കശുവണ്ടി മേഖലയിലെ പ്രതിസന്ധി; പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: കശുവണ്ടി മേഖലയിലെ തൊഴിലാളികളുടെ ദുരിതത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷപ്രതിഷേധം. തൊഴിലാളികളുടെ ഗുരുതരമായ ജീവിതസാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് അടൂര്‍ പ്രകാശാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി.
സംസ്ഥാനത്തെ കശുവണ്ടിത്തൊഴിലാളികള്‍ പട്ടിണിയിലാണെന്നും അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ ഉടന്‍ തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്നും അടിയന്തരപ്രമേയ നോട്ടിസ് നല്‍കിയ അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു. തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. ആവശ്യത്തിന് തൊഴില്‍ ദിനങ്ങള്‍ ലഭിക്കുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് പ്രകടനപത്രികയില്‍ എല്ലാ കശുവണ്ടി ഫാക്ടറികളും തുറന്നുപ്രവര്‍ത്തിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാനത്ത് കശുവണ്ടി ഫാക്ടറികളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് രണ്ടുലക്ഷത്തോളം തൊഴിലാളികളാണ് ദുരിതത്തിലായത്. ഇതില്‍ 90 ശതമാനവും സ്ത്രീകളാണ്. ഇവര്‍ക്ക് കുറഞ്ഞത് പതിനായിരം രൂപ വീതമെങ്കിലും ആശ്വാസ ധനസഹായം നല്‍കണം. സൗജന്യറേഷന്‍ നല്‍കണം. വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു.
ഈ വിഷയം ഉന്നയിക്കേണ്ടിയിരുന്ന എം. നൗഷാദ് മൗനം പാലിക്കുകയാണെന്നും അടൂര്‍ പ്രകാശ് ആരോപിച്ചു. തോട്ടണ്ടി ഇറക്കുമതി നികുതി അഞ്ചുശതമാനമാക്കി കുറച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും ഇത് എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ ശുപാര്‍ശപ്രകാരമാണെന്നും നൗഷാദ് പറഞ്ഞു. നികുതി കുറയ്ക്കാന്‍ പ്രേമചന്ദ്രന്‍ പ്രധാനമന്ത്രിയോ കേന്ദ്രധനമന്ത്രിയോ അല്ലെന്ന് പ്രതിപക്ഷനേതാവും തിരിച്ചടിച്ചു.
കശുവണ്ടി മേഖല സംരക്ഷിക്കുന്നതിനുവേണ്ടി ഗൗരവതരമായ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കശുവണ്ടി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളിലെ അംബാസിഡര്‍മാരുമായി ബന്ധപ്പെടുകയും ഇക്കാര്യത്തില്‍ ആവശ്യമായ സഹായം നല്‍കാമെന്ന് അവര്‍ ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.
കശുവണ്ടി മേഖലയില്‍ പണിയെടുക്കുന്ന പരമാവധി തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ട്. കര്‍ക്കശമായ വ്യവസ്ഥകളൊന്നും ഇ.എസ്.ഐ ആനുകൂല്യം ലഭിക്കുന്നതിന് തടസമായിട്ടില്ല. 82,000 തൊഴിലാളികള്‍ക്ക് ചികിത്സാ സഹായം നല്‍കിവരുന്നുണ്ട്. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.
സംസ്ഥാനത്തെ 824 കശുവണ്ടി ഫാക്ടറികള്‍ അടഞ്ഞുകിടക്കുകയാണെന്നും തൊഴിലാളികള്‍ ദുരിതമനുഭവിക്കുമ്പോള്‍ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ആഡംബരകാറുകള്‍ വാങ്ങിക്കൂട്ടി സര്‍ക്കാരിന്റെ പണം ധൂര്‍ത്തടിക്കുകയാണെന്നും പ്രതിപക്ഷനേതാവ് വാക്കൗട്ട് പ്രസംഗത്തില്‍ പറഞ്ഞു.
യു.ഡി.എഫിനൊപ്പം കേരളാകോണ്‍ഗ്രസ് മാണിവിഭാഗവും വാക്കൗട്ടില്‍ പങ്കുചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."