മേഘാലയയില്‍ ബിജെപി മുന്നണി സര്‍ക്കാര്‍ അധികാരമേല്‍ക്കും
ഷില്ലോങ്: മേഘാലയയില്‍ ബിജെപി പിന്തുണയോടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി അധികാരമേല്‍ക്കും. മുന്‍ ലോക്സഭാ സ്പീക്കര്‍ പിഎ സാങ്മ സ്ഥാപിച്ച നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് കോണ്‍റാഡ് സാങ്മ സംസ്ഥാന മുഖ്യമന്ത്രിയായി ചെവ്വാഴ്ച്ച 10.30 നു സത്യപ്രതിജ്ഞ ചെയ്യും.
21 സീറ്റു നേടി തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന്റെ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇതോടെ തിരിച്ചടിയായി.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ ഗവര്‍ണറെ കണ്ടിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് തങ്ങള്‍ക്കാണ് അവകാശമെന്നും അതിനാലാണ് ഗവര്‍ണറെ കണ്ടതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് വ്യക്തമാക്കിയിരുന്നു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ എണ്ണം തികയ്ക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ രണ്ടു സീറ്റുമാത്രം നേടിയ ബിജെപി എന്‍പിപിയെയും മറ്റു രണ്ടു പാര്‍ട്ടികളെയും കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണറെ കണ്ട് അവകാശവാദമുന്നിയിക്കുകയായിരുന്നു. 17 സീറ്റാണ് എന്‍പിപിക്ക് ഉള്ളത്. ആറുസീറ്റു വീതമുള്ള യുഡിപിയും എച്ച് എസ്ഡിപിയും രണ്ടു സീറ്റുള്ള ബിജെപിയും ചേര്‍ന്നാണ് മുന്നണി രൂപീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."