സഊദി വ്യോമപാത വഴി ഇസ്‌റാഈലിലേക്ക് എയര്‍ ഇന്ത്യ സര്‍വിസ് 22 മുതല്‍
റിയാദ്: സഊദി വ്യോമപാത വഴി ഇസ്‌റാഈലിലേക്ക് എയര്‍ ഇന്ത്യയുടെ വിമാന സര്‍വിസിന് ഈ മാസം 22 മുതല്‍ തുടക്കമാകും. എയര്‍ ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 256 സീറ്റുള്ള ബോയിങ് 787800 ഇനത്തില്‍പ്പെട്ട ഡ്രീം ലൈനര്‍ വിമാനം ന്യൂ ഡല്‍ഹിയില്‍ നിന്ന് ഇസ്‌റാഈലിലെ തെല്‍ അവീവിലേക്ക് വ്യാഴാഴ്ച പറന്നു തുടങ്ങുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
ഏറെ വിവാദങ്ങള്‍ക്കു ശേഷമാണ് സഊദി വ്യോമ പാത ഉപയോഗിച്ച് തങ്ങളുടെ വിമാന സര്‍വിസ് തുടങ്ങുന്ന കാര്യം ഔദ്യോഗികമായി എയര്‍ ഇന്ത്യ പ്രഖ്യാപിച്ചത്.
കഴിഞ്ഞ മാസമാണ് സഊദി തങ്ങളുടെ വ്യോമപാതയിലൂടെ എയര്‍ ഇന്ത്യക്ക് ഇസ്‌റാഈലിലേക്ക് സര്‍വിസ് നടത്താന്‍ അനുമതി നല്‍കിയതെന്ന വാര്‍ത്ത പുറത്തുവന്നത്. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ സഊദി അധികൃതരും വ്യോമയാന മന്ത്രാലയവും ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഇസ്‌റാഈലുമായി യാതൊരു ബന്ധവുമില്ലാത്ത തങ്ങളുടെ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും അത് തുടരുമെന്നുമാണ് സഊദി വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ പിന്നീട് ഈ മാസം ഏഴിന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു വാഷിങ്ടണില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നെങ്കിലും സഊദി അധികൃതര്‍ വിഷയത്തില്‍ പ്രതീകരിച്ചിരുന്നില്ല. അതിനിടെയാണ് കഴിഞ്ഞദിവസം എയര്‍ ഇന്ത്യ യാത്രാ ഷെഡ്യൂള്‍ പ്രഖ്യാപിച്ചത്. അതേസമയം സഊദി വ്യോമയാന മന്ത്രാലയത്തില്‍ നിന്നോ, അധികൃതരില്‍ നിന്നോ ഇതേക്കുറിച്ച് പ്രതികരണം ലഭ്യമായിട്ടില്ല.
സഊദി അറേബ്യ, ഒമാന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുടെ വ്യോമപാതയിലൂടെ ആയിരിക്കും ന്യൂ ഡല്‍ഹിയില്‍ നിന്ന് എയര്‍ ഇന്ത്യ സര്‍വിസ് നടത്തുക. നിലവില്‍ ഇസ്‌റാഈലില്‍നിന്ന് ഇന്ത്യയിലെ ബോംബെയിലേക്ക് ആഴ്ചയില്‍ ഇസ്‌റാഈല്‍ വിമാന കമ്പനിയായ ഇല്‍ അല്‍ന്റെ ഒരു സര്‍വിസ് മാത്രമാണുള്ളത്. ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്‌റാഈലിനെ അംഗീകരിക്കാത്തതിനാല്‍ അവരുടെ ആകാശ പാതകള്‍ ഒഴിവാക്കി വളരെ ദൂരം ചുറ്റിയാണ് സര്‍വിസ് നടത്തുന്നത്. എത്യോപ്യ വഴിയുള്ള തെക്കന്‍ വ്യോമ പാതയാണ് നിലവില്‍ ഇന്ത്യ ഇസ്‌റാഈല്‍ യാത്രക്ക് ഉപയോഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."