മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷക്കായി മൊബൈല്‍ ആപ്പ് ഇറക്കും: ഡി.ജി.പി
കോട്ടയം: മുതിര്‍ന്ന പൗരന്മാര്ക്ക് പൊലിസിന്റെ സഹായം വേഗത്തില്‍ ലഭ്യമാക്കാന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കുമെന്ന് സംസ്ഥാനപൊലിസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. മൊബൈല്‍ ഫോണ്‍ ആപ്പില്‍ നിശ്ചിത സെക്കന്‍ഡ് നേരം തൊട്ടാല്‍ സമീപത്തെ പൊലിസ് സ്റ്റേഷനില്‍ കോള്‍ എത്തുന്ന തരത്തിലുള്ള സംവിധാനമാണ് ഒരുക്കുന്നത്. വീടുകളില്‍ തനിച്ച് കഴിയുന്ന മുതിര്‍ന്ന പൗരന്മാര്ക്കായി കോട്ടയം ജില്ലാ പൊലിസ് നടപ്പാക്കിയ ഹോട്ട്ലൈന്‍ സംവിധാനം 'സ്നേഹസ്പര്‍ശം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുതിര്‍ന്ന പൗരന്മാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനായി പൊലിസ് യോഗങ്ങള്‍ വിളിക്കും. സേവന കേന്ദ്രങ്ങളായി പൊലിസ് സ്റ്റേഷന് മാറുകയാണ്. നിരവധി സേവനങ്ങളാണ് ഇപ്പോള്‍ പൊലിസ് സ്റ്റേഷന് വഴി ലഭ്യമാക്കുന്നത്. സേവനങ്ങളുടെ പട്ടിക ഇനിയും വര്‍ധിപ്പിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി. കോട്ടയത്ത് ലാന്‍ഡ് ഫോണുമായി ബന്ധിപ്പിച്ചാണ് ഹോട്ട്ലൈന്‍ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇതേ മാതൃകയില്‍ സംസ്ഥാനത്തെ മറ്റു ജില്ലകളിലും പദ്ധതി നടപ്പാക്കും. ഭൂരിഭാഗം പേര്‍ക്കും ലാന്‍ഡ് ഫോണുകളില്ലാത്ത സാഹചര്യത്തിലാണ് മൊബൈല്‍ ഫോണിലും സംവിധാനം ലഭ്യമാക്കാന്‍ ആപ്പിന് രൂപം നല്‍കുന്നതെന്നും ഡി.ജി.പി പറഞ്ഞു.
സ്നേഹസ്പര്‍ശം പദ്ധതിയുടെ ഭാഗമായി ജസ്റ്റിസ് കെ.ടി തോമസ് ആദ്യകോള്‍ വിളിച്ചു. ജില്ലയില്‍ 5,126 വീടുകളില്‍ മുതിര്‍ന്നവര്‍ ഒറ്റയ്ക്ക് താമസിക്കുന്നുണ്ടെന്ന് ജില്ലാ പൊലിസ് മേധാവി വി.എം മുഹമ്മദ് റഫീഖ് പറഞ്ഞു. കോട്ടയം നഗരസഭ അധ്യക്ഷ ഡോ.പി.ആര് സോന അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."