യാചകര്‍ക്കുവേണ്ടി ഒരു വക്കാലത്ത്
അട്ടപ്പാടിയില്‍ മധുവെന്ന ആദിവാസിയെ അടിച്ചുകൊല്ലുന്നതിനുള്ള പ്രത്യക്ഷ കാരണമെന്തായിരിക്കാം. മുഷിഞ്ഞു നാറിയ വേഷമായിരുന്നു അയാളുടേത്, അയാളുടെ ഭാവം പരവശമായിരുന്നു. തെണ്ടിത്തിരിഞ്ഞു നടക്കുന്നയാളാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകും. ഇതല്ലാതെ മറ്റൊരു കാരണവുമില്ല.
ഒരു നേരത്തെ ആഹാരത്തിനും ഒന്നോ രണ്ടോ ചില്ലിക്കാശിനും വേണ്ടി നമ്മുടെ നേരേ കൈനീട്ടുന്ന നിരവധി പേരുണ്ട്. മധുവിനെപ്പോലെയുള്ളവര്‍, യാചകര്‍... അവരോടുള്ള സമൂഹത്തിന്റെ നിന്ദ പലപ്പോഴും ആട്ടും തുപ്പും തെറിവാക്കുകളുമായാണ് ആവിഷ്‌കരിക്കപ്പെടുന്നത്. സംസ്‌കൃതസമ്പന്നമായ നമ്മുടെ ജീവിതത്തില്‍നിന്നു മുഷിഞ്ഞവസ്ത്രം ധരിച്ച, അറപ്പും വെറുപ്പുമുളവാക്കുന്ന കോലത്തില്‍ പ്രത്യക്ഷപ്പെടുന്ന, നമ്മുടെ സുവദനസുന്ദര ജീവിതത്തെ അലോസരപ്പെടുത്തുന്ന പ്രാകൃതരെ നാം ആട്ടിയിറക്കുന്നു. വല്ലപ്പോഴും വല്ലതും കൊടുക്കുന്നതു തന്നെ സൊല്ലയൊഴിവാക്കാനാണ്.
നേരുപറഞ്ഞാല്‍ ഒരു പടികൂടി മുന്നോട്ടു നടക്കുക മാത്രമല്ലേ അട്ടപ്പാടിയില്‍ മധുവിനെ കൊലപ്പെടുത്തിയവരും ചെയ്തുള്ളൂ. നമ്മുടെ യാചകനിന്ദ ആട്ടിലും തുപ്പിലുമൊതുങ്ങുന്നു; അട്ടപ്പാടിയിലെ ധീരവീരശൂരപരാക്രമികള്‍ ശരീരത്തില്‍ കൈവച്ചു; പാവം മധു മരിച്ചുപോയി.
നാം എത്ര പേരെ ദിവസവും കൊല്ലാക്കൊല ചെയ്യുന്നു. അതിനാല്‍ ഫേസ്ബുക്കില്‍ കയറി അക്രമികളെ അട്ടപ്പാടിയിലെ കാപാലികരെന്നു വിളിച്ചുപറയാന്‍ വരട്ടെ. നമ്മളും മധുവിന്റെ ഘാതകരും തമ്മില്‍ മനോഘടനയില്‍ ഒരു വ്യത്യാസവുമില്ല.
അട്ടപ്പാടി സംഭവം കേരളത്തിന്റെ പ്രബുദ്ധ പാരമ്പര്യത്തിനേറ്റ അപമാനമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സമാനസംഭവങ്ങള്‍ ചൂണ്ടിക്കാട്ടി കേരളീയര്‍ എങ്ങോട്ടാണു നിപതിക്കുന്നതെന്ന് ആശങ്കപ്പെടുന്നവരും ധാരാളം. വാസ്തവത്തില്‍, ഈ ആശങ്കകള്‍ക്കും സ്വയംനിന്ദയ്ക്കുമെല്ലാം വളരെയപ്പുറത്താണു കാര്യങ്ങള്‍. സംശയമുണ്ടെങ്കില്‍ നാട്ടിലുടനീളം വഴിയോരങ്ങളില്‍ നമ്മെ നോക്കി പല്ലിളിക്കുന്ന യാചകനിരോധന ബോര്‍ഡുകളിലേയ്‌ക്കൊന്നു നോക്കിയാല്‍ മതി.
യാചകര്‍ നാടിന് ആപത്തെന്നാണ് ഈ ബോര്‍ഡുകളില്‍ മിക്കവയുടെയും മുഴുത്ത തലക്കെട്ട്. എന്നിട്ട്, യാചകരുടെ നേരെയൊരു നീണ്ട കുറ്റപത്രം-അവര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നു, വീട്ടില്‍ക്കയറി മോഷണം നടത്തുന്നു, വീട്ടമ്മമാരെ ബലാത്സംഗം ചെയ്യുന്നു, വീടും പരിസരവും വൃത്തികേടാക്കുന്നു, തഞ്ചം കിട്ടിയാല്‍ കൊലപ്പെടുത്തുന്നു.
സമൂഹം ഭയപ്പെടേണ്ട ഏറ്റവും അപകടകാരികളാണു ഭിക്ഷാടനക്കാരെന്നു പൊതുജനത്തെ ബോധ്യപ്പെടുത്തുന്ന ഇത്തരം ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചു വയ്ക്കുന്നതിനു കക്ഷി-രാഷ്ട്രീയഭേദമില്ല. കോണ്‍ഗ്രസും കമ്യൂണിസ്റ്റും ലീഗും ബി.ജെ.പിയും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. സാംസ്‌കാരികപ്രസ്ഥാനങ്ങളും മതസംഘടനകളും ഈ പ്രചാരണത്തോടു കൈ കോര്‍ക്കുന്നു.
റസിഡന്‍സ് അസോസിയേഷനുകളുടെ പ്രധാന അജന്‍ഡകളിലൊന്നു തങ്ങളുടെ പ്രദേശം യാചകവിമുക്ത മേഖലയാക്കുകയെന്നതാണത്രേ. തങ്ങളുടെ പ്രവര്‍ത്തനപരിധിയില്‍പ്പെട്ട പ്രദേശങ്ങള്‍ യാചനാനിരോധിതമേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള സ്റ്റിക്കറുകള്‍ വീടുകളില്‍ ഒട്ടിക്കുന്ന റസിഡന്‍സ് അസോസിയേഷനുകളുണ്ട്. ഭിക്ഷാടനക്കാര്‍ക്ക് അങ്ങോട്ടു പ്രവേശിച്ചുകൂട.
യാചകരെ നേരിടാന്‍ നിതാന്തജാഗ്രതയോടെ കണ്ണിലെണ്ണയൊഴിച്ചു കാത്തുനില്‍ക്കുകയാണു മലയാളികളുടെ 'ഖാപ് ' പഞ്ചായത്തുകള്‍. നിയമം അവരുടെ കൈയിലാണ്. എല്ലാംകൂടി കാണുമ്പോള്‍ ഒരുകാര്യം ഉറപ്പാണ്. നമ്മുടെ നാട്ടിലെ ഇന്നത്തെ ഏറ്റവും വലിയ കുറ്റകൃത്യം ഭിക്ഷാടനമാണ്. എന്തു വില കൊടുത്തും നമ്മുടെ കണ്‍വെട്ടത്തുനിന്ന് അതു തുടച്ചുമാറ്റിയേ പറ്റൂ.
ഇങ്ങനെയായിരുന്നോ പണ്ട് നമ്മുടെ നാട്. തെണ്ടിത്തിരിഞ്ഞു നടക്കുന്നവര്‍ക്ക് അഭയം നല്‍കുന്ന മഹത്തായ പാരമ്പര്യമായിരുന്നു നമ്മുടേത് എന്നാണെന്റെ ഓര്‍മ. 'ധര്‍മക്കാരന്‍' എന്നൊരു വാക്കുതന്നെയുണ്ട് മലയാളത്തില്‍. പഴനിക്കു പോകുന്നവരും മറ്റും ധര്‍മം ചോദിച്ചു വീടുവീടാന്തരം കയറുന്നത് ഈ പാരമ്പര്യത്തിന്റെ ഭാഗമായാണ്. സദഖ ചോദിച്ചെത്തുന്ന ഖലീഫമാരും നേര്‍ച്ചപ്പണം പിരിക്കാനെത്തുന്ന മുസ്‌ലിയാക്കളും മുസ്‌ലിം സാമൂഹികജീവിതത്തിന്റെ അവിഭാജ്യഘടകമായിരുന്നു.
ഊരുചുറ്റുന്ന മുസാഫിറുകള്‍ മിക്കവാറും സന്ധ്യാനേരങ്ങളില്‍ പള്ളികളിലെത്തിച്ചേരും. അവരെ വീട്ടില്‍ക്കൊണ്ടുപോയി സല്‍ക്കരിച്ച് അന്തിയുറങ്ങാനിടം കൊടുക്കുന്നതു നാട്ടുസംസ്‌കൃതിയുടെ ഭാഗമായിരുന്നു. ക്ഷേത്രങ്ങളോടനുബന്ധിച്ച് ഊട്ടുപുരകളും ധര്‍മശാലകളുണ്ടാവുന്നതും അങ്ങനെത്തന്നെ.
ഈ പാരമ്പര്യത്തിന് ഏതായാലും ഭിക്ഷാടനക്കാര്‍ ഒരിക്കലും കണ്ണിലെ കരടല്ല. ദാനധര്‍മങ്ങള്‍ പുണ്യമായി മാത്രമേ നമ്മുടെ പൊതുബോധം പണ്ടു കരുതിയിട്ടുള്ളൂ. പിന്നെയെങ്ങനെയാണു യാചകര്‍ നാടിനാപത്താണെന്ന മനോനിലയിലേയ്ക്കു നാം 'വളര്‍ന്നത്.' മുഷിഞ്ഞവസ്ത്രത്തിന്റെയും ആഹാരത്തോടുള്ള ആര്‍ത്തിയുടെയും പേരില്‍ മധുവിനെ നാം തല്ലിക്കൊന്നതെന്തിന്.
ഭിക്ഷാടനം നടത്തുന്നവരെ ജനശത്രുക്കളായി കണക്കാക്കുന്നതിനോട് ഒരു മതവും യോജിക്കുമെന്നു തോന്നുന്നില്ല. പിച്ചയെടുത്തു ജീവിക്കുന്നത് മതാനുഷ്ഠാനം പോലുമാണു ഹിന്ദു ദര്‍ശനത്തില്‍. ദയയുടെ മൂര്‍ത്തീമദ്ഭാവമാണല്ലോ രന്തിദേവന്‍. ചോദിക്കുന്നവര്‍ക്കെല്ലാം എന്തും എടുത്തു കൊടുക്കും. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്ന ക്രിസ്തീയ പരികല്‍പ്പനയില്‍ യാചകരും പെടുന്നു. സിഖ് മതത്തില്‍ വിശന്നെത്തുന്നവര്‍ക്കു ഭക്ഷണം നല്‍കാനുള്ള പൊതുമെസ്സാണു ഗുരുദ്വാരകളോടനുബന്ധിച്ചുള്ള ലംഗാറുകള്‍.
ഖുര്‍ആന്‍ 93ാം അധ്യായത്തില്‍ അര്‍ഥശങ്കക്കിടയില്ലാതെ ഇങ്ങനെ അനുശാസിക്കുന്നു-'ചോദിച്ചു വരുന്നവനെ വിരട്ടിയോടിക്കരുത്.' അനാഥനായി കണ്ടപ്പോള്‍ അല്ലാഹു നിനക്ക് അഭയമേകിയില്ലേ എന്ന മുഹമ്മദ് നബി (സ)യോടുള്ള ദൈവികമായ ചോദ്യത്തിന്റെ തുടര്‍ച്ചയാണ് ഈ ശാസന.
എന്നിട്ടും ദാനധര്‍മങ്ങളെ അപ്പാടെ നിരാകരിക്കുന്ന തരത്തില്‍ ഇത്തരക്കാരെ ജീവിതത്തില്‍നിന്നുതന്നെ പുറന്തള്ളണമെന്നു പറയുന്നതിന്റെ യുക്തി മനുഷ്യത്വരഹിതമാണ്. എന്തുകൊണ്ട് ഈ മനുഷ്യത്വമില്ലായ്മ മതപണ്ഡിതരും സമുദായനേതാക്കളും പുരോഹിതന്മാരും കാണുന്നില്ല. ഒരു സംഘടനയെയും റസിഡന്‍സ് അസോസിയേഷനെയും അവര്‍ എന്തുകൊണ്ടു യാചനാവിലക്കിന്റെ പേരില്‍ ഉപദേശിക്കുന്നുമില്ല.
യാചന ഇന്ത്യയില്‍ കുറ്റമായി ഗണിക്കപ്പെട്ടതു കൊളോണിയല്‍ അധിനിവേശത്തോടെയാണ്. പാവപ്പെട്ടവരെ ഇരകളാക്കി വേര്‍തിരിച്ചുനിര്‍ത്തുന്ന നിരവധി കാടന്‍നിയമങ്ങള്‍ ഇന്ത്യയിലുണ്ട്. അതില്‍ ഏറ്റവും നീതിരഹിതം യാചന കുറ്റകൃത്യമായി കണക്കാക്കുന്ന നിയമമാണ്. ഈ നിയമമനുസരിച്ചു ഭിക്ഷാടനം ഒരു കൊല്ലം മുതല്‍ പത്തു കൊല്ലംവരെ തടവറയില്‍ പാര്‍പ്പിക്കാവുന്ന കുറ്റകൃത്യമാണ്. പിടിയിലാവുന്നവരെ അഗതിമന്ദിരങ്ങളിലാണു പാര്‍പ്പിക്കുന്നത്. ജയിലുകളേക്കാള്‍ മോശമാണ് അഗതിമന്ദിരങ്ങള്‍.
ഡല്‍ഹിയിലും ചെന്നൈയിലുമുള്ള ഇത്തരം അഗതിമന്ദിരങ്ങള്‍ സന്ദര്‍ശിച്ച ശേഷം യാചന കുറ്റകൃത്യമായി കണക്കാക്കുന്ന നിയമങ്ങള്‍ അവസാനിപ്പിക്കണമെന്നു പ്രശസ്ത മനുഷ്യാവകാശപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹര്‍ഷ്മാന്ദര്‍ എഴുതിയിട്ടുണ്ട്. ബ്രിട്ടീഷുകാരുണ്ടാക്കിയ ഈ നിയമത്തിന്റെ ഫലമായി നിരവധി പേരാണ് ഇന്ന് ബെഗ്ഗേഴ്‌സ് ഹോമുകളില്‍ കിടന്നു നരകിക്കുന്നത്. യാചകരെ കണ്‍വെട്ടത്തുനിന്നു മാറ്റി ദുരിതമയമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന അഗതിമന്ദിരങ്ങളില്‍ അടച്ചിടണമെന്ന കരാളനിയമം തന്നെയാണു യാചനക്ക് വിലക്കേര്‍പ്പെടുത്തുന്ന നമ്മളും മറ്റൊരര്‍ഥത്തില്‍ നടപ്പിലാക്കുന്നത്.
യാചകരുടെ കൂട്ടത്തില്‍ മോഷ്ടാക്കളുണ്ടാവാം, തിരുട്ടു ഗ്രാമത്തില്‍നിന്നു വരുന്നവരുണ്ടാവാം, അവര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുണ്ടാവാം. സമ്മതിച്ചു. എന്നാല്‍, ഒരു നേരത്തെ ആഹാരത്തിനു കൈനീട്ടുന്ന എല്ലാവരും അങ്ങനെയല്ലല്ലോ.
നേര്‍വഴിയിലൂടെയല്ലാതെ സഞ്ചരിക്കുന്ന ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും കോളജധ്യാപകരും പത്രപ്രവര്‍ത്തകരുമൊക്കെയില്ലേ നമുക്കിടയില്‍. നാം അവരുടെ സമൂഹത്തെ മുഴുവനും എഴുതിത്തള്ളുന്നുണ്ടോ. കൈക്കൂലി വാങ്ങുന്ന എം.എല്‍.എ ഉണ്ടെന്നുവച്ച് എല്ലാ നിയമസഭാസാമാജികരും അഴിമതിക്കാരാണെന്നു പറഞ്ഞു രാഷ്ട്രീയത്തെ തന്നെ പടികടത്തുന്നതു ശരിയാണോ. അത്രയേ ഭിക്ഷാടനത്തെപ്പറ്റിയും പറയേണ്ടതുള്ളൂ.
ഭിക്ഷാടനമാഫിയ എന്നൊക്കെ പറയുന്നതു തീര്‍ച്ചയായും നേരത്തെപ്പറഞ്ഞ മനോരോഗത്തിന്റെ മറ്റൊരുതരം ആവിഷ്‌കാരമാണ്. അട്ടപ്പാടിയിലെ മധുവിനുവേണ്ടി രോഷാകുലരാവുന്നവര്‍ തങ്ങളുടെ കൈകളിലും കഠാരയുണ്ടെന്നും തഞ്ചംകിട്ടിയാല്‍ അധഃസ്ഥിതന്റെ നെഞ്ചില്‍ തങ്ങളും അതമര്‍ത്തുമെന്നും സമ്മതിച്ചുകൊടുക്കണം. അല്ലെന്നുണ്ടെങ്കില്‍ തങ്ങളുടെ ദേശങ്ങളില്‍ കൊണ്ടുവച്ചിട്ടുള്ള യാചനാവിരുദ്ധ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ അവര്‍ തല്ലിത്തകര്‍ത്തു വരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."