കാക്കിയിട്ട പീഡനക്കാര്‍ നിയമത്തിന് പുറത്തോ?
തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അക്രമം നടത്തുന്നവര്‍ക്കെതിരേ വിട്ടു വീഴ്ചയില്ലാതെ നടപടിയെടുക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം വകുപ്പിലെ സ്ത്രീ പീഡകരെ സംരക്ഷിക്കുന്നു. സംസ്ഥാനത്ത് 73 പൊലിസുകാര്‍ സ്ത്രീ പീഡനത്തില്‍ പ്രതികളായിട്ടും സസുഖം വാഴുന്നു.
തിരുവനന്തപുരം സിറ്റിയിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീ പീഡകരായി കേസില്‍ കുരുങ്ങിയവരുള്ളത്. ഇവിടെ 17 പൊലിസുകാരാണ് പ്രതി സ്ഥാനത്തുള്ളത്. ഇതില്‍ പത്തു പേര്‍ക്കെതിരേ ചാര്‍ജ് ഷീറ്റ് നല്‍കി. ഒരാളെ ഒഴിവാക്കി. അഞ്ചു പേര്‍ക്കെതിരേ അന്വേഷണം പുരോഗമിക്കുന്നു.
രണ്ടാംസ്ഥാനത്ത് തിരുവനന്തപുരം റൂറലാണ് 16 പേര്‍. ഇതില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ജാമ്യം ലഭിക്കുന്ന കുറ്റം ചുമത്തി കോടതിയില്‍ ഹാജാരാക്കുകയും ചെയ്തു. നിഷ്പ്രയാസം ജാമ്യം നേടി പുറത്തു വരികയും ചെയ്തു. എന്നാല്‍ ഇവര്‍ക്കെതിരേ ഒരു നടപടിയും സ്വീകരിച്ചില്ല. അഞ്ചു പേര്‍ക്കെതിരേ ചാര്‍ജ് ഷീറ്റ് നല്‍കി. എന്നിട്ടും വകുപ്പ് തല നടപടി പോലും സ്വീകരിച്ചില്ല. ബാക്കിയുള്ളതാകട്ടെ അന്വേഷണത്തിലാണ്.
കൊല്ലം സിറ്റിയില്‍ നാലു പൊലിസുകാരാണ് സ്ത്രീ പീഡനക്കേസില്‍ പ്രതികള്‍. ഇതില്‍ നാലു പേര്‍ക്കെതിരേയും അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് ആഭ്യന്തര വകുപ്പിന്റെ ഫയലിലുള്ളത്. ഇതില്‍ രണ്ടു കേസുകളില്‍ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം ട്രെയ്‌നിങ് ഐ.ജിക്ക് കൈമാറിയെങ്കിലും നടപടിയുണ്ടായില്ല.
പത്തനംതിട്ടയില്‍ നാലു പൊലിസുകാരാണ് പ്രതികള്‍. ഒരാളെ ശക്തമായ താക്കീത് നല്‍കി അന്വേഷണം അവസാനിപ്പിച്ചു. ഒരാള്‍ക്ക് ചാര്‍ജ്ഷീറ്റ് നല്‍കി.
മറ്റു രണ്ടു പേര്‍ക്കെതിരേ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയില്ല. മറ്റു പൊലിസ് സ്‌റ്റേഷനുകളില്‍ ക്രൈം കേസുകള്‍ ഫയല്‍ ചെയ്തപ്പോള്‍ ഇവിടെ കുറ്റക്കാരായ നാലു പേര്‍ക്കെതിരേയും ക്രൈം കേസ് ഫയല്‍ പോലും ചെയ്തില്ല. പരാതിയില്‍ പേരിനു വേണ്ടി പ്രഹസന അന്വേഷണം മാത്രമായി.
ആലപ്പുഴ ജില്ലയില്‍ നാലുപേര്‍ക്കെതിരേ ഇപ്പോഴും അന്വേഷണം പുരോഗമിക്കുന്നു. മൂന്നു പേര്‍ക്കെതിരേ പോക്‌സോ കേസുകളാണ് ചുമത്തിയിരിക്കുന്നത്. മൂന്നു പേരെ സസ്‌പെന്‍ഡ്് ചെയ്‌തെങ്കിലും അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് വീണ്ടും ഇവര്‍ ജോലിയില്‍ കയറി.
ഇടുക്കിയില്‍ രണ്ടു പൊലിസുകാര്‍ക്കെതിരേയാണ് കേസ്. ഇപ്പോഴും അന്വേഷണം തുടരുന്നു.എറണാകുളം സിറ്റിയില്‍ ആറുപേരാണ് പ്രതിസ്ഥാനത്തുള്ളത്. ഒരാള്‍ക്കെതിരേ പോക്‌സോ കേസാണ് എടുത്തിരിക്കുന്നത്. ഇതില്‍ അഞ്ചു പേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എറണാകുളം റൂറലില്‍ ഒരാള്‍ക്ക് മാത്രമാണ് പിടിവീണത്. ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയും അന്വേഷണം നടക്കുകയും ചെയ്യുന്നു.
തൃശൂര്‍ ജില്ലയില്‍ ഒരാള്‍ മാത്രമാണ് പ്രതിയായത്. ഇയാളുടെ കേസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയും വിചാരണയും നടക്കുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നിന് ഇയാള്‍ക്കെതിരേ വകുപ്പ് തല അന്വേഷണം ആരംഭിച്ചുവെങ്കിലും ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. തൃശൂര്‍ റൂറലില്‍ ഒരാളെ സസ്‌പെന്‍ഡ് ചെയ്തു.
പാലക്കാട് ജില്ലയില്‍ എട്ടു പേരാണ് പ്രതികളായത്. എല്ലാവര്‍ക്കുമെതിരേ വകുപ്പ് തല അന്വേഷണ ഉത്തരവിട്ടെങ്കിലും വര്‍ഷം ഒന്നു കഴിഞ്ഞിട്ടും അന്വേഷണം പൂര്‍ത്തിയായില്ല. മലപ്പുറം ജില്ലയില്‍ നാലു പേര്‍ക്കെതിരേയാണ് ക്രിമിനല്‍ കേസെടുത്തത്. അന്വേഷണം പുരോഗമിക്കുന്നുവെന്ന് പറയുന്നുണ്ടെങ്കിലും ആര്‍ക്കെതിരേയും ഒരു നടപടിയും സ്വീകരിച്ചില്ല. കോഴിക്കോട് ജില്ലയില്‍ രണ്ടു പേര്‍ക്കെതിരേയാണ് പരാതി ലഭിച്ചത്.
ഒരാള്‍ക്കെതിരേ ക്രിമിനല്‍ കേസ് എടുക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയും, മറ്റൊരാള്‍ക്കെതിരേ കേസ് എടുക്കാതെ ഷോക്കോസ് നോട്ടിസില്‍ ഒതുക്കുകയും ചെയ്തു.
വയനാട്ടില്‍ ഒരാള്‍ക്കെതിരേയും കണ്ണൂരില്‍ മൂന്നു പേര്‍ക്കെതിരേയും ക്രിമിനല്‍ കേസ് എടുത്തെങ്കിലും അന്വേഷണത്തിലാണ്. സ്ത്രീ പീഡകര്‍ കൂടാതെ 950 പൊലിസുകാര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. 20 ശതമാനം പൊലിസുകാര്‍ക്ക് മാഫിയാ ക്വട്ടേഷന്‍ ബന്ധവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."