സഊദി അറേബ്യ എയര്‍ ഇന്ത്യക്ക് വ്യോമപാത തുറന്നുനല്‍കുമെന്ന് നെതന്യാഹു
റിയാദ്: ഇസ്റാഈലിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് സഊദി വ്യോമ പാത തുറന്ന് നല്‍കുമെന്ന് ഇസ്റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു. വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ സഊദി വ്യോമ പാതയിലൂടെ എയര്‍ ഇന്ത്യ ഇസ്റാഈലിലേക്ക് പറക്കുമെന്നും ഇതിനുള്ള ഷെഡ്യൂള്‍ തയാറായി വരുന്നതായും അദ്ദേഹം പറഞ്ഞു. ഇതേ ആവശ്യത്തില്‍ സഊദിയും എയര്‍ ഇന്ത്യയും കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു.
എന്നാല്‍, പുതിയ പ്രസ്താവനയെ കുറിച്ച് സഊദി അധികൃതര്‍ ഇത് വരെ ഒന്നും വ്യക്തമാക്കിയിട്ടില്ല. നേരത്തെ കഴിഞ്ഞ മാസം എട്ടിന് ഇത് സംബന്ധിച്ച ഇസ്റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, തൊട്ടടുത്ത ദിവസം തന്നെ സഊദി സിവില്‍ ഏവിയേഷന്‍ ഇക്കാര്യം നിഷേധിച്ച് പ്രസ്താവന ഇറക്കുകയായിരുന്നു.
നിലവില്‍ മുംബൈയില്‍ നിന്ന് ഇസ്റാഈല്‍ വിമാനമായ ഇല് അല്‍ മാത്രമാണ് ഇസ്റാഈലിലേക്ക് നേരിട്ട് സര്‍വിസ് നടത്തുന്നത്.
ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്റാഈലിനെ അംഗീകരിക്കാത്തതിനാല്‍ അവരുടെ ആകാശ പാതകള്‍ ഒഴിവാക്കി വളരെ ദൂരം ചുറ്റിയാണ് സര്‍വിസ് നടത്തുന്നത്. എത്യോപ്യ വഴിയുള്ള തെക്കന്‍ വ്യോമ പാതയാണ് നിലവില്‍ ഇന്ത്യ ഇസ്റാഈല്‍ യാത്രക്ക് ഉപയോഗിക്കുന്നത്. അതേസമയം, ഇസ്റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു നടത്തിയ പ്രസ്താവനയെ കുറിച്ച് തങ്ങള്‍ക്ക് യാതൊരു അറിവുമില്ലെന്ന് ന്യൂ ഡല്‍ഹിയിലെ എയര്‍ ഇന്ത്യ വക്താവ് പ്രവീണ്‍ ഭട്ട്നഗര്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."