തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവ ശുശ്രൂഷ 'നോക്കു ചികിത്സ'യിലൊതുങ്ങി
തൃക്കരിപ്പൂര്‍: താലൂക്ക് ആശുപത്രിയില്‍ സ്ത്രീ രോഗ വിദഗ്ധന്റെ സേവനം ലഭ്യമാണെങ്കിലും അനുബന്ധ സൗകര്യങ്ങളുടെ അഭാവം കാരണം ഇതു 'നോക്കു ചികിത്സയില്‍' മാത്രം ഒതുങ്ങി. സാമൂഹ്യാരോഗ്യ കേന്ദ്രമായിരിക്കെ തന്നെ പതിറ്റാണ്ടുകള്‍ക്കു മുന്‍പ് നല്ല നിലയില്‍ പ്രസവ ശുശ്രൂഷകളും ശസ്ത്രക്രിയകളും നടന്ന ആശുപത്രിയാണിത്.
എന്നാല്‍, ഇതു താലൂക്ക് ആശുപത്രിയായി ഉയര്‍ന്നിട്ടും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കിയില്ല. സ്ത്രീ രോഗ വിദഗ്ധനെ കാണാനെത്തുന്നവര്‍ക്കു കാത്തിരിക്കാനുള്ള സൗകര്യം പോലും ഒരുക്കിയില്ല. നിരവധി മുറവിളികളുടെ ഭാഗമായാണ് രണ്ടുമാസം മുന്‍പ് സ്ത്രീ രോഗ വിദഗ്ധനെ നിയമിച്ചത്. എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി പണി കഴിപ്പിച്ച ബ്ലോക്കില്‍ രണ്ടാം നില പൂര്‍ണമായും ഒഴിഞ്ഞു കിടക്കുന്ന അവസരത്തിലാണ് സ്ത്രീ രോഗ ശുശ്രൂഷ വെറും 'നോക്കുചികിത്സ'യില്‍ ഒതുക്കിയിരിക്കുന്നത്.
ലേബര്‍ മുറി, വാര്‍ഡ്, ശസ്ത്രക്രിയാ മുറി ഇവയെല്ലാം ഒരുക്കാനുള്ള സൗകര്യങ്ങള്‍ ആശുപത്രിയിലുണ്ടായിരിക്കെയാണ് ഈ സ്ഥിതിയുണ്ടായിരിക്കുന്നതെന്ന് രോഗികള്‍ ആരോപിക്കുന്നു.
ആശുപത്രിയിലെത്തി സ്ത്രീ രോഗ വിദഗ്ധന്റെ സേവനം തേടിയാലും പ്രസവം ഉള്‍പ്പടെയുള്ള മറ്റുകാര്യങ്ങള്‍ക്കു സ്വകാര്യാശുപത്രിയെ ആശ്രയിക്കേണ്ടിവരും. അഞ്ചു പഞ്ചായത്തുകളിലെയും പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയിലെ അന്നൂര്‍ പ്രദേശങ്ങളിലുള്ള നിര്‍ധന രോഗികളുടെയും ആശ്രയ കേന്ദ്രമാണ് തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."