മാള മള്‍ട്ടി ജി.പി ജലനിധി പദ്ധതിയിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുന്നു
മാള: കുടിവെള്ള ക്ഷാമം മാള മേഖലയില്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജലനിധി പദ്ധതിയിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാകുന്നു. അടിയന്തിരമായി മാള മള്‍ട്ടി ഗ്രാമപഞ്ചായത്ത് ജലനിധി പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുന്നതിനു അഡ്വ: വി.ആര്‍ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നു മാള മേഖല ശുദ്ധജല സംരക്ഷണ സമിതി ആവശ്യവുമായി രംഗത്ത് . വെള്ളക്കരം നിശ്ചയിച്ചതിലും മറ്റു പ്രവര്‍ത്തനങ്ങളിലും ഉള്ള അപാകതകള്‍ വിശദമായി പഠിക്കാന്‍ ഒരു അന്വേഷണ കമ്മിറ്റിയെ നിശ്ചയിക്കണമെന്നും സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. മാള, പൊയ്യ, കൂഴൂര്‍, അന്നമനട, പുത്തന്‍ചിറ, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ മള്‍ട്ടി ഗ്രാമപഞ്ചായത്ത് ജലനിധി പദ്ധതി ജന ചൂഷണ പദ്ധതിയായി മാറിയെന്നും ശുദ്ധജല സംരക്ഷണ സമിതി ആരോപിച്ചു. പഞ്ചായത്തുകളെയും വാട്ടര്‍ അതോറിറ്റിയെയും ഉപഭോക്താക്കളെയും പങ്കാളികളാക്കി കൊണ്ടാണു ഈ പദ്ധതി നടപ്പിലാക്കിയത്.
കേരളത്തില്‍ രണ്ടാം ഘട്ട ജലനിധി പദ്ധതിയുടെ ഭാഗമായി 117 പഞ്ചായത്തുകളിലായി ആയരത്തി ഇരുപത്തിരണ്ട് കോടി രൂപയുടെ പദ്ധതി ലോക ബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്നത് . സര്‍ക്കാരില്‍ നിന്നും 75 ശതമാനവും പഞ്ചായത്തുകള്‍ 15 ശതമാനവും ഉപഭോക്താക്കള്‍ 10 ശതമാനവുമാണ് പദ്ധതി വിഹിതം. കേരള ഗ്രാമീണ ശുദ്ധജല വിതരണ ഏജന്‍സിയുടെ മേല്‍നോട്ടത്തിലാണു ജലനിധി പദ്ധതികള്‍ നടപ്പിലാക്കുന്നത്.
ഏകദേശം 64 കോടിയില്‍പരം രൂപ ചിലവു ചെയ്താണ് ആറു പഞ്ചായത്തുകളില്‍ മാള മള്‍ട്ടി ഗ്രാമപഞ്ചായത്ത് ജലനിധി പദ്ധതി നടപ്പിലാക്കുന്നത്. 2012 ല്‍ മുന്‍ എം.എല്‍.എ ടി.എന്‍ പ്രതാപനാണു ഈ പദ്ധതി പഴയ മാള മണ്ഡലത്തില്‍ കൊണ്ടുവന്നത്. ജലനിധി പദ്ധതിയുടെ നടത്തിപ്പിനായി ഒരോ പഞ്ചായത്തിലും സ്‌കിം ലെവല്‍ കമ്മറ്റികള്‍ രൂപീകരിച്ച് ചാരിറ്റബിള്‍ ആക്ട് പ്രകാരം ജില്ലാ റജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്താണു പ്രവര്‍ത്തിക്കുന്നത്. ഈ കമ്മറ്റികളാണു വാട്ടര്‍ അതോറിറ്റിയില്‍ നിന്നും വെള്ളം വിലയ്ക്കു വാങ്ങി വിതരണം നടത്തുന്നതും വിതരണ ശൃംഖലയുടെ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതും.
എല്ലാ പഞ്ചായത്തുകളിലേയും സ്‌കിം ലെവല്‍ കമ്മറ്റികളുടെ ഭരണകാലാവധി ഈ മാസം 31നു അവസാനിക്കും. കഴിഞ്ഞ സര്‍ക്കരിന്റെ കാലത്ത് കുറഞ്ഞ വിലയ്‌ക്കോ , വാട്ടര്‍ അതോറിറ്റിയുടെ നിരക്കിനോ 24 മണിക്കൂറും വെള്ളം നല്‍കാമെന്ന വാഗ്ദാനത്തിലാണു ഉപഭോക്താക്കളെ ഈ പദ്ധതിയില്‍ സ്‌കിം ലെവല്‍ കമ്മിറ്റി ഭാരവാഹികള്‍ ചേര്‍ത്തത്.
എന്നാല്‍ ഈ വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തി കൊണ്ടു ഭീമമായ വെള്ളക്കരമാണു ഈടാക്കുന്നത്. വാട്ടര്‍ അതോറിറ്റി അയ്യായിരം ലിറ്റര്‍ വെള്ളത്തിനു 22 രൂപ ഈടാക്കുമ്പോള്‍ ജലനിധി പദ്ധതിയില്‍ 70 രൂപയാണ് .
പിന്നീടു വരുന്ന ഒരോ ആയിരം ലിറ്ററിനും ഭീമമായ സ്ലാബ് സിസ്റ്റമാണു നിശ്ചയിച്ചിരിക്കുന്നത്. ഒരു മാസം ശരാശരി മുപ്പതിനായിരം ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താവ് വാട്ടര്‍ അതോറിറ്റിയില്‍ 175 രൂപയാണു വെള്ളക്കരം അടച്ചിരുന്നത്. എന്നാന്‍ ജലനിധി പദ്ധതി പ്രകാരം 1425 രൂപ അടയ്‌ക്കേണ്ടതായി വരുന്നു.
ഒരു മാസം വെള്ളക്കരം അടയ്ക്കാന്‍ വൈകിയാല്‍ രണ്ടു ശതമാനം പിഴപലിശ വാട്ടര്‍ അതോറിറ്റി ഈടാക്കുമ്പോള്‍ ജലനിധിക്കാര്‍ 25 ശതമാനമാണു പിഴപ്പലിശ ഇടാക്കുന്നത്. ഇതെല്ലാം സാധാരണക്കാരന്റെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുകയാണ്. ഗാര്‍ഹികേതര കണക്ഷനുകള്‍ക്കു പതിനഞ്ചായിരം ലിറ്റര്‍ വരെ 150 രൂപയും തുടര്‍ന്നു വരുന്ന ഒരോ ആയിരം ലിറ്ററിനു 21 രൂപ പ്രകാരവുമാണു വാട്ടര്‍ അതോറിറ്റി വെള്ളക്കരം ഈടാക്കുന്നത്. എന്നാല്‍ ജലനിധി പദ്ധതിയില്‍ പതിനായിരം ലിറ്റര്‍ വരെ നൂറ്റിയന്‍മ്പതും തുടര്‍ന്നു 15000 ലിറ്റര്‍ വരെ ഒരോ ആയിരം ലിറ്ററിനു നൂറു വീതവും പിന്നീടു വരുന്ന ആയിരം ലിറ്ററിനു 250 രൂപ വീതവുമാണു വെള്ളക്കരം. ഈ നിരക്കില്‍ വെള്ളം ഉപയോഗിക്കുന്ന ഗാര്‍ഹികേതര ഉപഭോക്താവ് മുപ്പതിനായിരം ലിറ്റര്‍ വെള്ളത്തിനു 4400 രൂപ അടക്കേണ്ടതായി വരുന്നു. വാട്ടര്‍ അതോറിറ്റിയില്‍ നിന്നും 515 രൂപയ്ക്കായിരുന്നു ഇത്രയും വെള്ളം ലഭിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."