സമരക്കാരെ തള്ളി മുഖ്യമന്ത്രി; കീഴാറ്റൂരില്‍ കണ്ടത് പത്തു തലയുള്ള രാവണനെയെന്ന് സതീശന്‍
തിരുവനന്തപുരം: കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തെ തള്ളി മുഖ്യമന്ത്രിയും. കീഴാറ്റൂരിലൂടെ മാത്രമേ നിര്‍ദ്ദിഷ്ട ബൈപ്പാസിന് റോഡ് നിര്‍മിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
മറ്റൊരു വഴി കാണിച്ചുതരാന്‍ സമരക്കാര്‍ക്കും കഴിയില്ല. ബൈപ്പാസ് നാടിന്റെ ആവശ്യമാണെന്നും സര്‍ക്കാര്‍ കൃഷിക്കാര്‍ക്കൊപ്പമാണെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി വസ്തുതകള്‍ മനസ്സിലാക്കിയത് കൊണ്ടാണ് സ്ഥലം വിട്ടു തരേണ്ട 60 പേരില്‍ 56 പേരും അതിന് തയ്യാറായതെന്നും ചൂണ്ടിക്കാട്ടി. വിഷയത്തില്‍ വി.ഡി. സതീശന്റെ അടിയന്തര പ്രമേയ നോട്ടിസിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
വികസനത്തിന് തടസ്സം നില്‍ക്കുന്നവര്‍ നാട്ടിലുണ്ട്. അനാവശ്യ എതിര്‍പ്പുകള്‍ക്ക് പാര്‍ട്ടി വഴങ്ങില്ല. പ്രതിപക്ഷം ഒപ്പം നില്‍ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം അധികാരത്തിന്റെ പുഷ്പക വിമാനത്തില്‍ പറന്നിറങ്ങിയ പത്ത് തലയുള്ള രാവണനെയാണ് കീഴാറ്റൂരില്‍ കണ്ടതെന്ന് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി. അധികാരം ഉപയോഗിച്ച് വീണ്ടും സിംഗൂര്‍ ആവര്‍ത്തിക്കാന്‍ ശ്രമിച്ചാല്‍ അതനുവദിക്കില്ല. മുന്‍പ് ബൈപ്പാസുമായി ബന്ധപ്പെട്ട അലൈന്‍മെന്റ തയ്യാറാക്കാനും സര്‍വേയ്ക്കുമായി വന്ന ഉദ്യോഗസ്ഥരെ തടഞ്ഞത് സി.പി.എം പ്രവര്‍ത്തകരായിരുന്നുവെന്നും എന്നാല്‍ ഇന്ന് അവരെ പോലും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സി.പി.എമ്മിനോ ഈ സര്‍ക്കാരിനോ സാധിക്കുന്നില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.
തോക്കും ലാത്തിയും ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്താനും വയല്‍ മണ്ണിട്ട് നികത്താനുമുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കഴുകന്മാരല്ല 11 സി.പി.എമ്മുകാരാണ് സമരം നടത്തിയത്. അവരെ പാര്‍ട്ടി പുറത്താക്കി. പാര്‍ട്ടിയെ എതിര്‍ക്കുന്നവരേയും ചോദ്യം ചെയ്യുന്നവരേയും കൊല്ലുന്നത് സി.പി.എം അവസാനിപ്പിക്കണമെന്നും സതീശന്‍ പറഞ്ഞു.
അതിനിടെ, അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."