കീഴാറ്റൂര്‍ സമരം വിജയിക്കേണ്ടത് കേരളത്തിന്റെ ആവശ്യം: എ.ഐ.വൈ.എഫ്
തളിപ്പറമ്പ്: കീഴാറ്റൂര്‍ വയല്‍ മണ്ണിട്ടു നികത്തിയുള്ള വികസനം ഒഴിവാക്കി നിലവിലെ ദേശീയപാത വികസിപ്പിക്കുന്നതിനുളള ബദല്‍ സാധ്യതകള്‍ പരിശോധിക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്. ദേശീയ പാതക്ക് ബദല്‍ ഉണ്ടെങ്കിലും വയലിന് മറ്റൊരു ബദല്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം വയല്‍ക്കിളികള്‍ നടത്തുന്ന സമരം വിജയിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്നും വ്യക്തമാക്കി.
കീഴാറ്റൂരില്‍ സി.പി.എം കത്തിച്ച വയല്‍കിളികളുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നുഅദ്ദേഹം. കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ സമരപ്പന്തല്‍ ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് കത്തിച്ചത്. വയല്‍ സംരക്ഷണത്തിനും കുടിവെള്ളത്തിനും വേണ്ടി നടത്തുന്ന സമരം വിജയിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. 2008 ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന തണ്ണീര്‍തട സംരക്ഷണ നിയമം നോക്കുകുത്തിയായി മാറുന്ന സ്ഥിതിയാണ് കീഴാറ്റൂരില്‍ കാണുന്നത്.
വയല്‍ നികത്തുന്നത് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന ക്രിമിനല്‍ കുറ്റമാക്കി നിയമം പാസാക്കിയത് എല്‍.ഡി.എഫ് ആണെന്ന് ഓര്‍ക്കണമെന്നും മഹേഷ് കക്കത്ത് പറഞ്ഞു.
25 ന് നടക്കുന്ന സമരത്തില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് തങ്ങള്‍ സമരത്തോടൊപ്പമാണെന്നും വയല്‍നികത്തുന്നത് പോലുള്ള പ്രശ്നങ്ങളില്‍ കക്ഷിരാഷ്ട്രീയം നോക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കീഴാറ്റൂരില്‍ വയല്‍നികത്തി ബൈപാസ് നിര്‍മിക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ പുനരാലോചിക്കണമെന്ന് തന്നെയാണ് എ.ഐ.വൈ.എഫിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന ജോ.സെക്രട്ടറി പി.രവാസ്, ജില്ലാ പ്രസിഡന്റ് എം.സി സജീഷ്, സെക്രട്ടറി കെ.വി രജീഷ്, എം.ശ്രീജിത്ത്, എം.രഘുനാഥ്, ഇ.ലിജേഷ്, കെ.പി സജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."