മീപ്പുഗിരി മസ്ജിദ് അതിക്രമം: ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്ന് ഡി.ജി.പിയുടെ ഉറപ്പ്
കാസര്‍കോട്: ചൂരി മീപ്പുഗിരി രിഫാഇയ ജുമാമസ്ജിദിന്റെ കോമ്പൗണ്ടിനകത്ത് കയറി കലാപം ഉണ്ടാക്കാന്‍ ശ്രമിച്ച സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് ഉടന്‍ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടു വരുമെന്ന് ഡി.ജി.പി ലോകനാഥ് ബെഹ്‌റ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എക്കും യൂത്ത് ലീഗ് നേതാക്കള്‍ക്കും ഉറപ്പ് നല്‍കി. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് തരാന്‍ കണ്ണൂര്‍ ഐ.ജിയെ ചുമതലപ്പെടുത്തിയതായും ഡി.ജി.പി പറഞ്ഞു.
കൊലക്കേസ് പ്രതി അടക്കമുള്ള ആര്‍.എസ്.എസ്, സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പള്ളി കോമ്പൗണ്ടിനകത്തു കയറി കലാപം ഉണ്ടാക്കാനുള്ള ശ്രമത്തെക്കുറിച്ച് ഊര്‍ജ്ജിതമായ അന്വേഷണം നടത്തണമെന്നും പള്ളി അക്രമിക്കാന്‍ പറഞ്ഞയച്ചവരെ കൂടി നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ടും മുസ്‌ലിം യൂത്ത് ലീഗ് ചൂരി ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.ജി.പിക്കു നേരിട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് എം.കെ മുനീര്‍, എന്നിവരെയും കണ്ട് യൂത്ത് ലീഗ് നേതാക്കള്‍ പരാതി നല്‍കി.
പള്ളിക്ക് പരിസരത്ത് പൊലിസ് സ്ഥാപിച്ച സി.സി.ടി.വി കാമറകള്‍ തിരിച്ച് വെച്ചതിന് ശേഷമാണ് രാത്രി ഒന്നരയോടെ അക്രമികള്‍ കോമ്പൗണ്ടിനകത്ത് കയറിയതെന്നും പള്ളിയില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറകള്‍ കണ്ടപ്പോള്‍ അക്രമികള്‍ മൊബൈല്‍ ഫോണിലൂടെ ആരെയോ വിളിച്ചു സംസാരിക്കുന്നത് വ്യക്തമാക്കുന്നത് സംഭവം ഗൂഢാലോചനയുടെ ഭാഗമായാണു നടന്നതെന്നും യൂത്ത് ലീഗ് നേതാക്കള്‍ പരാതിയില്‍ പറഞ്ഞു.
കാസര്‍കോട് വലിയ രീതിയിലുള്ള കലാപത്തിനു കാരണമാകുമായിരുന്ന ഈ സംഭവത്തില്‍ പൊലിസ് ആദ്യം നിസാര വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തതിനെ കുറിച്ചും അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, വൈസ് പ്രസിഡന്റ് മന്‍സൂര്‍ മല്ലത്ത്, മണ്ഡലം പ്രസിഡന്റ് സഹീര്‍ ആസിഫ്, വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ ചൂരി, ശാഖാ നേതാക്കളായ മുഹമ്മദ് കുഞ്ഞി, ജുനൈദ് ചൂരി, സൈനുദ്ധീന്‍ ചൂരി എന്നിവരാണ് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."