കതിരൂര്‍ കേസ് ഫണ്ടിന് തണുത്ത പ്രതികരണം യു.എ.പി.എ: സി.പി.എം അപ്പീല്‍ നല്‍കും
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരേ ചുമത്തിയ യു.എ.പി.എ വകുപ്പ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കും.
ജയരാജന്‍ സമര്‍പ്പിച്ച ഹരജി സിംഗിള്‍ ബെഞ്ച് തള്ളിയ സാഹചര്യത്തിലാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചത്.
ജില്ലാ സെക്രട്ടറിക്കെതിരേ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം പ്രകാരം കേസ് നിലനില്‍ക്കുന്നത് പാര്‍ട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ് സി.പി.എം നേരത്തെ തന്നെ കതിരൂര്‍ കേസ് നടത്തിപ്പിനുള്ള ധനസമാഹരണം ആരംഭിച്ചിരുന്നു.
ജില്ലയില്‍നിന്ന് രണ്ടു കോടി പിരിച്ചെടുക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇതിന്റെ പകുതി പോലും പിരിച്ചെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. കതിരൂര്‍ ഫണ്ട് പിരിക്കുന്ന ദിവസം തന്നെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ ശുഹൈബ് കൊല്ലപ്പെട്ടത്. ഈ കേസില്‍ സി.പി.എം പ്രതിസ്ഥാനത്തായതോടെ ഫണ്ട് പിരിവിന് തണുത്ത പ്രതികരണമാണ് ഉണ്ടായത്.
മൂന്നു ദിവസമായിരുന്നു സി.പി.എം കതിരൂര്‍ ഫണ്ട് സമാഹരണം പ്രഖ്യാപിച്ചിരുന്നത്. പിരിവ് കഴിഞ്ഞിട്ടും എത്ര പിരിച്ചെടുത്തുവെന്ന് പാര്‍ട്ടി ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."