വടക്കനാട് സമരം: ചര്‍ച്ച പരാജയം; സമരം തുടരും
സുല്‍ത്താന്‍ ബത്തേരി: ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലും പരാജയപ്പെട്ടതോടെ വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ടുള്ള വടക്കനാട് ഗ്രാമസംരക്ഷണ സമിതിയുടെ നേത്യത്വത്തില്‍ തുടരുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്ക്. അഞ്ചാംദിനമായ ഇന്നലെ സമരപ്പന്തല്‍ സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ സുല്‍ത്താന്‍ ബത്തേരി ഗസ്റ്റ് ഹൗസില്‍ സമിതി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു.
എന്നാല്‍ ശാശ്വത പരിഹാരം ഉറപ്പാകാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു സമരക്കാര്‍. സമരമവസാനിപ്പിക്കുന്നതിനായുള്ള ജില്ലാ ഭരണകൂടത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് കലക്ടര്‍ എസ്. സുഹാസ് ഇന്നലെ 12 മണിയോടെ സമരപ്പന്തലിലെത്തിയത്. നിരാഹാരം കിടക്കുന്നവരുമായി അദ്ദേഹം സംസാരിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ നിരാഹാരം കിടക്കുന്ന മൂന്ന് പേരും കലക്ടറുടെ മുന്നില്‍ അവതരിപ്പിച്ചു. പിന്നീടാണ് ഫോറസ്റ്റ് ഗസ്റ്റ് ഹൗസില്‍ ചര്‍ച്ച നടന്നത്. 27ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന വനം, റവന്യു വകുപ്പ് മന്ത്രിമാരും ജില്ലയിലെ എം.എല്‍.എമാരും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്താമെന്നും അതുവരെ സമരം അവസാനിപ്പിക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ഥന സമരസമിതി നേതാക്കള്‍ തള്ളിക്കളയുകയായിരുന്നു. നേരത്തെയും ഇതേ ആവശ്യമുന്നയിച്ച് നിരവധി സമരങ്ങള്‍ നടന്നിട്ടുണ്ടെന്നും എന്നാല്‍ താല്‍കാലിക പരിഹാരമല്ലാതെ ശ്വാശ്വത പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു. കണ്ണൂര്‍ കേളകത്ത് നിര്‍മിച്ച സോളാര്‍ ഫെന്‍സങോട് കൂടിയ കല്‍മതില്‍ വടക്കനാടും നിര്‍മിക്കണം. പരിഹാരത്തിനായി മന്ത്രിതല ചര്‍ച്ച ഉറപ്പ് വരുത്തണമെന്നും സമരസമിതി നേതാക്കള്‍ ചര്‍ച്ചയില്‍ കലക്ടറോട് ആവശ്യപ്പെട്ടു. ഗ്രാമസംരക്ഷണ സമിതി ഉന്നയിച്ച ആവശ്യങ്ങള്‍ കാണിച്ച് സര്‍ക്കാരിലേക്ക് വിശദ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും വടക്കനാട് പ്രദേശം കലക്ടര്‍ സന്ദര്‍ശിക്കുമെന്നും പ്രശ്‌നപരിഹാരത്തിന് വിദഗ്ധരെ ഉള്‍പെടുത്തി പദ്ധതി തയാറാക്കുമെന്നും ജില്ലാ ഭരണകൂടം യോഗത്തെ അറിയിച്ചു. പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ കണക്കിലെടുത്ത് സമരം അവസാനിപ്പിക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.
27ന് ചര്‍ച്ച നടക്കുന്ന സാഹചര്യത്തില്‍ നിരാഹാര സമരം നിര്‍ത്തിവെയ്ക്കണമെന്ന പൊലിസ് അധികാരികളും സമരസമിതി നേതാക്കളോട് അഭ്യര്‍ഥിച്ചു. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. 27ന് തിരുവനന്തപുരത്ത് നടക്കുന്ന മന്ത്രിതല ചര്‍ച്ചയെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ല. വിളിച്ചാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
അതിലും തീരുമാനം ആയില്ലെങ്കില്‍ സമരത്തിന്റെ രീതി മാറുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.ഗ്രാമസംരക്ഷണ സമിതിയെ ചെവ്വാഴ്ച കലക്ടര്‍ചര്‍ച്ചക്ക് വിളിച്ചിരുന്നെങ്കിലും കലക്ടര്‍ സമരപ്പന്തല്‍ സന്ദര്‍ശിക്കാതെ ചര്‍ച്ചക്കില്ല എന്ന നിലപാടിലായിരുന്നു സമരക്കാര്‍. തുടര്‍ന്നാണ് ഇന്നലെ കലക്ടര്‍ സമരപ്പന്തലിലെത്തിയത്. അതേ സമയം സാമൂഹ്യ,രാഷ്ട്രീയ, സംഘടനകളുള്‍പ്പെടെ നിരവധി പേരാണ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി ദിനവും സമരപ്പന്തലിലെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."