പ്രശ്‌നകാലത്തൊരു മൂത്രശങ്ക
എം.ബി.ബി.എസ് ഒന്നാം വര്‍ഷക്കാലത്തെ ഒരു ഞായറാഴ്ച ഉച്ചനേരമായിരുന്നു അത്. തിങ്കളാഴ്ചത്തെ അനാറ്റമി പരീക്ഷയുടെ വെപ്രാളത്തിലാണ് എല്ലാവരും. ഞായറാഴ്ചകളെ ഏറ്റവും കൂടുതല്‍ വെറുത്തുപോയ വര്‍ഷം എന്നു വേണമെങ്കില്‍ പറയാം. കാരണം മറ്റൊന്നുമല്ല, എല്ലാ തിങ്കളാഴ്ചകളിലും മുടങ്ങാതെയെത്തുന്ന പരീക്ഷകള്‍ തന്നെ. അങ്ങനെ ഉച്ചവെയിലില്‍ ഇരുന്നു ധമനികളോടും സിരകളോടും മല്ലിടുമ്പോഴാണ് വൈസ് പ്രിന്‍സിപ്പലും വാര്‍ഡനും കൂടെ വരുന്നത്. എല്ലാവരോടും പെട്ടെന്ന് ഹോസ്റ്റല്‍ വിട്ടു നാട്ടിലേക്കു പൊയ്‌ക്കൊള്ളാന്‍. എല്‍.ടി.ടി.ഇ പ്രശ്‌നം കാരണം തമിഴ്‌നാടും പോണ്ടിച്ചേരിയുമൊക്കെ കത്തുകയാണ്. തമിഴ്‌വിടുതലൈ പുലികളുടെ നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എല്ലായിടത്തും പ്രശ്‌നങ്ങളാണ്.
സ്‌കൂളുകളും കോളജുകളുമൊക്കെ അടച്ചുപൂട്ടി. കിട്ടിയ വണ്ടിയില്‍ വിദ്യാര്‍ഥികളൊക്കെ സംസ്ഥാനം വിടുകയാണ്. കിട്ടിയതൊക്കെ പെറുക്കിയെടുത്ത് ഞങ്ങളും ഇറങ്ങി. ബസ്സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ പാതി ബസുകളും ഓടുന്നില്ല. ഓടുന്നവയിലാണെകില്‍ സൂചി കുത്താന്‍ ഇടമില്ല. ട്രെയിനൊക്കെ നിറഞ്ഞുകവിഞ്ഞ് ഒഴുകുകയാണ്. അതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. അവസാനം ലൈന്‍ ബസിലും ഷെയര്‍ ഓട്ടോയിലുമൊക്കെയായി സേലം വരെയെത്തി. അവിടുന്ന് രാത്രി പൊള്ളാച്ചി വഴി പാലക്കാട്ടേക്കുള്ള ബസ് കിട്ടി. മാഹിയും കോഴിക്കോടും എന്നൊക്കെയുള്ള അതിമോഹങ്ങള്‍ വിട്ട്, കേരളത്തില്‍ എവിടേലും എത്തിയാല്‍ മതി എന്നുള്ള അവസ്ഥയിലായിരുന്നു ഞങ്ങള്‍ അപ്പോള്‍. അങ്ങനെ രാത്രി വൈകി ബസ് പുറപ്പെട്ടു.
ഉച്ച മുതല്‍ വെള്ളം, ഭക്ഷണം, മൂത്രമൊഴിപ്പ് ഒന്നും നടന്നിരുന്നില്ല. നിന്നിടത്തുനിന്ന് അനങ്ങിയാല്‍ ബസിനു പുറത്താണ്. മൂത്രശങ്ക അടക്ക്‌വച്ച് എന്‍ജിനു ചുറ്റുമായി ഞങ്ങള്‍ ഇരുന്നു. ഇരുട്ടിനെ കീറിമുറിച്ച് ബസ് പിന്നേം ഓടി. നീണ്ടുകിടക്കുന്ന ഹൈവേയും മരങ്ങളും പാടങ്ങളും മാത്രം. ഒരു രക്ഷയുമില്ല, ശരീരം പിന്നെയും ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. ഡ്രൈവറെ തോണ്ടി വിളിച്ചു കാര്യം പറഞ്ഞു.
'അണ്ണാ, ലേഡീസ് ടോയ്‌ലറ്റ് ഇരുന്ത എങ്കെയാവത് കൊഞ്ചം നിര്‍ത്തിങ്കെ...'
'ഇന്ത കാട്ടിലെ ഹോട്ടല് ടോയ്‌ലറ്റ് എല്ലാം ഇരിക്കാത് മാ... പാക്കലാം..'
വീണ്ടും അസ്വസ്ഥതയോടെയുള്ള കാത്തിരിപ്പ്. ഒടുവില്‍ അങ്ങു ദൂരെ പൊട്ടുപോലെ ഒരു വഴിയോര ചായക്കടയില്‍നിന്നുള്ള വെളിച്ചം കണ്ടു. കടയോടു ചേര്‍ന്നുള്ള അവരുടെ വീട്ടില്‍ ടോയ്‌ലെറ്റ് സൗകര്യമുണ്ട്. കാര്യം സാധിച്ചു തിരിച്ച് ബസിലേക്കു നടക്കുമ്പോള്‍ ആ ചായക്കടയോടും ടോയ്‌ലെറ്റിനോടും തോന്നിയ അത്രയും സ്‌നേഹം ലോകത്ത് മറ്റൊന്നിനോടും തോന്നിയിട്ടില്ല. ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാന്മാര്‍ സമയത്തിനു മൂത്രമൊഴിക്കാന്‍ പറ്റുന്നവരാണെന്നു പോലും തോന്നിപ്പോയി.
പിന്നീട് പലപ്പോഴും ഒറ്റയ്ക്കുള്ള ദൂരയാത്രകളിലും തിരക്കുപിടിച്ച കാഷ്വാലിറ്റി ഡ്യൂട്ടിക്കിടയിലും പലവട്ടം സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ എന്റെ പ്രിയപ്പെട്ട ശരീരത്തിനും ആരോഗ്യത്തിനും വേണ്ടി കിണഞ്ഞു ശ്രമിച്ചിട്ടുമുണ്ട്.
കാര്യത്തിലേക്കു വരാം. ഏറ്റവും അനാരോഗ്യകരമായ ഒരു ശീലമാണു മൂത്രം പിടിച്ചുവയ്ക്കുക എന്നത്. പലപ്പോഴും അസൗകര്യങ്ങളും അശ്രദ്ധയും സ്ത്രീകളെയാണു കൂടുതലായും ബാധിക്കുന്നത്. മൂത്രത്തിലെ അണുബാധയ്ക്കു കാരണമാകുന്ന പ്രധാന വില്ലനും ഇതു തന്നെയാണ്. കിഡ്‌നി മുതല്‍ മൂത്രനാളം വരെ അണുബാധ ഉണ്ടാകാം.
പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളിലാണു മൂത്രത്തില്‍ അണുബാധ കൂടുതലായി കണ്ടുവരുന്നത്. ഇതിനു കാരണം സ്ത്രീകളിലെ നീളം കുറഞ്ഞ യൂറിത്ര (urethra/മൂത്രനാളം) ആണ്. മുഴുവന്‍ സ്ത്രീകളുടെ എണ്ണമെടുത്താല്‍ അതില്‍ പകുതി പേര്‍ക്ക് എപ്പോഴെങ്കിലുമൊക്കെയായി മൂത്രത്തില്‍ അണുബാധ വന്നിട്ടുണ്ടാകും എന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുരുഷന്മാരില്‍ ഇതു സാധാരണമല്ലെങ്കിലും ഒരു വയസില്‍ താഴെ ഉള്ളവരിലും അറുപത് വയസിനു മുകളില്‍ ഉള്ളവരിലും (പ്രത്യേകിച്ച് പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ അസുഖമുള്ളവരില്‍) ഇതു കണ്ടുവരുന്നുണ്ട്.ബാക്ടീരിയകളെ നശിപ്പിക്കുന്ന പ്രോസ്റ്റാറ്റിക് ദ്രവങ്ങളുടെ സാന്നിധ്യവും പുരുഷന്മാരിലെ അണുബാധ കുറയ്ക്കുന്നു.
മൂത്രത്തില്‍ അണുബാധയ്ക്കുള്ള പ്രധാന കാരണങ്ങള്‍ പറയാം.
- മൂത്രസഞ്ചിയില്‍നിന്നു മൂത്രം മുഴുവനായും പുറത്തു പോവാതിരിക്കുക. ഈ അവസ്ഥ പ്രധാനമായും കണ്ടുവരുന്നതു മൂത്രാശയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവരില്‍, മൂത്രാശയത്തിലോ കിഡ്‌നിയിലോ ഉള്ള കല്ല്, മറ്റു വളര്‍ച്ചകള്‍ എന്നിവ ഉള്ളവരില്‍, നാഡീസംബന്ധമായ അസുഖങ്ങള്‍ ഉള്ളവരില്‍, പേശികളുടെ ബലക്കുറവു കാരണം യൂട്ടറൈന്‍ പ്രൊലാപ്‌സ് (uterine prolapse) പോലുള്ള ഗര്‍ഭാശയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവരിലുമൊക്കെയാണ്.
- ശസ്ത്രക്രിയകളുടെയോ അസുഖങ്ങളുടെയോ ഭാഗമായി മൂത്രം പോകാനുള്ള ട്യൂബ് അഥവാ കത്തീറ്റര്‍ (catheter) ഉപയോഗം.
- പ്രമേഹ രോഗം.
- ആര്‍ത്തവ വിരാമത്തിനുശേഷം ഉണ്ടാകുന്ന ഈസ്ട്രജന്‍ എന്ന ഹോര്‍മോണിന്റെ അഭാവം.
- ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കുക.
- സമയത്ത് ഒഴിക്കാതെ മൂത്രം പിടിച്ചുവയ്ക്കുക.
- ലൈംഗിക ബന്ധ സമയത്തുള്ള വൃത്തിക്കുറവ്.
ഗര്‍ഭകാലത്തുണ്ടാകുന്ന മൂത്രത്തിലെ അണുബാധ ഗൗരവപൂര്‍വം ശ്രദ്ധിക്കേണ്ട ഒന്നാണ്. കൃത്യമായ വൈദ്യപരിശോധയും ചികിത്സയും ലഭ്യമാക്കണം. അല്ലാത്തപക്ഷം അണുബാധയുടെ സങ്കീര്‍ണതകളായി മാസം തികയാതെയുള്ള പ്രസവമൊക്കെ സംഭവിക്കാം. മൂത്രത്തില്‍ അണുബാധയ്ക്കു കാരണമാകുന്ന പ്രധാന ബാക്ടീരിയകള്‍ എസ്‌ചേറിഷിയ കോളൈ(escherichia coli/e.coli), പ്രോട്ടീയസ്(proetus), സ്യുഡോമോണാസ്(pseudomonas), സ്‌ട്രേപ്‌റ്റോകോകൈെേ(reptococci), സ്റ്റാഫിയലോകോക്കസ് എപിഡര്‍മിഡിസ് ts(aphylococcus epidermidis) എന്നിവയാണ്.
മൂത്രമൊഴിക്കുമ്പോള്‍ ഉള്ള പുകച്ചിലും വേദനയും, വീണ്ടും വീണ്ടും മൂത്രമൊഴിക്കാനുള്ള തോന്നല്‍, അടിവയറിലെ വേദന, നടുവേദന, മൂത്രത്തിനു നിറംമാറ്റം, ദുര്‍ഗന്ധം, മൂത്രത്തില്‍ രക്തം പോവുക, പനി, ഛര്‍ദി, ഓക്കാനം എന്നിവയാണ് അണുബാധയുടെ പ്രധാന ലക്ഷണങ്ങള്‍.
മൂത്ര പരിശോധനയിലൂടെ അണുബാധ കാരണമുണ്ടായ പഴുപ്പു കണ്ടുപിടിക്കാനും പഴുപ്പുകോശങ്ങളുടെ എണ്ണമറിയാനും സാധിക്കും. അടിക്കടി അണുബാധ വരുന്നവരില്‍, ഗര്‍ഭിണികള്‍, പ്രമേഹരോഗികള്‍, പ്രതിരോധശക്തി കുറഞ്ഞവരില്‍ എന്നിവരിലൊക്കെ യൂറിന്‍ കള്‍ച്ചര്‍ ടെസ്റ്റ് ചെയ്യാവുന്നതാണ്. അണുബാധയ്ക്കു കാരണമായ ബാക്ടീരിയ ഏതിനമാണെന്നു ു കണ്ടുപിടിക്കുന്നതിനൊപ്പം ഇതുവഴി കൃത്യമായ ആന്റിബയോട്ടിക് ബാക്ടീരിയക്കെതിരേ നല്‍കാനും സാധിക്കുന്നു.
കിഡ്‌നിയിലോ മൂത്രസഞ്ചിയിലോ ഉള്ള തടസങ്ങള്‍ (കല്ല്, മറ്റു വളര്‍ച്ചകള്‍ തുടങ്ങിയവ) ഉണ്ടെന്നു സംശയിക്കുന്നവരില്‍, അടിക്കടി അണുബാധ വരുന്നവരില്‍ ഒക്കെ സ്‌കാനിങ്, യൂറോഗ്രാം, സിസ്റ്റോസ്‌കോപ്പി തുടങ്ങിയ പരിശോധനകള്‍ നടത്തുന്നു. അണുബാധയ്‌ക്കെതിരേ പടപൊരുതാന്‍ ആന്റിബയോട്ടിക്ക് സൈന്യത്തെയാണു പറഞ്ഞയക്കാറുള്ളത്.
ഒരു യുദ്ധം ഒഴിവാക്കാന്‍ എന്നും നന്നായി വെള്ളം കുടിക്കുക. മൂത്രമൊഴിക്കുമ്പോള്‍ പുകച്ചില്‍ ഉണ്ടാകുമ്പോള്‍ മാത്രം വെള്ളം കുടിക്കുക എന്നതല്ലാതെ എന്നും അതൊരു ശീലമാക്കുക. അടിക്കടി അണുബാധ വരുന്നവര്‍ കുറഞ്ഞതു രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും ദിവസവും കുടിക്കണം. വെള്ളം കുടിച്ചാല്‍ മാത്രം പോര, കൃത്യമായ ഇടവേളകളില്‍ മൂത്രം പിടിച്ചുവയ്ക്കാതെ മൂത്രമൊഴിച്ചു കളയാനും ശ്രദ്ധിക്കണം. വ്യക്തി ശുചിത്വമാണു മറ്റൊന്ന്.
അടിവസ്ത്രങ്ങളിലെ വിയര്‍പ്പ്, നനവ് എന്നിവ കഴിയുന്നതും ഒഴിവാക്കുക. ലൈംഗികബന്ധത്തിനു മുന്‍പും ശേഷവും ശരീരം വൃത്തിയായി സൂക്ഷിക്കാന്‍ പങ്കാളികള്‍ ശ്രദ്ധിക്കുക. തിരക്കുകളുള്ള ജീവിതമാണെങ്കിലും നമ്മുടെ നല്ല ആരോഗ്യത്തെ എന്നും സൂക്ഷിക്കാന്‍ മറക്കാതിരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."