ലൈറ്റ് മെട്രോ പദ്ധതി: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഇ ശ്രീധരന്‍
കൊച്ചി: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുന്നതില്‍ കേരള സര്‍ക്കാര്‍ വീഴ്ച്ച വരുത്തിയതായി ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍.
സംസ്ഥാനത്തെ ലൈറ്റ് മെട്രോകള്‍ പ്രാരംഭ പ്രവൃത്തികള്‍ പോലും തുടരാതെ അനിശ്ചിതമായി നീട്ടിയത് വഴി ഡി.എം.ആര്‍.സിക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടായതായി ഇ. ശ്രീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2014ന് ലൈറ്റ് മെട്രോ നിര്‍മ്മാണം ഡി.എം.ആര്‍.സി ഏറ്റെടുക്കണമെന്ന് കാണിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍ അത് കഴിഞ്ഞ് പല തവണ ഓര്‍മ്മിപ്പിച്ചിട്ടും ഒരു നടപടിയുമുണ്ടായില്ല. എല്ലാ മാസവും 16 ലക്ഷത്തോളം ചിലവഴിച്ച് രണ്ട് ഓഫീസുകള്‍ പ്രവര്‍ത്തിച്ചുവരികയാണ്.
ജോലികള്‍ നടക്കാതെ പ്രതിമാസം തുക ചെലവഴിക്കാനാകില്ല. ഇങ്ങനെയാണെങ്കില്‍ പദ്ധതിയില്‍നിന്ന് പിന്‍മാറുകയാണെന്ന് കാണിച്ച് ജനുവരി 24ന് ഒരു നോട്ടിസ് നല്‍കി. മുഖ്യമന്ത്രിയെ കാണാന്‍ സമയം ചോദിച്ചെങ്കിലും കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയില്‍ നിന്ന് വിഷമത്തോടെ പിന്മാറുകയാണ്. എന്നാല്‍ സര്‍ക്കാറിനോട് പരിഭവമില്ല. മാര്‍ച്ച് 15 ഓടെ ഓഫിസുകള്‍ പൂട്ടും. ജീവനക്കാരെ സ്ഥലം മാറ്റി. ഡെപ്യൂട്ടേഷനില്‍ വന്ന ജീവനക്കാരെ തിരികെ അയച്ചുകൊണ്ടിരിക്കുയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."