ആഴങ്ങളില്‍ മുങ്ങുമ്പോള്‍
'കിണ്ണത്തില്‍ താളിയും എട്ത്ത് കുഞ്ഞിപ്പാത്തു ആണ് പുഴയിലേക്ക് ആദ്യം നടന്നത്. പെരങ്ങിയ തുണികളും കെട്ടിപ്പെറുക്കി ഞാളും പിന്നാലെ നടന്നു. ചെറിയ മഴചാറ്റല്‍ ഉണ്ടേനും. അടുത്ത മഴേന്റെ മുന്നേ തുണി തിരുമ്മി എടുക്കണം. കുഞ്ഞിപാത്തു തുള്ളിച്ചാടി മുന്നിലെത്തി.'
അതും പറഞ്ഞ് ഉമ്മാമ എന്റെ പ്ലേറ്റിലേക്ക് അടുത്ത ദോശ കൂടെ ഇട്ടു തന്നു. പരസ്പരം കെട്ടിപ്പിടിച്ച് തേങ്ങാചമ്മന്തിയും ദോശയും വീണ്ടും എന്റെ വായിലൂടെ കറങ്ങി.
'ന്നിട്ടോ? ബാക്കി പറ.'
ഗ്യാസ് സ്റ്റവ് ഓഫ് ചെയ്ത ഉമ്മാമ്മ അടുത്തു വന്നിരുന്നു.
'ഞാള് പൊഴക്കരേല് എത്തി നോക്കുമ്പോ കുഞ്ഞിപ്പാത്തൂനെ കാണുന്നില്ല.. നോക്കുമ്പോണ്ട് ഓളെ കയ്യില്ണ്ടായിര്ന്ന താളിക്കിണ്ണം അതാ വെള്ളത്തിലൂടെ ഒലിച്ചു പോകുന്നു. കുഞ്ഞിപ്പാത്തൂന്റെ പൊങ്ങിയ തല കണ്ട് ഞാന്‍ ഒറ്റ നെലോളി ആയിര്ന്ന്. എന്റെ നെലോളി കേട്ട്, ഇച്ചായ ഉടനെ തുണിയെല്ലാം അവിടെ ഇട്ട്, വെള്ളത്തിലേക്ക് ചാടി. കുഞ്ഞിപ്പാത്തൂന്റെ വല്യ മുടീല് പിടിച്ചു വലിച്ചു കരേലേക്ക് നീന്തി. അപ്പോളേക്കും മേലത്തെ പറമ്പീന്നു പണിക്കാര്‍ക്കെ ഓടി വന്നിനേും.'
അതും പറഞ്ഞ് ഉമ്മാമ്മ ഓര്‍മളുടെ കൂടെ കുറ്റ്യാടി പുഴ വരെ പോയി വന്നു. തൊണ്ണൂറുകളിലെ ആദ്യ കാലത്ത് നടന്ന വയനാടന്‍ മലയിലെ ഉരുള്‍പൊട്ടലും കുറ്റ്യാടി പുഴയിലെ വെള്ളപ്പൊക്കവും എല്ലാം കടന്നു യാത്ര തുടര്‍ന്നു. മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ കളിക്കൂട്ടുകാരിയെ രണ്ടു ദിവസം കഴിഞ്ഞു കൈതക്കാട്ടിനുള്ളില്‍നിന്നു കിട്ടിയതും, ആനയൊക്കെ ഒഴുകി വന്നതും വീണ്ടും കഥകളിലൂടെ വന്നു ചിത്രം വരച്ചു.
ജീവിതത്തിലെ ആദ്യകാല ഓര്‍മകളില്‍ പലതും കഥകളായിരുന്നു. ഒരുപക്ഷെ കഥകളെ ഒരുപാടു സ്‌നേഹിക്കുന്നതു കൊണ്ടാവാം. ആദ്യ മുങ്ങല്‍ അനുഭവം സമ്മാനിച്ചത് ഉമ്മാമ്മയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടി ശ്രീദേവിയുടെ മരണകാരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കണ്ടപ്പോഴാണു മുങ്ങല്‍ അഥവാ റൃീംിശിഴനെ കുറിച്ചു വീണ്ടുമോര്‍ത്തത്. പലപ്പോഴും ജീവന്‍ പോലുമെടുക്കുന്ന മുങ്ങല്‍ അപകടങ്ങള്‍. ആയിരത്തിലധികം മുങ്ങി മരണങ്ങളാണ് ഒരു വര്‍ഷം നമ്മുടെ കേരളത്തില്‍ സംഭവിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ ദിവസവും 80 പേര് ഇന്ത്യയില്‍ മുങ്ങിമരിക്കുന്നുണ്ട്. ആകസ്മിക മരണങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ദുരന്തങ്ങള്‍ സമ്മാനിച്ചിട്ടുള്ളത് മുങ്ങിമരണങ്ങളാണ്. പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ കാര്യത്തില്‍. ബക്കറ്റ് വെള്ളത്തിലും ചെറിയ ചാലുകളിലുമൊക്കെ മുങ്ങിമരിച്ച കുഞ്ഞുങ്ങളുടെ വാര്‍ത്തകള്‍ നമ്മള്‍ കാണാറുള്ളതാണ്.
വെള്ളത്തില്‍ മുങ്ങുന്ന ഒരാള്‍ക്ക് യഥാര്‍ഥത്തില്‍ എന്താണു സംഭവിക്കുന്നത്? ഒരാള്‍ വെള്ളത്തില്‍ മുങ്ങുമ്പോള്‍, വെള്ളം ശ്വാസകോശത്തിലേക്ക് എത്തുന്നതുവഴി ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം തടസപെടുകയും ശരീരത്തിനാവശ്യമായ ഓക്‌സിജന്‍ ലഭിക്കാതെ വരികയും ചെയ്യുന്നു. രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്നു. ഇതു കാരണം മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ശുദ്ധരക്തം എത്തിക്കാന്‍ ശ്വാസകോശത്തിനും ഹൃദയത്തിനും സാധിക്കുന്നില്ല. നെഞ്ചില്‍ നീര്‍ക്കെട്ടിനും കാരണമാകുന്നു. അങ്ങനെ പ്രാണവായുവിന്റെ അഭാവത്തിലാണു രോഗി മരണമടയുന്നത്. അല്ലാതെ പലരും കരുതുന്നതുപോലെ വെള്ളം കുടിച്ചല്ല മരണം സംഭവിക്കുന്നത്. പത്തു ശതമാനം അപകടങ്ങളില്‍ ശ്വാസനാളത്തിലെ പേശികളുടെ സങ്കോചം മൂലം മരണം സംഭവിക്കാറുണ്ട്. ഇതിനെ റൃ്യ റൃീംിശിഴ എന്നു പറയുന്നു. ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം, അപസ്മാരം തുടങ്ങിയ അസുഖങ്ങള്‍ അപകടസാധ്യത കൂട്ടുന്നു.
വെള്ളത്തില്‍ മുങ്ങിയ രോഗിക്കു നല്‍കേണ്ട പ്രഥമ ശുശ്രൂഷ പറയാം.
വെള്ളത്തില്‍നിന്നു രക്ഷിച്ച രോഗിയെ നിരപ്പായ സ്ഥലത്ത് കിടത്തുക. രോഗി ബോധാവസ്ഥയിലാണോ അബോധാവസ്ഥയിലാണോ എന്നും ചലനശേഷിയും പ്രതികരണശേഷിയും ഉണ്ടോ എന്നൊക്കെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. രോഗിയുടെ തല ചരിച്ചുവച്ച് വായിലുള്ള വെള്ളവും നുരയോ പതയോ ഉണ്ടെങ്കില്‍ അതും ഒഴുകിപ്പോകാനുള്ള വഴിയൊരുക്കുക. ഉയരത്തില്‍നിന്നുള്ള ചാട്ടത്തിനോ വീഴ്ചയ്‌ക്കോ ശേഷമാണു മുങ്ങല്‍ സംഭവിച്ചതെങ്കില്‍ രോഗിയുടെ കഴുത്തിലെ കശേരുക്കള്‍ക്കു പരുക്കേല്‍ക്കാന്‍ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ കഴുത്ത് കൂടുതല്‍ ചലിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വെള്ളം ഒഴുകിപ്പോകാന്‍ വേണ്ടി തലമാത്രം ചരിച്ചു വയ്ക്കുന്നതിനു പകരം ഇത്തരം സാഹചര്യങ്ങളില്‍ രോഗിയെ ഒരുവശം ചരിച്ചു കിടത്താവുന്നതാണ്.
ശരീര താപനില നിലനിര്‍ത്താന്‍ രോഗിയെ പുതപ്പിക്കാം. വായില്‍ പായലോ ഇലകളോ പോലുള്ള തടസങ്ങള്‍ ഉണ്ടെങ്കില്‍ അവ നീക്കം ചെയ്യുക. രോഗി സ്വയം ശ്വാസമെടുക്കുന്നില്ലെങ്കില്‍ വായ വഴി കൃത്രിമ ശ്വാസം നല്‍കാവുന്നതാണ്. ഇതിനായി ഇടതു കൈപ്പത്തി രോഗിയുടെ നെറ്റിമേല്‍ വച്ച് മൂക്ക് അടച്ചുിടിച്ച് രോഗിയുടെ വായിലേക്ക് ഊതണം. ഹൃദയാഘാതം സംഭവിച്ച രോഗികളില്‍ കാര്‍ഡിയോ പള്‍മോണറി റെസിസിറ്റേഷന്‍ എന്ന പ്രക്രിയ വഴി ഹൃദയത്തിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താവുന്നതാണ്. നെഞ്ചിന്റെ മധ്യഭാഗത്തായി കൈപ്പത്തികള്‍ കൊണ്ട് ശക്തിയായി അമര്‍ത്തുക. ഒരു മിനുട്ടില്‍ 100-120 തവണ എന്ന കണക്കിനാണ് അമര്‍ത്തേണ്ടത്. രോഗി സ്വന്തമായി ശ്വാസം എടുക്കുന്നില്ല എങ്കില്‍ 30 തവണ ഇങ്ങനെ ചെയ്തതിനുശേഷം രണ്ടു തവണ കൃത്രിമശ്വാസം നല്‍കേണ്ടതുണ്ട്. എത്രയും പെട്ടെന്നു രോഗിക്കു വൈദ്യസഹായം ലഭ്യമാക്കുക.
സിനിമകളിലൊക്കെ കാണുന്നതുപോലെ വയറില്‍മര്‍ദം കൊടുത്തു കൊണ്ടും, തല കീഴായി പിടിച്ചുകൊണ്ടും വയറിലെ വെള്ളം കളയാന്‍ ഒരിക്കലും ശ്രമിക്കാതിരിക്കുക. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് രോഗിയുടെ നില മോശമാക്കുകയാണു ചെയ്യുന്നത്. ശ്വസനപ്രക്രിയ മന്ദഗതിയിലാവാനും ഛര്‍ദി ഉണ്ടാവാനും ഇതു കാരണമാകുന്നു. ഇതുവഴി വയറിലെ പദാര്‍ഥങ്ങള്‍ ശ്വാസകോശത്തിലെത്താനും രോഗിയുടെ നില കൂടുതല്‍ വഷളാവാനും സാധ്യതയുണ്ട്.
മിക്ക മുങ്ങല്‍ അപകടങ്ങളും മുന്‍കരുതലുകള്‍ കൊണ്ട് ഒഴിവാക്കാന്‍ പറ്റുന്നവയാണ്. ജനങ്ങളില്‍ ശ്രദ്ധയും അവബോധവും ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ് ആദ്യത്തെ കാര്യം. കിണറിന്റെ കൈവരി കെട്ടുക, ലൈഫ് ജാക്കറ്റുകള്‍ ഉപയോഗിക്കുക തുടങ്ങിയ ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ അപകടങ്ങള്‍ തടയാനാകും. നീന്തല്‍ അറിയാവുന്ന ആളാണെങ്കില്‍ പോലും പരിചയമില്ലാത്ത വെള്ളത്തില്‍ ഇറങ്ങുന്നത് ഒഴിവാക്കുക. അടിയൊഴുക്ക്, ചുഴി പോലുള്ള അപകടങ്ങള്‍ ചിലപ്പോള്‍ നമ്മളറിയണമെന്നില്ല. കൂട്ടത്തില്‍ ജലാശയങ്ങളിലും മറ്റ് അവശ്യസ്ഥലങ്ങളിലും ലൈഫ് ഗാര്‍ഡുകളുടെയും മറ്റും സേവനം ഉറപ്പുവരുത്തുകയും ചെയ്യുക. രക്ഷിക്കാന്‍ വേണ്ടിഎടുത്തുചാടുന്നതു പലപ്പോഴും അപകടങ്ങളുടെ എണ്ണം കൂട്ടാനും കൂടുതല്‍ ജീവന് ആപത്താകാനും കാരണമാകാറുണ്ട്. കരയില്‍നിന്ന് കയര്‍, ലൈഫ് ജാക്കറ്റ് പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ചു രക്ഷിക്കാന്‍ ശ്രമിക്കുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."