ നബീര്‍ (30) എന്നിവരാണ് മരിച്ചത്.
മീനങ്ങാടി 54ല്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഓരാള്‍ മരിച്ചു. മീനങ്ങാടി അത്തിനിലം പരേതനായ രാജന്റെ മകന്‍ കെ.ആര്‍ രാഹുലാണ് (20) മരിച്ചത്. രാവിലെ 7.20ഓടെയായിരുന്നു ഉജാലപ്പടിക്കു സമീപം അപകടം. സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് പ്രദേശവാസികള്‍ മുക്തമാകുന്നതിന് മുന്‍പേ 54ലും അപകടമുണ്ടായി.
നാലു കിലോമീറ്ററിനിടയിലാണ് ഇരു അപകടങ്ങളും. ഉജാലപ്പടിക്കു സമീപം അപകടത്തില്‍പ്പെട്ടത് വിനോദസഞ്ചാരത്തിന് എത്തിയ കാസര്‍കോട് സ്വദേശികളാണ്. മരിച്ച അമന്‍ ഷബീറിന്റെ പിതാവ് ഷബീര്‍ (35), മാതാവ് ഷന്‍സീറ (28), സഹോദരന്‍ ഇഷാന്‍ ഷെബീര്‍ (അഞ്ച്), കാഞ്ഞങ്ങാട് സൗദ മന്‍സിലില്‍ സുമയ്യ അഷ്‌റഫ് (19) എന്നിവര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ഇവരെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷബീറിന്റെ പരുക്ക് ഗുരുതരമായതിനാല്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ സഞ്ചരിച്ച കാര്‍ സുല്‍ത്താന്‍ ബത്തേരി ഭാഗത്ത് നിന്നുവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. 54ല്‍ ഉണ്ടായ അപകടം രാഹുല്‍ സഞ്ചരിച്ച ബൈക്കില്‍ മറ്റൊരു വാഹനം ഇടിച്ചായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൂന്നു വര്‍ഷം മുന്‍പ് കാക്കവയല്‍ സുധിക്കവലയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രാഹുലിന്റെ പിതാവ് രാജന്‍ മരിച്ചിരുന്നു. മാതാവ് മിനി. രാഗിത് ഏക സഹോദരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."