സി.പി.എമ്മിന് പുതിയ ജില്ലാ സെക്രട്ടേറിയറ്റ് എം. ഭാസ്‌കരനും കെ. ചന്ദ്രന്‍ മാസ്റ്ററും പുറത്ത്
സ്വന്തം ലേഖകന്‍
കോഴിക്കോട്: പ്രമുഖ നേതാക്കളായ എം. ഭാസ്‌കരനെയും കെ. ചന്ദ്രന്‍ മാസ്റ്ററെയും ഒഴിവാക്കി സി.പി.എം പുതിയ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തു. കക്കോടി ഏരിയ സെക്രട്ടറിയായിരുന്ന മാമ്പറ്റ ശ്രീധരന്‍, പേരാമ്പ്രയില്‍ നിന്നുള്ള മുന്‍ എം.എല്‍.എ കെ. കുഞ്ഞമ്മദ് മാസ്റ്റര്‍ എന്നിവരാണ് പുതിയ അംഗങ്ങള്‍.
ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്ററെ കൂടാതെ പി. വിശ്വന്‍, സി. ഭാസ്‌കരന്‍, കെ.പി കുഞ്ഞഹമ്മദ്കുട്ടി, എം. മെഹ്ബൂബ്, വി.പി കുഞ്ഞികൃഷ്ണന്‍, ടി.പി ദാസന്‍, ജോര്‍ജ് എം. തോമസ് എന്നിവരാണ് മറ്റു സെക്രട്ടേറിയറ്റ് അംഗങ്ങള്‍. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേന്ദ്രകമ്മിറ്റി അംഗം എളമരം കരീമും പങ്കെടുത്ത ജില്ലാക മ്മിറ്റി യോഗത്തിലാണ് ഇവരെ തിരഞ്ഞെടുത്തത്. മുന്‍മേയറും ജില്ലയിലെ പ്രമുഖ നേതാവുമായ എം. ഭാസ്‌കരനു സ്വന്തം നാടായ കരുവിശ്ശേരിയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വിഭാഗീയ പ്രശ്‌നങ്ങളാണ് വിലങ്ങുതടിയായതെന്ന് സൂചനയുണ്ട്.
മത്സരമുണ്ടായതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കരുവിശ്ശേരി ലോക്കല്‍ സമ്മേളനം ഇതുവരെ നടത്താനായിട്ടില്ല. എം. ഭാസ്‌കരനെ പിന്തുണയ്ക്കുന്നവരും വിരുദ്ധ പക്ഷവും ഇരുചേരികളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതിനാലാണ് വര്‍ഷങ്ങളായി സമ്മേളനം മുടങ്ങുന്നതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ജില്ലാ കമ്മിറ്റി അംഗമായ പി. ലക്ഷ്മണന്‍ കണ്‍വീനറായുള്ള അഡ്‌ഹോക്ക് കമ്മിറ്റിയാണ് ഇവിടെയുള്ളത്. നിലവില്‍ എം. ഭാസ്‌കരന്‍ എരഞ്ഞിപ്പാലം സഹകരണ ആശുപത്രി പ്രസിഡന്റ്, ടൗണ്‍ സര്‍വിസ് സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നീ ചുമതലകള്‍ വഹിക്കുന്നുണ്ട്. പയിമ്പ്ര സ്വദേശിയായ കെ. ചന്ദ്രന്‍ മാസ്റ്റര്‍ അധ്യാപക സംഘടനാ രംഗത്തു നിന്നുമാണ് പാര്‍ട്ടിയിലേക്കെത്തുന്നത്. ജനകീയ പിന്തുണ നേടിയെടുക്കുന്ന തരത്തിലുള്ള ഇടപെടലുകളും പ്രവര്‍ത്തനങ്ങളും ഉണ്ടാകുന്നില്ലെന്ന് പ്രാദേശിക വികാരം ചന്ദ്രന്‍ മാസ്റ്റര്‍ക്കെതിരേ ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."