മൂന്നു ദിവസത്തിനിടെ അറബിക്കടലില്‍ നിന്ന് പിടികൂടിയത് 11 ടണ്ണിലേറെ മയക്കുമരുന്നുകള്‍
ദമാം: സഊദി, ബഹ്‌റൈന്‍ അതിര്‍ത്തികളോട് ചേര്‍ന്ന് കിടക്കുന്ന അറബിക്കടലില്‍ നിന്നും വന്‍ മയക്കുമരുന്ന് വേട്ട. മൂന്നു ദിവസത്തിനിടെ പതിനൊന്നു ടണ്ണിലധികം ഹഷീഷ് പിടികൂടി. ബഹ്‌റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംയുക്ത ദൗത്യ സേന (സി.ടി.എഫ് 150) യുടെ ഭാഗമായുള്ള ഫ്രഞ്ച് യുദ്ധക്കപ്പല്‍ ജീന്‍ ഡിവിയെന്നയും ആസ്‌ത്രേലിയന്‍ യുദ്ധകപ്പലും സംയുക്തമായാണ് മയക്കുമരുന്ന് വേട്ട നടത്തിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഏകദേശം 430 ദശലക്ഷം ഡോളര്‍ വിലവരുന്നവയാണ് പിടിച്ചെടുത്ത മയക്കുമരുന്നുകള്‍. അറബിക്കടലിലെ അന്ത്രാഷ്ട്ര സമുദ്ര പരിധികളില്‍ നിന്നാണ് മയക്കുമരുന്നുകള്‍ പിടികൂടിയത്.
അന്ത്രാഷ്ട്ര സമുദ്ര പരിധിയില്‍ ശ്രദ്ധയില്‍പ്പെട്ട നാടന്‍ ബോട്ട് പിന്തുടര്‍ന്നാണ് ഹഷീഷ് പിടികൂടിയത്. ബോട്ടുകളില്‍ പ്രത്യേക അറകള്‍ നിര്‍മിച്ച് ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. യുദ്ധക്കപ്പലുകളിലെ ഹെലികോപ്റ്ററുകള്‍ സ്ഥിരമായി പട്രോളിങ് നടത്തുന്നതിനിടെയാണ് നാടന്‍ ബോട്ട് ശ്രദ്ധയില്‍ പെട്ടത്. ഇവര്‍ നല്‍കിയ സന്ദേശത്തെ തുടര്‍ന്നാണ് കപ്പലുകള്‍ ബോട്ടുകള്‍ തടഞ്ഞു പരിശോധന നടത്തിയത്. ഏദന്‍ കടലിടുക്കില്‍ നിന്നും സമാനമായ രീതിയില്‍ നാടന്‍ ബോട്ടില്‍ നിന്നുമാണ് ഹഷീഷ് പിടികൂടിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മുന്നൂറ് ദശകലശം ഡോളറിലേറെ വില വരുന്നതായാണ് ഇവയെന്ന് കപ്പല്‍ കമാണ്ടര്‍ ഓഫിസര്‍ ടഗാള്‍ഡ് ക്‌ളെല്ലന്റ് റാന്‍ അറിയിച്ചു. ഇതോടെ കഴിഞ്ഞ മൂന്നു മാസത്തിനിടെ സി.ടി.എഫ് 150 പിടികൂടിയ മയക്കുമരുന്നു 29 ടണ്ണായി ഉയര്‍ന്നു. പിടികൂടുന്ന മയക്കു മരുന്നുകള്‍ കടലില്‍വച്ച് തന്നെ നശിപ്പിക്കും. കടല്‍ക്കൊള്ളയും കടല്‍ വഴിയുള്ള ഭീകരതയും തടയാനായി രൂപീകരിച്ച സംയുക്ത സേനയായ സി.എം.എഫിന് കീഴിലാണ് സി.ടി.എഫ് 150 പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ 1.3 ബില്യണ്‍ ഡോളര്‍ വിലവരുന്ന 27.9 ടണ്‍ ഹഷീഷും 1.5 ഹെറോയിനും ഇതുവരെ പിടികൂടിയിട്ടുണ്ട്.
ബഹ്‌റൈന്‍ ആസ്ഥാനമായുള്ള ദൗത്യ സേനയില്‍ 31 രാജ്യങ്ങളാണുള്ളത്. അറബിക്കടല്‍, ഒമാന്‍ ഉള്‍ക്കടല്‍, ഏദന്‍ കടലിടുക്ക്, ചെങ്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളിലായി ഇരുപത് ലക്ഷം ചതുരശ്ര കിലോമീറ്ററാണ് സി.ടി.എഫ് 150ന്റെ പ്രവര്‍ത്തന മേഖല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."