ഫെഡറര്‍- ഡെല്‍ പോട്രോ ഫൈനല്‍
ഇന്ത്യന്‍ വെല്‍സ്: ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്സ് ടെന്നീസ് പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറി. കിരീട പോരില്‍ ലോക എട്ടാം നമ്പര്‍ താരം അര്‍ജന്റീനയുടെ യുവാന്‍ മാര്‍ടിന്‍ ഡെല്‍ പോട്രോയാണ് ഫെഡററുടെ എതിരാളി.
സീസണിലെ അപരാജിത മുന്നേറ്റം തുടര്‍ന്ന ഫെഡറര്‍ തുടര്‍ച്ചയായ 17ാം വിജയവുമായാണ് ഫൈനലിലേക്ക് കടന്നത്. സെമിയില്‍ ക്രൊയേഷ്യന്‍ യുവ താരം ബൊര്‍ന കൊറിക്കിനെ പരാജയപ്പെടുത്തിയാണ് ഫെഡററുടെ മുന്നേറ്റം. സ്കോര്‍: 5-7, 6-4, 6-4. ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് ഫെഡറര്‍ തുടര്‍ച്ചയായി രണ്ട് സെറ്റുകളില്‍ വിജയം പിടിച്ച് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ തുടര്‍ച്ചയായി 17 മത്സരങ്ങള്‍ വിജയിച്ച് തുടക്കമിട്ട് സ്വന്തം റെക്കോര്‍ഡ് തിരുത്താനും ഫെഡറര്‍ക്ക് സാധിച്ചു. 2006ല്‍ തുടര്‍ച്ചയായി 16 മത്സരങ്ങള്‍ വിജയിച്ച് സീസണ് തുടങ്ങിയതായിരുന്നു നേരത്തെയുള്ള മികച്ച പ്രകടനം. രണ്ടാം സെമി പോരാട്ടത്തില്‍ കാനഡയുടെ മിലോസ് റാവോനിക്കിനെ കീഴടക്കിയാണ് ഡെല്‍ പോട്രോ ഫൈനലിലേക്ക് കടന്നത്. സ്കോര്‍: 6-2, 6-3.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."