മലയാറ്റൂര്‍ തീര്‍ഥാടനത്തിന് ഹരിത മാര്‍ഗരേഖ: ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് പതിനായിരം രൂപ വരെ പിഴ
കൊച്ചി: മലയാറ്റൂര്‍ തീര്‍ഥാടന കാലയളവില്‍ മലയാറ്റൂര്‍ കുരിശുമുടിയിലും പരിസരത്തും ഹരിതമാര്‍ഗരേഖ (ഗ്രീന്‍ പ്രോട്ടോകോള്‍) ബാധകമാക്കി ജില്ലാ കലക്ടറുടെ ഉത്തരവ്. മാര്‍ച്ച് 10 മുതല്‍ ഏപ്രില്‍ 10 വരെയാണ് മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയുമായി ബന്ധപ്പെട്ട തീര്‍ഥാടനം.
ഹരിത നടപടിക്രമത്തിന്റ ഭാഗമായി ടിന്നുകള്‍, കാനുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍ തുടങ്ങി ജൈവ വിഘടനത്തിന് വിധേയമാവാത്തതും പരിസ്ഥിതി സൗഹൃദമല്ലാത്തതുമായ വസ്തുക്കള്‍ നിരോധിച്ചാണ് ജില്ലാ കലക്ടറുടെ ഉത്തരവ്. സീലു ചെയ്തതതോ അല്ലാത്തലോ ആയ കണ്ടെയ്‌നറുകളും ഉപയോഗിച്ച ശേഷം കളയാവുന്ന പ്ലാസ്റ്റിക് പാത്രങ്ങളും ഭക്ഷണടിന്നുകളും ഇവയില്‍പെടും. കേരള പൊലിസ് നിയമത്തിലെ 80 -ാം വകുപ്പു പ്രകാരമാണ് നിരോധനം. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് പതിനായിരം രൂപ വരെ മലയാറ്റൂര്‍ നീലേശ്വരം ഗ്രാമപഞ്ചായത്തില്‍ പിഴയടയ്‌ക്കേണ്ടി വരും. കുരിശുമലയിലും തീര്‍ത്ഥാടന പാതയിലും ചുറ്റുമുള്ള പ്രദേശങ്ങളിലെയും പരിസ്ഥിതിമലിനീകരണം തടയാനായാണ് ഈ നടപടികള്‍. ഹരിതമാര്‍ഗരേഖ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 18ന് നടന്ന യോഗത്തില്‍ മലയാറ്റൂരും സമീപപ്രദേശങ്ങളും നേരിടുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആശങ്ക ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കുവച്ചിരുന്നു. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫിസര്‍, മലയാറ്റൂര്‍ നീലേശ്വരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്കാണ് ഉത്തരവ് നടപ്പാക്കാനുള്ള ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."