മെഡി:കോളജ് ആശുപത്രിയില്‍ ആധുനിക എക്സ്റേ യന്ത്രം സ്ഥാപിച്ചു
ചേവായൂര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ റേഡിയോളജി വിഭാഗത്തില്‍ നൂതന എക്സ്റേ യന്ത്രം സ്ഥാപിച്ചു.റേഡിയോളജി വിഭാഗത്തിനോട് ചേര്‍ന്ന് നേരത്തെ എക്സ്റേ പ്രവര്‍ത്തിച്ചിരുന്ന പത്താം നമ്പര്‍ മുറിയിലാണ് ഡിജിറ്റല്‍ റേഡിയോഗ്രാഫി മെഷീന് സ്ഥാപിച്ചിട്ടുള്ളത്. മെഷീനിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ വിദഗ്ധ സംഘം ഇന്ന് മെഡിക്കല്‍ കോളജിലെത്തും. 1.65കോടിയാണ് എക്സ്റേ യന്ത്രത്തിന്റെ വില. അഞ്ച് ലക്ഷം രൂപ മുടക്കിയാണ് മെഷീന് സ്ഥാപിക്കാനുള്ള മുറിയൊരുക്കിയത്.
വളരെ വേഗത്തില്‍ കൃത്യതയോടെ ആന്തരികാവയവങ്ങള്‍ പകര്‍ത്താനാവുമെന്നതാണ് യന്ത്രത്തിന്റെ പ്രത്യേകത.ആശുപത്രിയില്‍ പൂര്‍ണമായി ഡിജിറ്റല്‍ സംവിധാനമൊരുക്കിയാല്‍ ഡോക്ടര്‍മാര്‍ക്ക് തങ്ങളുടെ മുറിയിലിരുന്ന് തത്സമയം രോഗിയുടെ ആന്തരികാവയവങ്ങളുടെ അവസ്ഥ നിരീക്ഷിക്കാനുള്ള സംവിധാനവും പുതിയ എക്സ്റേ യന്ത്രത്തിലുണ്ട്. കാസെറ്റ് സംവിധാനം പൂര്‍ണമായും ഒഴിവാകുന്നു എന്നതും പുതിയ മെഷീനിന്റെ പ്രത്യേകതയാണ്. റേഡിയോളജി വിഭാഗത്തില്‍ ഇത് കൂടാതെ മൂന്ന് എക്സ്റേ യൂനിറ്റുകള്‍ വേറെയുണ്ടെങ്കിലും ഇവിടെ തിരക്കനുഭവപ്പെടുന്നത് പതിവാണ്.പുതിയ എക്സ്റേ സ്ഥാപിച്ചത് രോഗികള്‍ക്ക് ഏറെ ആശ്വാസമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."