ചുള്ളിക്കാടിന്റെ കവിതയിലൂടെ സ്വര്‍ഗീയ സഞ്ചാരം
തിരുവനന്തപുരം: തന്റെ കവിത പഠിപ്പിക്കേണ്ടതില്ലെന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അഭിപ്രായത്തോട് മുന്‍ കോളജ് അധ്യാപകനായ പ്രൊഫ. കെ.യു അരുണനു പൂര്‍ണ യോജിപ്പാണ്.
കവിത പഠിപ്പിക്കാനുള്ളതല്ലെന്നു തന്നെയാണ് അരുണന്‍ മാഷിന്റെ അഭിപ്രായം. കവിത പിന്നെ എന്തിനുള്ളതാണെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയും അദ്ദേഹത്തിന്റെ കൈയിലുണ്ട്. കവിത 'നിശ്ശബ്ദതയില്‍ ചാരുകസേരയില്‍ കിടന്ന് വായിച്ചാസ്വദിച്ച് അതിവിസ്തൃതവും വിഭിന്നവുമായ ആര്‍ജിത സംസ്‌കാരത്തില്‍ സ്വര്‍ഗീയ സഞ്ചാരം നടത്താനുള്ളത്' ആണെന്നാണ് ആ ഉത്തരം. പിന്നെ എന്തിനാണ് കവിത പഠിപ്പിക്കുന്നതെന്ന് സഭയില്‍ നിന്ന് ചോദ്യമുയര്‍ന്നപ്പോള്‍, ഭാഷ പഠിപ്പിക്കാന്‍ ചില നെറികേടുകള്‍ കാണിക്കേണ്ടി വരുമെന്നും അതിലൊന്നാണ് കവിത പഠിപ്പിക്കലെന്നും ഉത്തരം.
ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ കവിതയ്‌ക്കൊപ്പം ശാസ്ത്രത്തെക്കുറിച്ചും അരുണന്‍ മാഷ് വാചാലനായപ്പോള്‍, അദ്ദേഹം ഏതു വിഷയമാണ് പഠിച്ചതെന്നും കോളജില്‍ എന്താണ് പഠിപ്പിച്ചിരുന്നതെന്നും അറിയാന്‍ പി.സി ജോര്‍ജിനു കൗതുകം. ആദ്യം പഠിച്ചത് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയാണെന്നും പിന്നീട് മലയാളം പഠിച്ച് കോളജില്‍ മലയാളം അധ്യാപകനായെന്നും അദ്ദേഹത്തിന്റെ വിശദീകരണം.
മന്ത്രി കെ.ടി ജലീല്‍ ഉറഞ്ഞുതുള്ളിയതുകൊണ്ടൊന്നും സി.പി.എമ്മിന്റെ മുസ്‌ലിം വിരുദ്ധ മുഖം ഇല്ലാതാവില്ലെന്ന് കഴിഞ്ഞ ദിവസം ജലീല്‍ സഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കു മറുപടിയായി ടി.വി ഇബ്രാഹിം. തശേരിയിലെ ഒരു സക്കാത്ത് കമ്മിറ്റി 1999ല്‍ മുഖ്യമന്ത്രിയുടെ നാടായ പിണറായിയില്‍ 40 പേര്‍ക്ക് വീടു നിര്‍മിച്ചുകൊടുക്കാന്‍ ശിലാസ്ഥാപനം നടത്തി.
ശിലാഫലകം സി.പി.എമ്മുകാര്‍ തകര്‍ക്കുകയും വീടു പണിയാന്‍ അനുവദിക്കില്ലെന്നു പറയുകയും ചെയ്തു. ഒടുവില്‍ സി.പി.എം നേതാക്കളുമായി ചര്‍ച്ച നടത്തിയപ്പോള്‍ 10 വീടുകള്‍ നിര്‍മിക്കാന്‍ മാത്രമാണ് അനുമതി നല്‍കിയത്. ധര്‍മടത്തെ കാടാച്ചിറയിലെ ആടൂര്‍ പള്ളി ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കാന്‍ സി.പി.എമ്മുകാര്‍ അനുവദിക്കുന്നില്ല. പള്ളിയില്‍ നിന്ന് ബാങ്ക് വിളിക്കാനും അനുവദിക്കുന്നില്ലെന്ന് ഇബ്രാഹിം.
മുസ്‌ലിം ലീഗുകാര്‍ക്ക് ആരെയും കൊല്ലാമെന്ന അവസ്ഥയാണെന്ന് എ.എന്‍ ഷംസീര്‍. സി.ബി.ഐയെ കാണിച്ചൊന്നും സി.പി.എമ്മുകാരെ പേടിപ്പിക്കാന്‍ നോക്കേണ്ട. കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ലഭിക്കുന്നത് സി.പി.എമ്മില്‍ നിന്നാണെനും ഷംസീര്‍. മുസ്‌ലിം ലീഗിനു വോട്ടു ചെയ്താല്‍ സ്വര്‍ഗത്തില്‍ പോകുമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നതു കേട്ടിട്ടുണ്ടെന്ന് വി. അബ്ദുറഹിമാന്‍. എന്നാല്‍, ലീഗുകാര്‍ കൊന്നവര്‍ സ്വര്‍ഗത്തിലോ നരകത്തിലോ പോകുകയെന്ന് അബ്ദുറഹിമാന്റെ ചോദ്യം.
മൂന്നു രേഖകള്‍ എടുത്തുകാട്ടിയാണ് എം.കെ മുനീര്‍ ഷംസീറിന്റെ വാദത്തെ നേരിട്ടത്. അതില്‍ മാറാട് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച തോമസ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ കൊലയില്‍ സി.പി.എമ്മുകാര്‍ക്ക് പങ്കുണ്ടെന്നു പറയുന്നുണ്ടെന്ന് മുനീര്‍. രണ്ടാമത്തേത്, തലശേരി കലാപത്തെക്കുറിച്ച് അന്വേഷിച്ച വിതയത്തില്‍ കമ്മിഷന്‍ റിപ്പോര്‍ട്ടാണ്. തലശേരിയില്‍ വര്‍ഗീയ വികാരം ആളിക്കത്തിക്കുന്നതില്‍ സി.പി.എമ്മിനുള്ള പങ്ക് അതില്‍ പറയുന്നുണ്ട്.
വിതയത്തില്‍ കമ്മിഷനു മുമ്പാകെ അന്ന് സി.പി.ഐ നല്‍കിയ ഔദ്യോഗിക പ്രസ്താവനയാണ് മൂന്നാമത്തേത്. അച്യുതമേനോന്‍ മന്ത്രിസഭയില്‍ ലീഗ് ചേര്‍ന്നതിലുള്ള പക മൂലം സി.പി.എം തലശേരിയില്‍ വര്‍ഗീയ വിദ്വേഷം ഇളക്കിവിട്ടതായി അതില്‍ പറയുന്നുണ്ട്. മൂന്നു രേഖകളും താന്‍ സഭയുടെ മേശപ്പുറത്തു വയ്ക്കുന്നെന്നും ഷംസീര്‍ അതൊന്നു വായിച്ചുനോക്കണമെന്നും മുനീര്‍.
രാഹുല്‍ ഗാന്ധി കുറി തൊട്ടു നടക്കുന്നത് ഹിന്ദുത്വ രാഷ്ട്രീയക്കളിയുടെ ഭാഗമാണെന്ന ഷംസീറിന്റെ ആരോപണത്തിന്, കോണ്‍ഗ്രസില്‍ കുറി തൊടുന്നതിനു യാതൊരു വിലക്കുമില്ലെന്ന് വി.ടി ബല്‍റാമിന്റെ മറുപടി. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. പല മതങ്ങളിലും വിശ്വസിക്കുന്നവരും ഒന്നിലും വിശ്വസിക്കാത്തവരും പാര്‍ട്ടിയിലുണ്ട്. സി.പി.എം നേതാക്കളെപ്പോലെ തലയില്‍ മുണ്ടിട്ട് കാടാമ്പുഴ ക്ഷേത്രത്തില്‍ പോയി ശത്രുസംഹാരപൂജ നടത്തേണ്ട ഗതികേട് കോണ്‍ഗ്രസുകാര്‍ക്കില്ലെന്നും ബല്‍റാം.
കായംകുളം കൊച്ചുണ്ണി ഒരു 'സോഷ്യലിസ്റ്റ് ക്രിമിനല്‍' ആയിരുന്നെന്നാണ് മന്ത്രി ജി. സുധാകരന്റെ അഭിപ്രായം. സ്റ്റേഷനുകളെക്കുറിച്ച് വിവരം നല്‍കാന്‍ ട്രെയിനുകളില്‍ ഇലക്ട്രോണിക് ഡിസ്‌പ്ലേ സ്ഥാപിക്കുന്നതിനെക്കുറിച്ചും സ്ത്രീകളുടെ കംപാര്‍ട്ട്‌മെന്റ് ട്രെയിനിന്റെ മധ്യത്തില്‍ ആക്കുന്നതിനെക്കുറിച്ചുമുള്ള യു. പ്രതിഭ ഹരിയുടെ സബ്മിഷനുള്ള മറുപടിയിലായിരുന്നു സുധാകരന്റെ പരാമര്‍ശം.
കൊച്ചുണ്ണി ബനിയനും ലുങ്കിയുമാണ് ധരിച്ചിരുന്നത്. എന്നാല്‍, കേരളത്തിലിപ്പോള്‍ വൈറ്റ് കോളര്‍ ക്രിമിനലുകളുണ്ട്. ആധുനിക വസ്ത്രങ്ങള്‍ ധരിച്ചു നടക്കുന്ന അവരെ കണ്ടാല്‍ മാന്യന്‍മാരാണെന്നു തോന്നും. എന്നാല്‍, മനസു നിറയെ ക്രിമിനല്‍ വാസനയായിരിക്കും. ഇവരില്‍നിന്നാണ് സ്ത്രീകള്‍ അധികവും അതിക്രമങ്ങള്‍ നേരിടുന്നത്. സംസ്ഥാനത്ത് ഇത്തരം ക്രിമിനലുകളുടെ എണ്ണം പെരുകിവരികയാണെന്നും സുധാകരന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."