റാങ്ക്‌ലിസ്റ്റിലുണ്ടായിട്ടെന്ത് കാര്യം ശ്രീജയ്ക്ക് ആടുജീവിതം തന്നെ
പാലക്കാട്: പഠിക്കാന്‍ മിടുക്കിയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥയാകണമെന്നതാണ് ജീവിതാഭിലാഷം. അതിനാല്‍ എഴുതാന്‍ പറ്റുന്ന എല്ലാ പി.എസ്.സി പരീക്ഷയും എഴുതും. എഴുതിയ പരീക്ഷകളിലൊക്കെ റാങ്ക് ലിസ്റ്റില്‍ കടന്നുകൂടും. പക്ഷേ, ശ്രീജയെന്ന ആദിവാസി പെണ്‍കുട്ടിക്ക് ആടുമേയ്ക്കാന്‍ മാത്രം വിധി. അതേ, യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ്, എല്‍.ഡി ക്ലാര്‍ക്ക്, ഫീല്‍ഡ്‌വര്‍ക്കര്‍, ഗ്രേഡ്‌വണ്‍ മേട്രണ്‍, ലാസ്റ്റ്‌ഗ്രേഡ് എന്നിവയിലെല്ലാം കൊല്ലങ്കോട് വേങ്ങപ്പാറ കൃഷ്ണന്റെ മകള്‍ ശ്രീജ ജനറല്‍ കാറ്റഗറിയില്‍തന്നെ റാങ്ക് ലിസ്റ്റിലുണ്ട്. പക്ഷേ, ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ ശ്രീജയ്ക്കു ജോലി കിട്ടില്ല.
ഇരവാലന്‍(ഏറവാലന്‍) എന്ന പേരിലുള്ള ജാതിസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൊല്ലങ്കോട് രണ്ടിലെ വില്ലേജ് അധികാരികള്‍ തയാറാകാത്തതാണു കാരണം. ശ്രീജ 'ഇരവാലന്‍' സമുദായാംഗമാണെന്നതില്‍ നാട്ടുകാര്‍ക്കാര്‍ക്കും സംശയമില്ല. പക്ഷേ, പണ്ട് സ്‌കൂള്‍ അധികൃതര്‍ക്ക് പറ്റിയ പിശക് ന്യായമാക്കി ശ്രീജയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിക്കുകയാണ് റവന്യൂവകുപ്പ്. ശ്രീജയ്ക്ക് മാത്രമല്ല, ഇതേ സമുദായത്തിലെ 175 കുടുംബങ്ങളും ഇതേ ഗതികേടനുഭവിക്കുന്നവരാണ്.
ചിറ്റൂര്‍ ഗവ. കോളജില്‍ നിന്ന് ബി.എസ്‌സി ബിരുദം നേടിയ ശ്രീജ ഇപ്പോള്‍ വീട്ടിലെ ആടുകളെ മേയ്ച്ച് ജീവിക്കുകയാണ്. 2006ല്‍ ശ്രീജയുടെ തുടര്‍വിദ്യാഭ്യാസ പ്രശ്‌നവുമായി ബന്ധപ്പെട്ടാണു പ്രശ്‌നം ഉടലെടുക്കുന്നത്. 'ഇരവാലന്‍' എന്ന സമുദായപ്പേരിനു പകരം മറ്റൊരു പട്ടികജാതിയുടെ പേരാണ് സ്‌കൂള്‍ അധികൃതര്‍ രേഖപ്പെടുത്തിയത്. ഇതുസംബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍ വില്ലേജ് ഓഫിസിലേക്ക് റിപ്പോര്‍ട്ടയച്ചു. അവിടെ നിന്ന് തഹസില്‍ദാര്‍ ഓഫിസിലേക്കും തുടര്‍ന്ന് കിര്‍ത്താഡ്‌സിലേക്കും അന്വേഷണത്തിന് അയച്ചു. പാലക്കാട്ടെ ഈ ഊരിലുള്ളവര്‍ എറവാളന്‍ സമുദായക്കാരല്ലെന്ന വിജ്ഞാപനമാണ് കിര്‍ത്താര്‍ഡ്‌സില്‍നിന്ന് വന്നത്.
അതോടെ ശ്രീജയുടെ ജീവിതത്തില്‍ മാത്രമല്ല, ആ സമുദായത്തിലെ മറ്റ് ഉദ്യോഗാര്‍ഥികളുടെ ജീവിതത്തിലും കരിനിഴല്‍ വീണു. കൊല്ലങ്കോട് ഒന്ന്, രണ്ട്, എലവഞ്ചേരി റവന്യൂ വില്ലേജുകളിലെ വില്ലേജ് ഓഫിസര്‍മാര്‍ ഒന്‍പത് ഊരുകളിലായി താമസിക്കുന്ന 175 കുടുംബങ്ങള്‍ക്ക് ഇരവാലന്‍ ജാതി സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നില്ല. അതിനാല്‍, 150 കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇതിനെതിരേ കൊല്ലങ്കോട് രണ്ട് വില്ലേജിനു മുന്നില്‍ ശ്രീജയുള്‍പ്പെടെയുള്ളവര്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹസമരം 80 ദിവസം പിന്നിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."