അധികാരമേറ്റയുടന്‍ മേഘാലയ സര്‍ക്കാരില്‍ അസ്വസ്ഥത
ഷില്ലോങ്: നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് കോണ്‍റാഡ് സാങ്മ മേഘാലയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 40 വയസുകാരനായ അദ്ദേഹം സംസ്ഥാനത്തിന്റെ 12ാമത്തെ മുഖ്യമന്ത്രിയാണ്.
എന്‍.പി.പിയെ കൂടാതെ ബി.ജെ.പി ഉള്‍പ്പെടെ അഞ്ച് പാര്‍ട്ടികളുടെ മുന്നണിയാണ് അധികാരത്തില്‍ വന്നത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ സംബന്ധിച്ചു.
അഞ്ച് പാര്‍ട്ടികളുടെ മുന്നണി നയിക്കുന്ന സര്‍ക്കാറിനെ മുന്നോട്ടുനയിക്കുന്നത് എളുപ്പമല്ലെന്ന് സത്യപ്രതിജ്ഞക്കുശേഷം അദ്ദേഹം വ്യക്തമാക്കിയതിനുപിന്നാലെ മുന്നണിയില്‍ അസ്വാരസ്യവും തലപൊക്കി. കോണ്‍റാഡിനെ മുഖ്യമന്ത്രിയാക്കിയത് മുന്നണിയില്‍ ആലോചിക്കാതെയാണെന്ന വിമര്‍ശനവുമായി ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി രംഗത്തെത്തിയത് പുതിയ സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്.
എന്നാല്‍ വിവാദം ചൂണ്ടിക്കാണിച്ചപ്പോല്‍ ജനാധിപത്യ നടപടി ക്രമങ്ങളില്‍ ഓരോരുത്തര്‍ക്കും അവരവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അനുവാദമുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
19 സീറ്റുകളാണ് എന്‍.പി.പിക്ക് ലഭിച്ചത്. യു.ഡി.പിയുടെ ആറ് അംഗങ്ങളും പി.ഡി.എഫിന്റെ നാല് അംഗങ്ങളും രണ്ട് അംഗങ്ങള്‍ വീതമുള്ള എച്ച്.എസ്.പി.ഡി.പി, ബി.ജെ.പി എന്നിവര്‍ ചേര്‍ന്നാണ് അധികാരം പിടിച്ചെടുത്തത്.
അതേസമയം പ്രാദേശിക പാര്‍ട്ടികള്‍ക്ക് ഭരിക്കാന്‍ ഭൂരിപക്ഷമുള്ളപ്പോള്‍ എന്തുകൊണ്ട് ബി.ജെ.പിയെ മുന്നണിയിലെടുത്തുവെന്ന് എച്ച്.എസ്.പി.ഡി.പി ചോദിക്കുന്നു. മുന്നണിയില്‍ ബി.ജെ.പി അനാവശ്യമാണെന്നും അവര്‍ പറയുന്നു. കോണ്‍റാഡ് സാങ്മക്കു പകരം എന്‍.പി.പിയുടെ മുതിര്‍ന്ന നേതാവ് പ്രസ്റ്റോണ്‍ ടിന്‍സോങിനെയായിരുന്നു മുഖ്യമന്ത്രിയാക്കേണ്ടിയിരുന്നതെന്നും എച്ച്.എസ്.പി.ഡി.പി അധ്യക്ഷന്‍ ബസെയ് അവാമോയിത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."