യു.പിയിലും ബിഹാറിലും നിര്‍ണായക ഉപതെരഞ്ഞെടുപ്പ് ഇന്ന്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലും ബിഹാറിലുമായി മൂന്നുലോക്‌സഭാ സീറ്റുകളിലേക്കും രണ്ടു നിയമസഭാസീറ്റുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഇന്ന്.
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനെത്തുടര്‍ന്നു രാജിവച്ച ഗൊരഖ്പൂര്‍, കേശവ് പ്രസാദ് മൗര്യ ഉപമുഖ്യമന്ത്രിയായതിനെത്തുടര്‍ന്ന് രാജിവച്ച ഫുല്‍പൂര്‍, ബിഹാറിലെ അരാരിയ ലോക്‌സഭാ മണ്ഡലങ്ങളിലുംബിഹാറിലെ ഭാബുവ, ജെഹാനാബാദ് നിയമസഭാ മണ്ഡലങ്ങളിലുമാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക. ആര്‍.ജെ.ഡി അംഗം മുഹമ്മദ് തസ്്‌ലിമുദ്ദീന്‍ മരിച്ചതിനെത്തുടര്‍ന്നാണ് അരാരിയയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബുധനാഴ്ചയാണ് ഫലപ്രഖ്യാപനം.
യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നേരിടുന്ന ആദ്യ പരീക്ഷണമാണ് ഇന്നത്തെ തെരഞ്ഞെടുപ്പ്. ആദിത്യനാഥ് 19 വര്‍ഷം തുടര്‍ച്ചയായി പ്രതിനിധീകരിച്ച ഗൊരഖ്പൂര്‍ നിലനിര്‍ത്തേണ്ടത് ബി.ജെ.പിയുടെ അഭിമാന പ്രശ്‌നമാണ്.
മുന്‍ മുഖ്യമന്ത്രി മായാവതിയുടെ ബി.എസ്.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാതെ എസ്.പിക്ക് പിന്തുണനല്‍കിയെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്. സഹകരണം വിജയിക്കുകയാണെങ്കില്‍ അടുത്തവര്‍ഷം നടക്കുന്ന ലോക്‌സഭാതെരഞ്ഞെടുപ്പിലും ഇത് തുടരാനും സാധ്യതയുണ്ട്.
ജവഹര്‍ലാല്‍ നെഹ്‌റു പ്രതിനിധീകരിച്ചിരുന്ന മണ്ഡലമെന്ന നിലയ്ക്ക് കോണ്‍ഗ്രസിന് വൈകാരിക അടുപ്പമുള്ള സീറ്റ് കൂടിയാണ് ഫുല്‍പൂര്‍.
ബി.ജെ.പിക്കൊപ്പം ചേര്‍ന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ നേരിടുന്ന ആദ്യപരീക്ഷണമാണ് അരാരിയ തെരഞ്ഞെടുപ്പ്. ഇവിടെ ഏഴുപേര്‍ മല്‍സരരംഗത്തുണ്ടെങ്കിലും തസ്്‌ലിമുദ്ദീന്റെ മകന്‍ സര്‍ഫറാസ് ആലമും (ആര്‍.ജെ.ഡി) ബി.ജെ.പിയുടെ പ്രതീപ് സിങ്ങും തമ്മിലാണ് പ്രധാന പോരാട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."