നിത്യരോഗികള്‍ക്ക് സാന്ത്വനമേകി ജെ.ഡി.ടി വിദ്യാര്‍ഥികള്‍
കോഴിക്കോട്: സമൂഹത്തില്‍ ദുരിതമനുഭവിക്കുന്ന നിത്യരോഗികള്‍ക്ക് സാന്ത്വനവുമായി ജെ.ഡി.ടി ആര്‍ട്സ് കോളജിലെ പാലിയേറ്റീവ് വിദ്യാര്‍ഥികള്‍. ഇവര്‍ക്കായി വീല്‍ചെയറുകളും മറ്റു ഉപകരണങ്ങളും നല്‍കിയാണ് വിദ്യാര്‍ഥികള്‍ വേറിട്ടുനില്‍ക്കുന്നത്. വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ഇത്തരം മാതൃകകളെ സമൂഹം ഏറ്റെടുക്കണമെന്നും കോര്പറേഷന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് പറഞ്ഞു.
വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ 75 നിത്യരോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീല്‍ചെയര്‍ വിതരണം ചെയ്യുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നായി വിവിധ രോഗങ്ങളും വൈകല്യങ്ങളും കാരണം ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ സഹായം നല്‍കുകയാണ് 'വീല്‍സ് ഓഫ് ഹോപ്പ്' എന്ന വ്യത്യസ്തമായ പദ്ധതിയിലൂടെ. ജെ.ഡി.ടി കണ്വന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ ജെ.ഡി.ടി ഇസ്ലാം സെക്രട്ടറി ഡോ. പി.സി അന്‍വര്‍ അധ്യക്ഷനായി. നെതര്‍ലാന്റ് സാക്സിയന്‍ യൂനിവേഴ്സിറ്റി പ്രൊഫസര്‍ ഡോ. ഹാരി ഫുട്സേലാര് മുഖ്യാതിഥിയായി.
ഡോ. സുരേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കാലിക്കറ്റ് യൂനിവേഴ്സിറ്റി പ്രോ. വൈസ് ചാന്‍സലര്‍ ഡോ. പി. മോഹന്‍, ജെ.ഡി.ടി ഇസ്ലാം സെക്രട്ടറി സൂര്യ അബ്ദുല്‍ ഗഫൂര്‍, നഗരസഭാ കൗണ്‍സിലര്‍ ബിജുലാല്‍, ജെ.ഡി.ടി അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ വി. സെറീന, കോളജ് യൂനിയന്‍ ചെയര്മാന് ബദര്‍ ബഷീര്‍, ഫൂലൈജ് സംസാരിച്ചു. ജെ.ഡി.ടി ആര്‍ട്സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി.എച്ച് ജയശ്രീ സ്വാഗതവും ഇല്യാസ് ഹമീദ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ തണല്‍ ഫ്രീഡം ഓണ്‍ വീല്‍സ് ടീം വീല്‍ചെയറില്‍ നിന്നുകൊണ്ടുള്ള ബാന്റ് മേളവും അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."