സ്വന്തമായി ഒരു സീറ്റ്, പിന്നെ മക്കള്‍ക്കും വേണം; സീറ്റിനായി കര്‍ണാടകയില്‍ മത്സരം
ബംഗളൂരു: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിരിക്കെ കര്‍ണാടകയില്‍ സീറ്റിനായി വടംവലി തുടങ്ങി. ഒരു സീറ്റ് ഒപ്പിച്ചെടുത്താലും പോര, മക്കള്‍ക്കും സീറ്റുകള്‍ ഒപ്പിക്കാന്‍ പെടാപാട് പെടുകയാണ് രാഷ്ട്രീയ നേതാക്കള്‍. മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയും ബി.ജെ.പി അധ്യക്ഷന്‍ ബി.എസ് യദ്യൂരപ്പയുമെല്ലാം ഈ മത്സരത്തില്‍ കളംമറന്ന് കളിക്കുകയാണ്.
താന്‍ മത്സരിച്ച് ജയിച്ച വരുണ മണ്ഡലം മകന്‍ യതീന്ദ്രക്ക് നല്‍കി, മൈസൂരു ജില്ലയിലെ ചാമുണ്ഡേശ്വരി സീറ്റില്‍ മത്സരിക്കാനാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നീക്കം.
സിദ്ധരാമയ്യക്കുപുറമെ നിലവിലെ കോണ്‍ഗ്രസ് മന്ത്രിമാരില്‍ പകുതിയിലേറെപേരും സ്വന്തം സീറ്റ് ഉറപ്പിക്കുന്നതിനൊപ്പം മക്കള്‍ക്കും മരുമക്കള്‍ക്കും സീറ്റ് തരപ്പെടുത്താനുള്ള നെട്ടോട്ടത്തിലാണ്. നഗര വികസന മന്ത്രി ആര്‍. റോഷന്‍ ബേഗ്, താന്‍ മത്സരിച്ച് ജയിച്ച മണ്ഡലം മകന് നല്‍കി തനിക്ക് രാജ്യസഭാ സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത്തരത്തില്‍ മന്ത്രിമാരും നേതാക്കളും സീറ്റിനായി സമ്മര്‍ദ്ദം ശക്തമാക്കിയപ്പോള്‍ ഇക്കാര്യത്തില്‍ ബി.ജെ.പിയും ഒട്ടും പിന്നിലല്ല.
1983നും 2008നും ഇടയില്‍ സിദ്ധരാമയ്യ അഞ്ചുതവണ പ്രതിനിധീകരിച്ച മണ്ഡലമാണ് ചാമുണ്ഡേശ്വരി. മണ്ഡല പുനര്‍നിര്‍ണയത്തെതുടര്‍ന്ന് തൊട്ടടുത്ത വരുണ മണ്ഡലത്തിലേക്ക് മാറുകയായിരുന്നു അദ്ദേഹം. പിന്നീട് തന്റെ പിന്‍ഗാമിയായി കണക്കാക്കി മകന്‍ രാകേഷിനെ ഇവിടെ മത്സരിപ്പിക്കാനായിരുന്നു തീരുമാനം.
എന്നാല്‍ ബല്‍ഗാമിലുണ്ടായ അപകടത്തില്‍ ഇയാള്‍ മരിച്ചതിനുശേഷമാണ് ഡോക്ടറായ രണ്ടാമത്തെ മകന്‍ യതീന്ദ്രയെ ഇവിടെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. മകനെ മത്സരിപ്പിക്കണമെന്നത് ജനങ്ങളുടെ താല്പര്യമാണെന്നു പറഞ്ഞ അദ്ദേഹം, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അനുവദിച്ചാല്‍ മാത്രമേ മകന്‍ മത്സരിക്കൂ എന്നും വ്യക്തമാക്കി. 15 മന്ത്രിമാര്‍ രണ്ട് സീറ്റുകള്‍ വീതം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മക്കളെകൂടി മത്സരിപ്പിക്കുന്നതിനുവേണ്ടിയാണ് ഇത്.
ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ് യദ്യൂരപ്പയും മകന്‍ ബി.വൈ രാഘവേന്ദ്രയെ മത്സരിപ്പിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ മറ്റൊരു മകന്‍ ബി.വൈ വിജയേന്ദ്ര നേരത്തെ തന്നെ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ജെ.ഡി.എസ് അധ്യക്ഷന്‍ കുമാരസ്വാമിയുടെ ഭാര്യ അനിതയും മത്സരത്തിന് തയാറായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."