പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി
മണ്ണാര്‍ക്കാട്: അട്ടപ്പാടി മുക്കാലിയില്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായവരുടെ റിമാന്റ് കാലാവധി നീട്ടി. നേരത്തെ മാര്‍ച്ച് ഒമ്പത് വരെയായിരുന്നു റിമാന്റ് ചെയ്തിരുന്നത്. തുടര്‍ന്ന് പൊലിസ് അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ കോടതിയില്‍ ഹാജരാക്കിയിരുന്നു. മണ്ണാര്‍ക്കാട് എസ്.എസ്, എസ്.ടി സ്പെഷല്‍ കോടതി ജഡ്ജി അനില്‍.കെ.ഭാസ്കറാണ് പ്രതികളുടെ റിമാന്റ് കലാവധി മാര്‍ച്ച് 23വരെ നീട്ടിയത്.
കഴിഞ്ഞ ദിവസം കോടതി പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് ഈ മാസം 13ലേക്ക് മാറ്റിവച്ചിരുന്നു. കേസിലെ പ്രതികളായ പാക്കുളം മേച്ചേരി ഹുസൈന് (50), മുക്കാലി കിളയില്‍ മരക്കാര്‍ (33), മുക്കാലി പൊതുവച്ചോല ശംസുദ്ധീന്‍(34), കല്‍കണ്ടി കുന്നത്ത് അനീഷ്(30), മുക്കാലി താഴ്ശ്ശേരി രാധാകൃഷ്ണന് (34), ആനമൂളി പൊതുവച്ചോല അബൂബക്കര്‍ എന്ന ബക്കര്‍ (31), മുക്കാലി പടിഞ്ഞാറേപള്ള കുരിക്കള്‍ സിദ്ധീഖ് (38), മുക്കാലി തൊട്ടിയില്‍ ഉബൈദ്(25), മുക്കാലി വിരുത്തിയില്‍ നജീബ്(33), മുക്കാലി മണ്ണമ്പറ്റ ജയ്ജുമോന്‍(44), മുക്കാലി ചോലയില്‍ അബ്ദുല്‍കരീം(48), മുക്കാലി പുത്തന്‍പുരക്കല്‍ സജീവ് (30), മുക്കാലി മുരിക്കട സതീഷ് (39), മുക്കാലി ചെരിവില്‍ ഹരീഷ്(34), ചെരിവില്‍ ബിജു(41), മുക്കാലി വിരുത്തിയില്‍ മുനീര്‍(28) എന്നിവരുടെ റിമാന്റ് കാലാവധിയാണ് 14 ദിവസം കൂടി ദീര്‍ഘിപ്പിച്ചത്. ഫെബ്രുവരി 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."