HOME
DETAILS

ജനാധിപത്യത്തിലെ ന്യൂനപക്ഷ വിഹ്വലതകള്‍

  
backup
March 18 2018 | 00:03 AM

janadhipathya-nyunapakha-vihwalthakal

ജനാധിപത്യം സാര്‍ഥകമാകുന്നതിന് പിന്നാക്കം നില്‍ക്കുന്നവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും പ്രാതിനിധ്യ വര്‍ധനവ് അനിവാര്യമാണ്. സമൂഹത്തില്‍ ഏക ശിലാത്മക ഭൂരിപക്ഷങ്ങളോ ന്യൂനപക്ഷങ്ങളോ ഇല്ലെന്ന തിരിച്ചറിവാണ് ഇതിന്റെ ആദ്യപടി. 2014 മുതല്‍ ഏറെ വ്യവസ്ഥാപിതമായിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട പൗരന്മാരുടെ രാഷ്ട്രീയ തിരോധാനംഅദൃശ്യവത്കരണമാണ്. രാജ്യം അഭിമുഖീകരിക്കുന്ന ഭീതിദമായ അസ്ഥിത്വ പ്രതിസന്ധി. രാജ്യത്തിന്റെ സാമ്പത്തിക,സാംസ്‌കാരിക ജീവിതത്തിലെ അരികുകളിലാണ് ന്യൂനപക്ഷം ഇപ്പോഴും ജീവിക്കുന്നതെന്നതാണ് കറയറ്റ ശരി. രാഷ്ട്രീയപരമായി ന്യൂനപക്ഷങ്ങളെ അദൃശ്യരും അസ്പൃശ്യരുമാക്കാന്‍ തുനിയുന്ന ഏതൊരു ജനാധിപത്യവും സ്വയം ദുര്‍ബലപ്പെടുത്തുകയാണെന്ന തിരിച്ചറിവും മതത്തിന്റെ പേരില്‍ രാജ്യത്തിലെ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ വൈരം ഉണ്ടാക്കുമ്പോള്‍ ആ രാഷ്ട്രത്തില്‍ യഥാര്‍ഥ ജനാധിപത്യം അകാല ചരമമടയുന്നുവെന്ന സാമാന്യബോധവുമാണ് ഭരണാധികാരികള്‍ക്കു വേണ്ടത്. 

1933-ലെ ഒരു കേന്ദ്ര ഗവ.വിജ്ഞാപന പ്രകാരം മുസ്‌ലിം,ക്രിസ്ത്യന്‍, ബുദ്ധിസ്റ്റ്, പാഴ്‌സി എന്നിവരടങ്ങുന്ന മതന്യൂനപക്ഷങ്ങള്‍ മൊത്തം ജനസംഖ്യയുടെ 18 ശതമാനമാകുന്നു. ഇതില്‍ 13 ശതമാനവും മുസ്‌ലിംകളാണെന്നും ബാക്കി എല്ലാവരും കൂടി 5 ശതമാനം മാത്രമാണെന്നും പ്രസ്തുത വിജ്ഞാപനം വിശദീകരിക്കുന്നു. 2005-ലെ ബില്‍ പാട്ടീല്‍ കേസിന്റെ വിധിന്യായത്തില്‍ ഈ വസ്തുത സുപ്രീം കോടതിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മതന്യൂനപക്ഷങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യയുടെ അസ്തിത്വം എന്നിരിക്കെത്തന്നെ ഇവര്‍ ധാരാളം വെല്ലുവിളികള്‍ നേരിടുന്നു; വിശിഷ്യാ ഭരണഘടനയുടെ 29, 30 ഖണ്ഡികകള്‍ വിഭാവനം ചെയ്യുന്ന സാംസ്‌കാരികവും മതപരവുമായ അസ്തിത്വങ്ങള്‍ കാത്തുസൂക്ഷിക്കാനുള്ള അവകാശങ്ങള്‍ നേടിയെടുക്കുന്നതിലും അനുഭവിക്കുന്നതിലും. അതിനാല്‍ തന്നെ ഈ മതന്യൂനപക്ഷങ്ങള്‍ പ്രത്യേക പരിഗണനയര്‍ഹിക്കുന്നു എന്ന് സുപ്രീംകോടതി നിരീക്ഷിക്കുന്നു.
മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കും നേരെ നടക്കുന്ന പൈശാചികമായ ശാരീരിക മാനസിക അതിക്രമങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും ഇന്ത്യയില്‍ അടിക്കടി വര്‍ധിച്ചുവരികയാണ്. 2014 മേയ് മുതലുള്ള കാലയളവില്‍ മോദി സര്‍ക്കാരിന്റെ മതതീവ്രവാദവും അസഹിഷ്ണുതയും സ്വാതന്ത്ര്യങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റവും സംബന്ധിച്ച് പതിനാറു മുഖപ്രസംഗങ്ങളാണ് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചത്. വിദേശ മാധ്യമങ്ങള്‍ ഇന്ത്യയെ നോക്കിക്കാണുന്നതിന്റെ നഖചിത്രമാണിത്.
മുസ്‌ലിം സമൂഹത്തിന്റെ രാഷ്ട്രീയ പ്രതിനിധാനം അവധാനതാപൂര്‍വം ഒഴിവാക്കിക്കൊണ്ടുവരുന്നത് സഗൗരവം ശ്രദ്ധിക്കപ്പെട്ടിട്ടില്ല. തീര്‍ത്തും അനഭിലഷണീയമായ മാര്‍ഗങ്ങളിലൂടെ നടക്കുന്ന ഈ 'രാഷ്ട്രീയ ഉന്മൂലനം' പ്രത്യക്ഷമായ അക്രമങ്ങള്‍ പോലെ എതിര്‍ക്കപ്പെടില്ലല്ലോ എന്നതാണ് അഭിനവ ഫാസിസത്തിന് കരുത്തു പകരുന്നത്. 19ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ടോക്യവല്ലി പറഞ്ഞ 'ഭൂരിപക്ഷത്തിന്റെ കിരാതവാഴ്ച'യുടെ ഭീതിതമായ നേര്‍ക്കാഴ്ചയാണ് കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ ഇന്ത്യ കണ്ടത്.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഭീതിതമായ ആണിക്കല്ലായിരുന്നു. ആദ്യമായാണ് ഒരൊറ്റ മുസ്‌ലിം എം.പി പോലും ഇല്ലാതെ ഒരു പാര്‍ട്ടി അധികാരത്തില്‍ വന്നത്. ബി.ജെ.പിയുടെ ലോക്‌സഭയിലേക്കുള്ള സ്ഥാനാര്‍ഥിപ്പട്ടികയില്‍ മൊത്തം 482 പേരില്‍ വെറും ഏഴ് മുസ്‌ലിംകളാണ് (അതില്‍ അഞ്ച് പേര്‍ ജമ്മുകശ്മീരില്‍ നിന്നും ഒരാള്‍ ബംഗാളിലും) ഇടം നേടിയിരുന്നത്. 1957നു ശേഷം ഏറ്റവും താഴ്ന്ന മുസ്‌ലിം പ്രാതിനിധ്യമുള്ള (നാല് ശതമാനം) പാര്‍ലമെന്റാണ് ഇപ്പോഴുള്ളത്.
ഉത്തര്‍പ്രദേശില്‍ ജനസംഖ്യയുടെ 19.2 ശതമാനം (4.3 കോടി) മുസ്‌ലിംകളാണ്. അത് ഏതാണ്ട് അര്‍ജന്റീനയുടെ മൊത്തം ജനസംഖ്യക്കൊപ്പം വരും. എങ്കിലും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരൊറ്റ മുസ്‌ലിം സ്ഥാനാര്‍ഥിപോലും ബി.ജെ.പിക്ക് ഉണ്ടായിരുന്നില്ല. ഒറ്റയടിക്ക് യു.പി നിയമസഭയിലെ മുസ്‌ലിം പ്രാതിനിധ്യം 17.1 ശതമാനത്തില്‍ നിന്ന് 5.9 ശതമാനമായി കൂപ്പുകുത്തി. ജനസംഖ്യയുടെ 34.2 ശതമാനം മുസ്‌ലിം സാന്നിധ്യമുള്ള അസമില്‍ ബി.ജെ.പിക്കുള്ള 61 എം.എല്‍.എമാരില്‍ ഒരാള്‍ മാത്രമാണ് മുസ്‌ലിം. 16.9 ശതമാനവും 14.5 ശതമാനവും 11.54 ശതമാനവും ജനസംഖ്യാ പ്രാതിനിധ്യമുള്ള ബിഹാറിലും ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും ഒരൊറ്റ മുസ്‌ലിം നിയമസഭാസാമാജികനില്ല. മഹാരാഷ്ട്രയില്‍ 122 പേരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരേയൊരു മുസ്‌ലിം സ്ഥാനാര്‍ഥി തോല്‍ക്കുകയും ചെയ്തു.
2002ല്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായി വന്നതിനു ശേഷം ഇതുവരെ ഗുജറാത്തില്‍ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ഒരൊറ്റ മുസ്‌ലിം സ്ഥാനാര്‍ഥിയെ പോലും മത്സരിപ്പിച്ചിട്ടില്ല. 1980ല്‍ ഗുജറാത്ത് നിയമസഭയില്‍ മുസ്‌ലിം പ്രാതിനിധ്യം 6.6 ശതമാനമായിരുന്നു. അന്ന് സംസ്ഥാനത്തെ മുസ്‌ലിം ജനസംഖ്യ 9.67 ശതമാനവും.
ഈ രാഷ്ട്രീയ ഉന്മൂലനത്തിലൂടെ മുസ്‌ലിം പ്രാതിനിധ്യം 1.6 ശതമാനമായി. ഇനി പറയാന്‍ പോകുന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയിലേക്കാണ് ഈ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്. ഇന്ത്യയില്‍ 1418 ബി.ജെ.പി എം.എല്‍.എമാരുള്ളതില്‍ ആകെ നാല് പേരാണ് മുസ്‌ലിംകള്‍. 14.2 ശതമാനം ജനങ്ങള്‍ മുസ്‌ലിംകളായ ഇവിടെ അവരുടെ രാഷ്ട്രീയ പ്രാതിനിധ്യം 0.28 ശതമാനം മാത്രമാണ്. മറ്റു പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ 300 എം.എല്‍.എമാരുണ്ട്; മൊത്തം എം. എല്‍.എമാരുടെ 13 ശതമാനമാണിത്.
രാഷ്ട്രീയത്തില്‍ മാത്രമല്ല, സൈന്യത്തിലും സിവില്‍ സര്‍വീസിലും ജുഡീഷ്യറിയിലുമുള്ള മുസ്‌ലിം അംഗസംഖ്യ തുലോം വിരളമാണ്. കോണ്‍ഗ്രസ് സമ്പൂര്‍ണമായി ഭരിച്ചിരുന്ന 1952-1977 കാലത്ത് രണ്ട് ശതമാനത്തിനും ഏഴ് ശതമാനത്തിനും ഇടയിലായിരുന്നു പാര്‍ലമെന്റിലെ മുസ്‌ലിം പ്രാതിനിധ്യം. ഏറ്റവും കൂടിയ മുസ്‌ലിം പ്രാതിനിധ്യം 1980ല്‍ ആയിരുന്നു. അന്ന് പത്തു ശതമാനമായിരുന്നു. 1951 മുതല്‍ 1977 വരെയുള്ള കാലഘട്ടത്തില്‍ ഉത്തര്‍ പ്രദേശ് നിയമസഭയിലെ മുസ്‌ലിം സാന്നിധ്യം അക്കാലത്തെ ജനസംഖ്യ അനുപാതത്തില്‍ ഏറെ താഴെ ആയിരുന്നു (5.99.5 ശതമാനം). 2012ല്‍ ഇത് 17 ശതമാനം ആയെങ്കിലും അപ്പോഴും ജനസംഖ്യയുമായുള്ള അനുപാതത്തില്‍ കുറവായിരുന്നു. ബിഹാറില്‍ കോണ്‍ഗ്രസും ജനതാദളും ആര്‍.ജെ.ഡിയും അടക്കമുള്ള കക്ഷികള്‍ മുസ്‌ലിം പ്രീണനം നടത്തുന്നു എന്ന് ആരോപിക്കപ്പെട്ടിട്ടുണ്ട്. അവിടെ പോലും 1985ല്‍ ഉണ്ടായ 10.46 ശതമാനം ആണ് ഏറ്റവും ഉയര്‍ന്ന പ്രാതിനിധ്യം. അവിടത്തെ മുസ്‌ലിം ജനസംഖ്യ 16.9 ശതമാനമാണെന്നതും ഓര്‍ക്കേണ്ടതുണ്ട്.
അതുകൊണ്ട് തന്നെ മുസ്‌ലിം അംഗങ്ങളുടെ എണ്ണം കുറച്ചുകൊണ്ട് കാലങ്ങളായി ഭൂരിപക്ഷ സമുദായങ്ങള്‍ അനുഭവിച്ചിരുന്ന വിവേചനം അവസാനിപ്പിക്കുകയാണ് ബി.ജെ.പി ചെയ്തത് എന്ന ചിന്ത അബദ്ധജടിലമാണ്. 'വിജയസാധ്യതയുള്ള മുസ്‌ലിം സ്ഥാനാര്‍ഥികളെ കിട്ടാത്തതിനാലാണ് ബി.ജെ.പി അവരെ മത്സരിപ്പിക്കാത്തത് എന്ന വാദവും ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കല്‍ തന്നെ. ഹിന്ദുത്വയുടെ നിലനില്‍പ്പ് തന്നെ ജാതിവര്‍ഗ അസമത്വങ്ങളുടെ യാഥാര്‍ഥ്യം മറച്ചുവച്ച് അവയില്‍ തന്നെ അധിഷ്ഠിതമായ ഏകമാനമായ ഹിന്ദു സമൂഹം നിര്‍മിക്കുക എന്നതാണ്. ഉനയിലും ഭീമ കൊറെഗാവിലും നടന്ന സംഭവങ്ങള്‍ തുറന്നുകാട്ടുന്നത് ആ അജണ്ട തന്നെയാണ്.
മുസ്‌ലിംകളോടുള്ള സമീപനത്തില്‍ നിന്നു വ്യത്യസ്തമായി ദലിതരോട് ചില കൃത്രിമ ഐക്യപ്പെടലുകള്‍ അവര്‍ നടത്താന്‍ ശ്രമിക്കുന്നു എന്നു മാത്രം. മുസ്‌ലിം സമുദായവും ജാതിയുടെയും വര്‍ഗത്തിന്റെയും അടിസ്ഥാനത്തില്‍ ആഴത്തില്‍ വേര്‍തിരിഞ്ഞതാണെന്നതാണ് സത്യം. ഈ സമുദായത്തിലെ മുന്നാക്ക വിഭാഗക്കാരായ അഷ്‌റഫികള്‍ സമുദായത്തിന്റെ 15-20 ശതമാനം വരും. പസ്മന്ദ പോലെയുള്ള പിന്നാക്ക-ദലിത് മുസ്‌ലിം വിഭാഗങ്ങളെ പിന്തള്ളിക്കൊണ്ട് ഇന്ത്യയിലെ വര്‍ഗീയ രാഷ്ട്രീയത്തിന്റെ ചെറിയ ചില ഗുണഫലങ്ങള്‍ അനുഭവിക്കുന്നത് ഇവരാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടില്‍ യു.പിയില്‍ നിയമസഭയില്‍ എത്തിയ മുസ്‌ലിംകളില്‍ 70 ശതമാനം അഷ്‌റഫികള്‍ ആയിരുന്നു എന്ന് ഗില്‍സ് വേര്‍നിയേഴ്‌സ് വ്യക്തമാക്കിയിട്ടുണ്ട്.

പിന്‍കുറി; അഹമ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാന്‍ പാകിസ്താന്‍ ആഗ്രഹിക്കുന്നതായി ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചിരുന്നു. ഒരു ഇന്ത്യന്‍ പൗരനായ അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രിയായാല്‍ ഭീഷണിയാകുന്നതെന്താണെന്നതാണ് നിര്‍ണായക ചോദ്യം. അദ്ദേഹമൊരു ഇന്ത്യന്‍ മുസ്‌ലിമാണെന്നതാണ് പ്രശ്‌നം. 'കോണ്‍ഗ്രസ് മുക്ത ഭാരതം' എന്ന മുദ്രാവാക്യം മാറ്റി 'മുസ്‌ലിം മുക്ത ഭാരതം'എന്ന രീതിയിലാണ് ബി.ജെ.പി ഇപ്പോള്‍ കാര്യപരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.
(തുടരും)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago