പഠനയാത്രക്കിടെ മദ്യം വാങ്ങിയ സംഭവം: അധ്യാപകരെ മാതൃകാപരമായി ശിക്ഷിക്കണം
കോടഞ്ചേരി: ചെമ്പ്കടവ് ഗവ. എല്‍.പി സ്‌കൂളിലെ കുട്ടികളുമായി പഠനയാത്ര പോയ അധ്യാപകര്‍ കുട്ടികളെ ഉപയോഗപ്പെടുത്തി മദ്യം കടത്തിയ നടപടി വളരെ ദൗര്‍ഭാഗ്യകരവും നീതികരിക്കാന്‍ പറ്റാത്തതുമാണ്.
പിഞ്ചു കുട്ടികള്‍ക്ക് മാതൃകയാകേണ്ടവര്‍ തന്നെ തെറ്റായ പാതയിലേക്ക് നയിക്കുന്നത് വളരെ അപകടകരമായ പ്രവണതയാണ്. ഇതിന് നേതൃത്വം കൊടുത്ത അധ്യാപകരെ സര്‍വിസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നും പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. തക്കതായ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് അബ്ദുല്‍കഹാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മണ്ഡലം സെക്രട്ടറി ഇബ്രാഹിം തട്ടൂര്‍, അബൂബക്കര്‍ മൗലവി, കെ.എം ബഷീര്‍ ഷഫീഖ് ചെമ്പ് കടവ് എം.എം കുഞ്ഞമ്മദ്, ഹംസ തേക്കില്‍ യൂസഫ് റഫീഖ് വടക്കെകര, സാജിസ് എം.എം സംസാരിച്ചു.
തിരുവമ്പാടി: ചെമ്പുകടവ് ഗവ.യു.പി സ്‌കൂളില്‍ നിന്ന് പഠന യാത്രക്കെന്ന് പറഞ്ഞ് കൊണ്ട് പോയ മക്കളെ വണ്ടിയില്‍ ഇരുത്തി സ്‌കൂള്‍ അധികൃതരും മറ്റും മദ്യം വാങ്ങി പിടിക്കപ്പെട്ട സംഭവം ലജ്ജാകരമെന്ന് സമസ്ത നേതാക്കള്‍.ധാര്‍മികത പഠിപ്പിക്കുന്ന വിദ്യാലയത്തില്‍ നിന്നുണ്ടായ സംഭവം ശരിയെങ്കില്‍ ആരോപണ വിധേയരെ സസ്‌പെന്‍ഡ് ചെയ്യണം. പഴുതടച്ചുള്ള അന്വേഷണവും നടക്കണം.നേതാക്കള്‍ സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി.
സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, എസ്.കെ.ജെ.എം. ജില്ലാ ജനറല്‍ സെക്രട്ടറി ഹസൈനാര്‍ ഫൈസി, എസ്.കെ.എസ്.എസ്.എഫ്.ജില്ലാ ജനറല്‍ സെക്രട്ടറി ഒ.പി.അശ്‌റഫ് എന്നിവരാണ് സംയുക്ത പ്രസ്താവന ഇറക്കിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."