മുക്കുപണ്ടം നല്കി തട്ടിപ്പു നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍
കാസര്‍കോട്: മുക്കുപണ്ട മോതിരം ജ്വല്ലറിയില്‍ നല്കി തട്ടിപ്പു നടത്തുന്ന സംഘത്തിലെ ഒരാളെ കാസര്‍കോട് പൊലിസ് അറസ്റ്റുചെയ്തു. പള്ളിക്കര ആഞ്ചേനേയ മഠത്തിനു സമീപത്തെ രാജേഷി(35)നെയാണ് കാസര്‍കോട് എ.എസ്.ഐ അജിത്കുമാറും സംഘവും അറസ്റ്റു ചെയ്തത്. മൂന്നു മുക്കുപണ്ട മോതിരങ്ങള്‍ ഇയാളില്‍നിന്നു പൊലിസ് കണ്ടെടുത്തു. സംഘത്തിലെ മുഖ്യ സൂത്രധാരനായ കുണ്ടംകുഴിയിലെ മണികണ്ഠനെ അന്വേഷിച്ചുവരുകയാണ്.
കാസര്‍കോട് എം.ജി റോഡിലെ ദീനാര്‍ ജ്വല്ലറി ഉടമ എം.എ ഇബ്രാഹിമിന്റെ പരാതിയിലാണ് കേസ്. മണികണ്ഠനാണ് മോതിരം ഉണ്ടാക്കി നല്‍കിയതെന്ന് ഇയാള്‍ പൊലിസിനോട് പറഞ്ഞു. രാജേഷിന്റെ കൂടെ കസ്റ്റഡിയിലെടുത്ത സുഹൃത്തിനെ നിരപരാധിയെന്നു വ്യക്തമായതിനാല്‍ വിട്ടയച്ചു.
ഗള്‍ഫിലുണ്ടായിരുന്നപ്പോള്‍ ഉണ്ടായ പരിചയം വച്ചാണ് സുഹൃത്ത് രാജേഷ് നല്കിയ മോതിരം യഥാര്‍ഥ സ്വര്‍ണമെന്നു കരുതി ജ്വല്ലറിയില്‍ നല്‍കിയത്. അഞ്ചു ദിവസം മുമ്പ് രാജേഷ് ജ്വല്ലറിയിലെത്തി അഞ്ചു ഗ്രാം മോതിരം 14. 500 രൂപയ്ക്കു വില്പന നടത്തുകയായിരുന്നു.
രാജേഷ് പോയതിനു ശേഷമാണു മോതിരം മുക്കു പണ്ടമാണെന്ന് മനസിലായത്. ഇക്കാര്യം ജ്വല്ലറി ഉടമ മറ്റു ജ്വല്ലറിക്കാരെയും അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് രാജേഷിന്റെ സുഹൃത്ത് മറ്റൊരു ജ്വല്ലറിയില്‍ മോതിരം വില്ക്കാനെത്തിയത്. സംശയം തോന്നിയതിനെ തുടര്‍ന്ന് മോതിരം പരിശോധിച്ചപ്പോള്‍ മൂക്കു പണ്ടമാണെന്നു മനസിലായതോടെ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പൊലിസിന്റെ ചോദ്യം ചെയ്യലിലാണ് രാജേഷാണ് മോതിരം നല്‍കിയതെന്നു മനസിലായത്. പിന്നീട് ബൈക്കില്‍ പോകുന്നതിനിടെ ബേക്കലില്‍ വച്ച് രാജേഷിനെ പിടികൂടുകയായിരുന്നു. തട്ടിപ്പിനു പിന്നില്‍ കൂടുതല്‍ പേരുണ്ടോയെന്ന് അന്വേഷിച്ചു വരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."