ചോളകൃഷിയില്‍ നൂറുമേനിയുമായി ജോസ്
നീലേശ്വരം : തമിഴ്നാടിന്റെ കുത്തകയായിരുന്ന ചോളം കൃഷി കാസര്‍കോട് കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ കാരിമൂല വയലിലേക്കു പറിച്ചു നട്ടിരിക്കുകയാണ് വി.ജെ.ജോസ് വാഴംപ്ലാക്കല്‍. നീലേശ്വരം പാലാത്തടത്തെ മാസ് വുഡ് ഇന്‍ഡസ്ട്രീസ് ഉടമയായ ജോസ് തന്റെ താമസ സ്ഥലത്ത് 60 സെന്റ് പാറ പ്രദേശം മണ്ണിട്ടു നികത്തി വിവിധ കാര്ഷികോല്പന്നങ്ങള് വിളയിച്ചതിനു തൊട്ടു പിന്നാലെയാണു ചോളം കൃഷി പരീക്ഷിച്ചത്. കാരിമൂലയിലെ 40 സെന്റ് വയലില്‍ രണ്ടായിരത്തോളം വരുന്ന ചോളത്തൈകളില് നിന്നു വിളവെടുപ്പു തുടങ്ങി. 15 മുതല്‍ 20 ക്വിന്റല്‍ വരെയാണ് വിളവു പ്രതീക്ഷിക്കുന്നത്. വയലില്‍ ചാണകം അടിവളമായി ഇട്ട് കമ്പത്തു നിന്ന് എത്തിച്ച 20 കിലോ ചോളവിത്ത് വിതച്ചു. വിപണിയില്‍ കിലോയ്ക്ക് 30 രൂപ ചോളത്തിന് ലഭിക്കുമെന്ന് ഇദ്ദേഹം പറയുന്നു. നാടന്‍ മക്കാച്ചോളത്തിനാകട്ടെ ആവശ്യക്കാര്‍ ഏറെയാണ്. ചോളച്ചെടിയുടെ ഇലയും തണ്ടും കാലിത്തീറ്റയായി ഉപയോഗിച്ചാല്‍ പാലിന്റെ അളവും കൊഴുപ്പും കൂടുമെന്നതിനാല്‍ ഇതിനും ആവശ്യക്കാരുണ്ട്. ആദ്യ വിള വിജയിച്ചാല്‍ ചോളം കൃഷി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."