കൗതുകമായി ചക്ലിയ കോളനിയിലെ പക്ഷിസങ്കേതം
നീലേശ്വരം: കാസര്‍കോട് കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ചായ്യോം ചക്ലിയ കോളനി സന്ധ്യ മയങ്ങിയാല്‍ ചെറിയൊരു പക്ഷിസങ്കേതം തന്നെയാണ്. കോളനിയിലെ മരങ്ങളുടെ ചില്ലയിലാണ് ചെറുതും വലുതുമായ ആയിരക്കണക്കിനു കിളികള്‍ ഒരേസമയം ചേക്കേറുന്നത്. എണ്ണിയാല്‍ ഒടുങ്ങാത്ത കിളിക്കൂട്ടം കോളനിയിലെ ഇരുപത്തഞ്ചോളം വീടുകളുടെ മുറ്റത്തെ മരങ്ങളില്‍ ചേക്കേറാന്‍ തുടങ്ങിയിട്ടു വര്‍ഷം നാലായി. വൈകിട്ട് പക്ഷികള്‍ താണിറങ്ങി വന്നു മരങ്ങളില്‍ ചേക്കേറുന്ന കാഴ്ച കാണാന്‍ നിരവധി പേരാണ് ഇവിടെയെത്തുന്നത്.
സമീപത്തെല്ലാം മരങ്ങള്‍ ഉണ്ടായിരിക്കെ പക്ഷിക്കൂട്ടം ഇവിടെത്തന്നെ ചേക്കേറാനെത്തുന്നതും കൗതുകമാണ്. നാട്ടിന്‍പുറങ്ങളില്‍ കാക്കക്കൂട്ടങ്ങളെ കാണാനില്ലെങ്കിലും കാക്കക്കൂട്ടം കലപില കൂട്ടുകയാണ് ഇവിടെ. നാലു വര്‍ഷം മുന്‍പു സ്ഥലത്തെ പുരുഷ സ്വയംസഹായ സംഘം പ്രവര്‍ത്തകര്‍ ഇവിടെ നെല്‍കൃഷി ചെയ്തിരുന്നു. വയലിലേക്കു കുറച്ചു കൊക്കുകള്‍ വന്നതാണു തുടക്കമെന്നു പ്രദേശവാസികള്‍ പറയുന്നു. ഇതിനു ശേഷമാണ് പക്ഷികള്‍ ധാരാളമായി വന്നു തുടങ്ങിയതെന്നു പൊതുപ്രവര്‍ത്തകന്‍ സി.ഗംഗാധരന്‍ പറയുന്നു. കൂറ്റന്‍ മരങ്ങളോ മരക്കൂട്ടമോ ഇവിടെയില്ല. ഇല കൊഴിഞ്ഞ ഒറ്റമരങ്ങളിലാണ് പക്ഷികളുടെ താവളം. പക്ഷികളുടെ ശബ്ദം മൂലം രാത്രികാലത്ത് ടിവി, റേഡിയോ പരിപാടികള്‍ കേള്‍ക്കാന്‍ ഇരട്ടിശബ്ദത്തില്‍ വെക്കണമെന്ന് കോളനി നിവാസികള്‍ പറയുന്നു. ശബ്ദവും കാഷ്ഠവും ശല്യമായപ്പോള്‍ മരങ്ങള്‍ മുറിച്ചും കല്ലെടുത്തെറിഞ്ഞും പക്ഷികളെ അകറ്റാന്‍ നോക്കിയെങ്കിലും കുറച്ചു ദിവസം മാറിനിന്ന ശേഷം പക്ഷിക്കൂട്ടം വീണ്ടും കോളനിയിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."