ആയയുടെ കൊലപാതകം: ഭര്‍ത്താവും മകനും അറസ്റ്റില്‍
തൊടുപുഴ: മൂന്നാര്‍ ഗുണ്ടുമല എസ്റ്റേറ്റ് ബേബി കെയറിലെ ആയ രാജഗുരുവിന്റെ കൊലപാതകത്തില്‍ ഭര്‍ത്താവും ഇളയ മകനും അറസ്റ്റില്‍. ഗുണ്ടുമല എസ്റ്റേറ്റ് ലയത്തില്‍ മണികുമാറും(48), ഇളയ മകന് പതിനെട്ടു വയസുള്ള രാജ്കുമാറുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
2017 ഫെബ്രുവരി 14 ഉച്ചക്ക് ഒരു മണിയോടെയാണ് കൊലപാതകം നടന്നത്. ബേബി കെയറില്‍ ആയിരുന്ന മാതാവ് രാജഗുരുവിനെ വാക്കത്തിയുമായി എത്തി മകന് രാജ്കുമാര് വെട്ടി കൊലപ്പെടുത്തുകയായിരുന്നെന്ന് ഇടുക്കി ജില്ലാ പൊലിസ് മേധാവി കെ.ബി വേണുഗോപാല്‍ പറഞ്ഞു. കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിക്കുന്ന ശീലം പതിവാക്കിയ രാജ്കുമാര് ദുര്നടത്തക്കാരനും ആയിരുന്നു. ഈ നടപടികള്‍ എതിര്‍ത്തതാണ് മാതാവിനെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്ന് പ്രതി രാജ്കുമാര് പൊലിസിനോട് പറഞ്ഞു.
മോഷ്ടിച്ച സ്വര്‍ണവും കൊലയ്ക്കുപയോഗിച്ച ആയുധവും ഒളിപ്പിക്കുകയും കൊല നടത്തിയ മകനെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയെന്നുമാണ് പിതാവ് മണികുമാറിനെതിരേയുള്ള കുറ്റം.
ആദ്യഘട്ടത്തില്‍ അന്യ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇതില്‍ കാര്യമായ ഫലമുണ്ടായില്ല. തുടര്‍ന്ന് ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
മൂന്നാര്‍ ഡിവൈ.എസ്.പി എസ് അഭിലാഷ്. എസ്.ഐ സാം ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. ഇടക്ക് ഇവരെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്താറുണ്ടായിരുന്നെന്നും കടന്നു കളയാതെ രഹസ്യ നിരീക്ഷണം മാസങ്ങളായി തുടരുകയായിരുന്നെന്നും ജില്ലാ പൊലിസ് മേധാവി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."