പി.എസ്.ജി- റയല്‍ മാഡ്രിഡ് ക്ലാസ്സിക് രണ്ടാം ഭാഗം ഇന്ന്
പാരിസ്: യുവേഫ ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിലെ രണ്ടാം പാദ മത്സരത്തിന് ഇന്ന് തുടക്കം. ഇന്ന് നടക്കുന്ന പോരാട്ടങ്ങളില്‍ പാരിസ് സെന്റ് ജെര്മെയ്ന്- റയല്‍ മാഡ്രിഡ് ക്ലാസ്സിക് പാരിസില്‍ അരങ്ങേറുമ്പോള്‍ ലിവര്‍പൂള്‍ സ്വന്തം തട്ടകത്തില്‍ പോര്‍ട്ടോയെ നേരിടാനിറങ്ങും.
ആദ്യ പാദത്തില്‍ റയലിന്റെ തട്ടകത്തില്‍ 3-1ന് പരാജയപ്പെട്ടാണ് പി.എസ്.ജി സ്വന്തം മണ്ണില്‍ കളിക്കാനിറങ്ങുന്നത്. കോടികള്‍ മുടക്കി ചാംപ്യന്‍സ് ലീഗ് കിരീടം പിടിക്കാനായി നെയ്മറിനെ ബാഴ്സലോണയില്‍ നിന്നെത്തിച്ച പി.എസ്.ജി ആ സ്വപ്നം പൊലിഞ്ഞ അവസ്ഥയാണിപ്പോള്‍. പരുക്കേറ്റ് നെയ്മര്‍ ബ്രസീലിലേക്ക് മടങ്ങിയതിനാല്‍ സൂപ്പര്‍ താരത്തിന്റെ അഭാവത്തിലാണ് അവര്‍ നിര്‍ണായക പോരിനിറങ്ങുന്നത്. ആകെയുള്ള ആശ്വാസം ആദ്യ പാദത്തില്‍ റയലിന്റെ തട്ടകത്തില്‍ നേടിയ ഒരു എവേ ഗോളിന്റെ ബലമാണ്. പി.എസ്.ജിയുടെ വെല്ലുവിളി അവസാനിപ്പിച്ച് അവസാന എട്ടിലേക്ക് സുരക്ഷിതമായി കടക്കുകയാണ് സിനദിന്‍ സിദാനും സംഘവും ലക്ഷ്യമിടുന്നത്. മികച്ച ഫോമില്‍ നില്ക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവിലാണ് റയലിന്റെ പ്രതീക്ഷ.
ആദ്യ പാദ പോരാട്ടത്തില്‍ പോര്‍ട്ടോയെ അവരുടെ തട്ടകത്തില്‍ 5-0ത്തിന് തകര്‍ത്തതിന്റെ വന്‍ കരുത്തില്‍ വേവലാതികളില്ലാതെയാണ് ലിവര്‍പൂള്‍ ഇറങ്ങുന്നത്. ഇന്നത്തെ മത്സരത്തില്‍ സമനില പിടിച്ചാലും അവര്‍ക്ക് ക്വാര്‍ട്ടറിലേക്ക് കടക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."