പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: 22402 ക്ലാസ് മുറികള്‍ ഹൈടെക്കായി
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 22402 ക്ലാസ്മുറികള്‍ ഹൈടെക് ആക്കുന്ന നടപടിക്രമങ്ങള്‍ കൈറ്റ് (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍) പൂര്‍ത്തിയാക്കിയതായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
1564 സ്‌കൂളുകളില്‍ മുഴുവന്‍ ക്ലാസ്മുറികളിലും 1079 സ്‌കൂളുകളില്‍ പകുതിയിലധികം ക്ലാസ്മുറികളിലും ഹൈടെക് സംവിധാനമെത്തി. ഓരോ ക്ലാസ്മുറികളിലേക്കും ലാപ്‌ടോപ്പുകള്‍, മള്‍ട്ടിമീഡിയ പ്രൊജക്ടറുകള്‍, മൗണ്ടിങ് കിറ്റുകള്‍, സ്‌ക്രീനുകള്‍ തുടങ്ങിയവ ലഭ്യമാക്കിയിട്ടുണ്ട്. ഇന്‍സ്റ്റലേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലാസ്മുറിയൊന്നിന് 1000 രൂപ വീതവും, സ്‌ക്രീനിന് പകരം ഭിത്തി പെയിന്റ് ചെയ്യുന്നതിന് 1500 രൂപ വീതവും സ്‌കൂളുകള്‍ക്ക് അനുവദിക്കും.
45000 ക്ലാസ്മുറികള്‍ ഹൈടെക്കാക്കാനാണ് ലക്ഷ്യമിടുന്നത്. ഒന്നാംഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ക്ലാസ്മുറികള്‍ ഹൈടെക്കായ (2819) ജില്ല മലപ്പുറമാണ്. രണ്ടാമത് കോഴിക്കോടും (2502) മൂന്നാമത് എറണാകുളവുമാണ് (2085). രണ്ടാം ഘട്ടത്തില്‍ അടുത്ത 11000 ക്ലാസ്മുറികളിലേക്കുള്ള വിതരണവും ഈ മാസത്തില്‍ത്തന്നെ പൂര്‍ത്തിയാക്കുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. 33000 ക്ലാസ്മുറികള്‍ ഹൈടെക്കാക്കുന്ന പ്രക്രിയ മാര്‍ച്ചോടെ പൂര്‍ത്തിയാകും. അടുത്ത അധ്യയനവര്‍ഷം തുടങ്ങുന്നതിന് മുമ്പ് സംസ്ഥാനത്തെ എട്ട് മുതല്‍ 12 വരെ ക്ലാസുകളുള്ള സര്‍ക്കാര്‍, എയിഡഡ് മേഖലകളിലുള്ള സ്‌കൂളുകളിലേയും ക്ലാസ്മുറികള്‍ ഹൈടെക്കാകും.
ഹൈടെക് ക്ലാസ്മുറികളില്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള 'സമഗ്ര' റിസോഴ്‌സ് പോര്‍ട്ടല്‍ തയാറായിക്കഴിഞ്ഞു. സമഗ്ര ഉപയോഗിച്ച് ഹൈടെക് ക്ലാസ്മുറികളില്‍ പഠിപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലനം ഈ അവധിക്കാലത്ത് മുഴുവന്‍ അധ്യാപകര്‍ക്കും നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്നും എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."