താലൂക്ക് ഓഫിസ് വളപ്പില്‍ കൂട്ടിയിട്ട വാഹനങ്ങള്‍ക്ക് ശാപ മോക്ഷം
ചാവക്കാട്: തണ്ണീര്‍ത്തടങ്ങളില്‍ അനധികൃതമായി ഖനം നടത്തിയെന്ന പേരില്‍ റവന്യൂ അധികൃതര്‍ പിടികൂടി വന്‍ പിഴ ചുമത്തി താലൂക്ക് ഓഫീസ് വളപ്പില്‍ കൂട്ടിയിട്ട വാഹനങ്ങള്‍ക്ക് ശാപ മോക്ഷം. നികത്തിയത് തണ്ണീര്‍ തടമല്ലെന്ന് കണ്ടെത്തി പിഴ കുറച്ച് വാഹനം വിട്ടു നല്‍കാന്‍ ഹൈകോടതി ഉത്തരവ്.
ചാവക്കാട് താലൂക്ക് ഓഫീസ് വളപ്പില്‍ ഒരു വര്‍ഷത്തോളമായി ആളുകള്‍ക്ക് നടക്കാന്‍ വഴിയില്ലാത്ത വിധം കൂട്ടിയിട്ട ആറ് വാഹനങ്ങളാണ് വെള്ളിയാഴ്ച്ച സ്ഥലം കാലിയാക്കിത്.
കഴിഞ്ഞ വര്‍ഷം എപ്രില്‍ 25നാണ് എളവള്ളി വാകയില്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് അനധികൃത ഖനം നടത്തിയെന്ന പേരില്‍ റവന്യു അധികൃതര്‍ ഈ വാഹനങ്ങള്‍ പിടിച്ചെടുത്തത്. പാടത്ത് അനധികൃത ഖനം നടത്തിയെന്ന കുറ്റമാണ് ചുമത്തിയിരുന്നത്. പിടിച്ചെടുത്ത വാഹനങ്ങളുടെ മൂല്യത്തിന്റെ ഒന്നര ഇരട്ടി പിഴ അടച്ചാല്‍ വണ്ടി കൊണ്ടുപോകാം എന്നായിരുന്നു വ്യവസ്ഥ. ഇതിനെതിരെ വാഹന ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. റവന്യൂ അധികൃതര്‍ ആരോപിച്ച പോലെ തണ്ണീര്‍ത്തട സംരക്ഷണനിയമം ലംഘിച്ചിട്ടില്ലെന്ന് ഹൈക്കോടതിയില്‍ കേസ് നടത്തിയ ഉടമകള്‍ തെളിയിക്കാനായി. ഇതോടെയാണ് അനുമതിയില്ലാതെ മണ്ണെടുപ്പ് നടത്തിയതിന് മാത്രമുള്ള പിഴ അടപ്പിച്ച് വണ്ടികള്‍ വിട്ടുനല്‍കാന്‍ ഹൈക്കോടതി കലക്ടര്‍ക്കു നിര്‍ദേശം നല്‍കിയത്.
പിഴ അടപ്പിച്ച് വണ്ടികള്‍ വിട്ടുനല്‍കാന്‍ കലക്ടറുടെ ഉത്തരവിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസം താലൂക് അധികൃതര്‍ക്ക് ലഭിച്ചു. രണ്ട് ലോറികള്‍ക്ക് 50,000 രൂപ വീതവും രണ്ട് ട്രാക്ടറിനും രണ്ട് ടിപ്പറിനും 25,000 രൂപ വീതവും ഉടമസ്ഥര്‍ തൃശൂര്‍ ജിയോളജി വകുപ്പ് ഓഫീസില്‍ പിഴയടച്ചു.
വെള്ളിയാഴ്ച പിഴയടച്ച രേഖകളുമായി താലൂക് ഓഫീസിലെത്തിയ ഉടമകള്‍ വാഹനങ്ങള്‍ കൊണ്ടുപോകാനുള്ള ശ്രമം തുടങ്ങി. രണ്ട് വ്യത്യസ്ത കമ്പനികളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വാഹനങ്ങള്‍. ഇവര്‍ സംയുക്തമായാണ് കോടതിയില്‍ കേസ് നടത്തിയത്.
മണ്ണെടുപ്പ് നടത്തിയ സ്ഥലത്ത് കുളമാണെന്നും ഇത് വികസിപ്പിക്കുന്ന ജോലി മാത്രമേ മണ്ണുമാന്തി ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ ഉപയോഗിച്ച് നടത്തിയിട്ടുള്ളൂ എന്നായിരുന്നു കോടതിയില്‍ ഉടമകള്‍ വാദിച്ചത്. മണ്ണുമാന്തി യന്ത്രങ്ങള്‍ കളക്‌ട്രേറ്റ് പരിസരത്താണ് പിടിച്ചെടുത്തതിന് ശേഷം ഇട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."