നിലംനികത്തലിന് സി.പി.ഐക്ക് രണ്ടുനയം; 'അമ്മ'യുടെ ബന്ധുക്കളാണോ; എങ്കില്‍ വയല്‍ നികത്താം
കൊല്ലം: ജീവിക്കാനൊരു വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ നിലംനികത്തിയെന്നാരോപിച്ചു പുനലൂര്‍ ഇളമ്പലില്‍ കൊടികുത്തിയ സി.പി.ഐയുടെ യുവജന സംഘടനക്കാരും കരുനാഗപ്പള്ളി വള്ളിക്കാവിലെ തണ്ണീര്‍ത്തടം നികത്തല്‍ 'കാണുന്നി' ല്ല. നികത്തുന്നത് അമൃതാനന്ദമയിയുടെ സഹോദരങ്ങളാണെന്നതാണോ കാരണമെന്നാണു നാട്ടുകാരുടെ ചോദ്യം.
സി.പി.ഐയുടെ ശക്തികേന്ദ്രവും പാര്‍ട്ടി മുന്‍ ജില്ലാസെക്രട്ടറി ആര്‍ രാമചന്ദ്രന്‍ എം.എല്‍.എയുടെ മണ്ഡലവുമായ കരുനാഗപ്പള്ളിയിലെ വള്ളിക്കാവില്‍ കുറച്ചുദിവസമായി വന്‍തോതിലാണു തണ്ണീര്‍ത്തടം നികത്തല്‍ നടക്കുന്നത്. ഇതിനെതിരേ ഇതുവരെ ഒരു രാഷ്ട്രീയപാര്‍ട്ടിയും സാമൂഹ്യസംഘടനയും രംഗത്തെത്തിയില്ല.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് അമൃതാനന്ദമയിയുടെ സഹോദരിയുടെയും ബന്ധുക്കളുടെയും ഭൂമി നികത്തിയത്. 24 ഏക്കര്‍ വയലിലാണ് ഇപ്പോള്‍ മണ്ണു നിറച്ചുകൊണ്ടിരിക്കുന്നത്. ക്ലാപ്പനയിലും കുലശേഖരപുരത്തുമൊക്കെ നികത്തല്‍ നടക്കുന്നുണ്ട്.
തണ്ണീര്‍ത്തടം നികത്തുന്നതിനെതിരേ വില്ലേജ് ഓഫിസര്‍ സ്‌റ്റോപ് മെമ്മോ നല്‍കിയിരുന്നു. അതൊന്നും ഗൗനിക്കാതെ നികത്തല്‍ തുടരുകയാണെന്നാണു നാട്ടുകാര്‍ പറയുന്നത്. വള്ളിക്കാവില്‍ ഏക്കറുകണക്കിനു വയലുകള്‍ നികത്തിയാണ് നിരവധി കെട്ടിടങ്ങള്‍ അമൃത എന്‍ജിനീയറിങ് കോളജ് മാനേജ്‌മെന്റ് നിര്‍മിച്ചിരുന്നതെന്നു നേരത്തേ കണ്ടെത്തിയിരുന്നു.
2009 ല്‍ ചട്ടം ലംഘിച്ചു നിര്‍മിച്ച കെട്ടിടങ്ങളുടെ നികുതി മാനേജ്‌മെന്റ് പഞ്ചായത്തിലേക്ക് അടക്കുന്നില്ലെന്നു കാണിച്ചു ക്ലാപ്പനയിലെ യുവജനസംഘടനാ നേതാവ് വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോടതി നികുതി ഈടാക്കാന്‍ ഉത്തരവു നല്‍കി.
എന്നാല്‍ 2015ല്‍ ക്ലാപ്പന പഞ്ചായത്ത് അധികൃതര്‍ നികുതിയില്‍ ഇളവു നല്‍കി മാനേജ്‌മെന്റിനെ സഹായിച്ചു. ഇതിനെതിരേ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ക്ലാപ്പന പഞ്ചായത്തില്‍ മാത്രം ഒരു എന്‍ജിനീയറിങ് കോളജും ഇതോടനുബന്ധിച്ച് ഏഴു ബോയ്‌സ് ഹോസ്റ്റല്‍ കെട്ടിടങ്ങള്‍, അഞ്ചു വര്‍ക്ക്‌ഷോപ്പ് കെട്ടിടങ്ങള്‍, തൊഴിലാളികള്‍ക്കു താമസിക്കാനുള്ള കെട്ടിടങ്ങള്‍,എട്ടു ഗോഡൗണ്‍, നാലു ഗേള്‍സ് ഹോസ്റ്റല്‍ കെട്ടിടങ്ങള്‍, സബ്‌സ്റ്റേഷന്‍, രണ്ടു മെസ്സ്, രണ്ടു പവര്‍ ഹൗസ്, ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ എന്നിങ്ങനെ അന്‍പതോളം കെട്ടിടങ്ങളും അനധികൃതമായി നിര്‍മിച്ചതായി വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ കണ്ടത്തിയിരുന്നു.
46 ഏക്കറോളം ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന മഠം സ്ഥാപനങ്ങള്‍ നിലം നികത്തിയ ഭൂമിയിലാണു കെട്ടിപ്പൊക്കിയിരിക്കുന്നത്. ഇതില്‍ത്തന്നെ 15 ഏക്കറിനു മാത്രമാണു സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളതെന്നാണു വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."