സഊദിയും ബ്രിട്ടനും 65 ബില്യന്‍ പൗണ്ടിന്റെ കരാറുകളില്‍ ഒപ്പുവച്ചു
ജിദ്ദ: സഊദിയും ബ്രിട്ടനും തമ്മില്‍ 65 ബില്യന്‍ പൗണ്ടിന്റെ വ്യാപാരനിക്ഷേപ കരാറില്‍ ഒപ്പുവച്ചു. മൂന്നു ദിവസത്തെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനെത്തിയ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയും നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറുകളില്‍ ഒപ്പുവച്ചത്. ഇതില്‍ ബ്രിട്ടനിലുള്ള സഊദിയുടെ നേരിട്ടുള്ള നിക്ഷേപങ്ങളും ഉള്‍പ്പെടുമെന്ന് തെരേസാ മേയുടെ വക്താവ് അറിയിച്ചു.
യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പിന്‍മാറുന്നതിന് മുന്നോടിയായി അന്താരാഷ്ട്രതലത്തില്‍ ബ്രിട്ടന് ലഭിച്ച വലിയ അംഗീകാരമായാണ് സഊദിയുമായുള്ള വ്യാപാരനിക്ഷേപ കരാറുകളെ കാണുന്നതെന്ന് അവര്‍ പറഞ്ഞു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്രിട്ടന്‍ സഊദി സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന് രൂപം നല്‍കുകയുമുണ്ടായി.
ധനകാര്യം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ഊര്‍ജം, പ്രതിരോധം തുടങ്ങിയ മേഖലകളിലാണ് ഇരുരാജ്യങ്ങളും പ്രധാനമായും സഹകരണം മെച്ചപ്പെടുത്തുകയെന്നും തെരേസാ മേയുടെ ഓഫിസ് അറിയിച്ചു. സഊദി പുതുതായി രൂപകല്‍പന ചെയ്യുന്ന നിയോം ടൂറിസ്റ്റ് നഗരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ബ്രിട്ടനും നിക്ഷേപമിറക്കും.
ബ്രെക്‌സിറ്റിനു ശേഷമുള്ള ബ്രിട്ടനില്‍ വലിയ നിക്ഷേപ സാധ്യതയാണ് സഊദി കാണുന്നതെന്ന് തെരേസാ മേയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സഊദി കിരീടാവകാശി അറിയിച്ചു.
ബ്രിട്ടനുമായി അഗാധമായ ബന്ധമാണ് സഊദിക്കുള്ളത് എന്ന കാര്യത്തില്‍ സംശയമില്ല. രാഷ്ട്രീയവും സൈനികവുമായി ബന്ധപ്പെട്ടത് മാത്രമല്ലെന്നും സാമൂഹികവും സാമ്പത്തികവുമായ രംഗങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണിതെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. കിരീടാവകാശിയുടെ നേതൃത്വത്തില്‍ 'വിഷന്‍ 2030' ന്റെ ഭാഗമായി സഊദിയിലെ സ്ത്രീ ശാക്തീകരണത്തിനായി നടക്കുന്ന പ്രവര്‍ത്തനങ്ങളെ തെരേസാ മേ അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."