പുതിയ മത്സ്യമാര്‍ക്കറ്റില്‍ വാടക നല്‍കാത്ത കച്ചവടക്കാരെ ഒഴിപ്പിച്ചു
പട്ടാമ്പി: നഗരസഭയുടെ പുതിയ മത്സ്യമാര്‍ക്കറ്റില്‍ മൂന്നു മാസമായിട്ടും വാടക നല്‍കാത്ത കച്ചവടക്കാരുടെ കടമുറികള്‍ ഒഴിപ്പിച്ച് സീല്‍ ചെയ്തു. പുതിയ മത്സ്യമാര്‍ക്കറ്റിലെ സ്റ്റാളുകളില്‍ കച്ചവട ംചെയ്യുകയും മൂന്നു മാസമായിട്ടും വാടക നല്‍കാത്തവര്‍ക്കുമെതിരേയാണ് നഗരസഭ നടപടികളുമായി രംഗത്തിറങ്ങിയത്.
കഴിഞ്ഞദിവസമാണ് വാടകലഭിക്കാത്ത സ്റ്റാളുകളില്‍നിന്ന് കച്ചവടക്കാരെ ഒഴിപ്പിച്ച് സ്റ്റാളുകള്‍ സീല്‍ ചെയ്തത്. നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു നടപടി. പട്ടാമ്പി എസ്.ഐ അജീഷിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘവും ഒഴിപ്പിക്കല്‍ നടപടിയുടെ ഭാഗമായി മാര്‍ക്കറ്റില്‍ എത്തിയിരുന്നു.
24ഓളം സ്റ്റാളുകളിലാണ് കച്ചവടം നടത്തിയിരുന്നത്. ഇതില്‍ വിരലിലെണ്ണാവുന്ന കച്ചവടക്കാര്‍ മാത്രമാണ് കൃത്യമായി വാടക നല്‍കി വരുന്നത്. പഴയമാര്‍ക്കറ്റില്‍ നിന്ന് പുതിയ മാര്‍ക്കറ്റിലേക്ക് മാറിയ കച്ചവടക്കാരാണ് വാടക വര്‍ധനയില്‍ പ്രതിഷേധിച്ച് വാടക നല്‍കാതിരുന്നത്. ഇവരെയാണ് ഇപ്പോള്‍ സ്റ്റാളുകളില്‍നിന്ന് പുറത്താക്കി സീല്‍ചെയ്തത്.
നഗരസഭയുടെ നടപടി തൊഴിലാളികളോടുള്ള വഞ്ചനയാണെന്ന് കച്ചവടക്കാര്‍ കുറ്റപ്പെടുത്തി. അതെ സമയം പഴയ മാര്‍ക്കറ്റിലെ വ്യാപാരികള്‍ കടമുറി ലേലത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നും കുറഞ്ഞ വാടകക്ക് മുറി നല്‍കാമെന്നും അധികൃതര്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് കച്ചവടക്കാര്‍ വ്യക്തമാക്കുന്നത്.
ഉയര്‍ന്ന വിലക്ക് കടമുറി ലേലത്തില്‍ പോയപ്പോള്‍ പഴയ വ്യാപാരികളും പുതിയ വാടക നല്‍കണമെന്ന് അധികൃതര്‍ ശഠിക്കുകയാണെന്നും ഇത് വാഗ്ദാന ലംഘനമാണെന്നും ആരോപിച്ച് വ്യാപാരികള്‍ കഴിഞ്ഞ ദിവസം നഗരസഭയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതിന്റെ പിറ്റേന്നാണ് വാടക ലഭിക്കാത്ത സ്റ്റാളുകളില്‍നിന്ന് കച്ചവടക്കാരെ ഒഴിപ്പിച്ചത്.
നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു നടപടി. നഗരസഭക്ക് നഷ്ടം വരുത്തിവെക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാവില്ലെന്നും വാടക നല്‍കാത്ത കച്ചവടക്കാരെ പുതിയചന്തയില്‍നിന്ന് ഒഴിപ്പിക്കുമൈന്ന് ചെയര്‍മാന്‍ നേരത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് പുതിയ ലേലത്തില്‍ എടുത്തവര്‍ക്ക് കടമുറികള്‍ കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."