കപടമതേതര നാട്യങ്ങളുടെ ദുരന്തങ്ങള്‍
1930 ഡിസംബര്‍ 29ന് അലഹാബാദില്‍ ചേര്‍ന്ന സര്‍വേന്ത്യാ മുസ്‌ലിം ലീഗിന്റെ വാര്‍ഷിക സമ്മേളനത്തില്‍ അധ്യക്ഷ്യം വഹിച്ചുകൊണ്ട് കവി ദാര്‍ശനികന്‍ ഡോ. അല്ലാമാ ഇഖ്ബാല്‍ പറഞ്ഞു: 'ഞാന്‍ എന്റെ സമുദായത്തെ സ്‌നേഹിക്കുന്നു. കാരണം എന്റെ സമുദായമാണ് എന്റെ ജീവിതത്തിന്റെയും പെരുമാറ്റങ്ങളുടെയും ദിശ നിര്‍ണയിച്ചു തന്നത്. എന്റെ വര്‍ത്തമാന കാലബോധത്തില്‍ സ്വന്തം ഭൂതകാലത്തിന്റെ പുനഃസൃഷ്ടി നടത്തുകയും സജീവമായ ചാലകശക്തിയാക്കി അതിനെ പരിവര്‍ത്തിപ്പിക്കുകയും ചെയ്ത് കൊണ്ട് എന്നെ രൂപപ്പെടുത്തിയത് എന്റെ സമുദായമാണ്.'
രചനാത്മകമായ സാമുദായിക ബോധമാണ് സമുദായ സംഘടനയുടെ ജീവ വായു. സമുദായത്തിന്റെ വളര്‍ച്ചയിലും വികാസത്തിലും ഊന്നുകയും അതേസമയം തങ്ങളുടെ അനിവാര്യത മൊത്തം സമൂഹത്തെ ബോധ്യപ്പെടുത്തിക്കൊണ്ട് അവരുടെ പിന്തുണയും സഹകരണവും തേടുന്നതുമാണ് കേരളത്തില്‍ രൂപപ്പെട്ട സാമുദായിക ബോധത്തിന്റെ ചരിത്രവും വര്‍ത്തമാനവും. എന്നാല്‍, സമുദായത്തിന്റെ താല്‍പര്യങ്ങളിലോ വളര്‍ച്ചയിലോ ഊന്നുന്നതിനു പകരം സ്വത്വം നഷ്ടപ്പെടുത്തി സൗഹാര്‍ദവും അംഗീകാരവും വിലക്ക് വാങ്ങാന്‍ ശ്രമിക്കുന്ന പുതിയ ഒരു പ്രവണതയും മുളപൊട്ടിത്തുടങ്ങിയിട്ടുണ്ട്. പാരമ്പര്യമായി മലബാറില്‍ നാം അഭിമാനിക്കുന്ന സംഘ ശക്തിയെ നശിപ്പിക്കാനേ ഈ പുതിയ രീതി സഹായിക്കുകയുള്ളൂ.
മതം മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങളുടെ മനുഷ്യക്കൂട്ടായ്മയാണ് സമുദായം. ഈ കൂട്ടായ്മയില്‍ ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക് കെട്ടിടം പോലെയാണെന്നാണ് തിരുനബി (സ) ഉപമിച്ചത്. എന്നാല്‍, സമീപകാല സംഭവങ്ങളില്‍ പലപ്പോഴും സമുദായത്തിന്റെ പൊതുവികാരത്തിനു പുല്ലു വില നല്‍കി, പൊതു സ്വീകാര്യതയ്ക്ക് വേണ്ടി പരക്കം പായുന്ന ചില നേതാക്കളെ നാം കാണുന്നു.
മുസ്‌ലിം മുഖ്യധാരാ രാഷ്ട്രീയത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കേണ്ടവര്‍ ഉത്തരവാദിത്വ ബോധത്തോടെ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. രാഷ്ട്രീയത്തിന്റെ അടിക്കല്ല് സംഘബോധമാണ്. സംഘബോധം ചരിത്രത്തില്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്ന് ദാര്‍ശനികമായ ഉള്‍ക്കാഴ്ചയോടെ വിശദീകരിച്ച അല്ലാമാ ഇബ്‌നു ഖല്‍ദൂന്റെ 'മുഖദ്ദിമ'യില്‍ ജനശക്തിയിലൂടെയുള്ള സംഘബോധത്തിനും ഉപരിയായ ശക്തി മതബോധവും തജ്ജന്യമായ മതാഭിമുഖ്യവുമാണ് സൃഷ്ടിക്കുകയെന്ന് വിശദീകരിക്കുന്നുണ്ട്. അതായത് മത ബോധമാണ് പരമപ്രധാനമെന്ന്.
മതത്തിലൂടെ കിട്ടുന്ന ഉള്‍ക്കാഴ്ച ഒരു ശക്തിക്കും പ്രതിരോധിക്കാന്‍ സാധിക്കാത്തതാണ്. എന്നാല്‍, ഈ സന്നദ്ധതയോടെ മുന്നേറുന്ന ഒരു സംഘത്തെ നേരിടുന്ന മറ്റു രാഷ്ട്രീയസംഘങ്ങള്‍ അനവധിയുണ്ടെങ്കിലും ലക്ഷ്യങ്ങള്‍ വിഭിന്നമായത് കൊണ്ട് അത് പൊള്ളയാണ്. മൃത്യുവക്ത്രത്തില്‍ ഒരുത്തന്‍ അപരനെ തള്ളിയിട്ട് തടി തപ്പുന്ന സ്ഥിതി അവര്‍ക്കിടയില്‍ എപ്പോഴുമുണ്ടാകും.
തുടര്‍ന്ന്, ഇബ്‌നു ഖല്‍ദൂന്‍ ഉദാഹരണങ്ങള്‍ നിരത്തുന്നു. 'ഇസ്‌ലാമിന്റെ പ്രാരംഭ കാലത്തുണ്ടായ ദിഗ്‌വിജയങ്ങളില്‍ ഇത് സംഭവിച്ചിരുന്നു. ഖാദിസിയ്യയിലും യര്‍മൂക്കിലും. മുസ്‌ലിം സൈന്യ ശേഖരം മുപ്പതിനായിരത്തില്‍ അധികമില്ല. ഖാദിസിയ്യയില്‍ പേര്‍ഷ്യന്‍ സൈന്യം 2,10,000 പേരുണ്ടായിരുന്നു. ഹെറാക്ലിയസ്സിന്റെ സൈന്യം യര്‍മൂക്കില്‍ 4,00,000 ഉണ്ടായിരുന്നു. എന്നിട്ടും അറബികള്‍ അവരെ നിലംപരിശാക്കി. ലിംതൂനയും മുവഹ്ഹിദീന്‍ ഭരണ വംശവും മറ്റൊരു ഉദാഹരണമാണ്. മഗ്‌രിബ് പ്രദേശത്ത് സംഘബോധം കൊണ്ടും സംഖ്യാധിക്യം കൊണ്ടും അവരോടു കിടപിടിക്കുകയോ അവരെക്കാള്‍ മികച്ച് നില്‍ക്കുകയോ ചെയ്യുന്ന പല ഗോത്രങ്ങളുമുണ്ടായിരുന്നു. പക്ഷെ, ഒരു വ്യത്യാസമുണ്ടായത്, മതപരമായ സംഘടന അവരുടെ സംഘബോധത്തിന്റെ ശക്തിയെ ശതഗുണീഭവിപ്പിച്ചുവെന്നതാണ്'.
ഇബ്‌നു ഖല്‍ദൂന്‍ തുടരുന്നു. 'മതബോധം ഇല്ലാതായി അത് നശിച്ച് കെട്ടുപോകുമ്പോള്‍ രാഷ്ട്രീയ ശക്തിയും അധികം വൈകാതെ ക്ഷയിക്കും. കാരണം അതിന്റെ കോയ്മ ഇപ്പോള്‍ നിലനില്‍ക്കുന്നത് സംഘബോധം കൊണ്ട് മാത്രമാണ്, മതത്തിന്റെ അധിക ശക്തി ഇല്ലാതായിരിക്കുന്നു. മതത്തിന്റെയും മതപണ്ഡിതന്മാരുടെയും പിന്തുണ എന്നാണോ ഒരു സാമുദായിക സംഘബോധത്തിനു നഷ്ടപ്പെടുന്നത് അന്ന് അത് അതിന്റെ അധോഗതി ഉദ്ഘാടനം ചെയ്യുന്നു'.
മുസ്‌ലിം കേരളത്തിന്റെ അഭിമാനകരമായ അസ്തിത്വത്തെ നിര്‍ണയിച്ചത് രാഷ്ട്രീയ സംഘ ബോധത്തോടൊപ്പം പ്രധാനമായും സമസ്ത പ്രതിനിധാനം ചെയ്യുന്ന മതപരമായ അസ്തിത്വവുമാണ്. പ്രതിസന്ധിയുടെ കാറ്റും കോളും തട്ടാതെ അത് മുന്നോട്ട് കൊണ്ട് പോയതിന്റെ ഉത്തോലകമായി പ്രവര്‍ത്തിച്ചത് മതബോധവും മതാഭിമുഖ്യവുമാണ്. അത് പകര്‍ന്നു കൊടുത്തതാകട്ടെ മതപണ്ഡിതന്മാരും. അധ്യാപകര്‍ക്ക് മതം പറയാന്‍ കഴിയാതെ വന്നാല്‍ ക്ഷയോന്മുഖമാകുക സമുദായ രാഷ്ട്രീയം തന്നെയാണ്. നിറം മങ്ങിയ കൊടിയും ആളനക്കമില്ലാത്ത പാര്‍ട്ടി ഓഫിസുകളുമല്ലാതെ മതമൂല്യങ്ങളില്‍ വിശ്വാസമില്ലാത്ത, സാമുദായിക ബോധമില്ലാത്ത ഒരു തലമുറ പിന്നെ ഒന്നും അവശേഷിപ്പിക്കില്ല.
സര്‍വേന്ത്യാ മുസ്‌ലിം ലീഗിന് കീഴിലെ മുസ്‌ലിം വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ആദ്യത്തെ ഭരണഘടന എഴുതിയ ഡോ. അല്ലാമാ ഇഖ്ബാല്‍ കാംബ്രിജ് വിദ്യാഭ്യാസം അക്കാലത്ത് നേടിയിട്ടും സാമുദായിക ബോധം ഒട്ടും ചോര്‍ന്നു പോകാതെ ചിന്തിക്കുകയും ചുറ്റുമുള്ളവരെ അവ്വിധം ചിന്തിപ്പിക്കുകയും ചെയ്ത ദാര്‍ശനികനാണ്.
മരിക്കുന്നതിനു മൂന്നു കൊല്ലം മുന്‍പ് ഇഖ്ബാല്‍ എഴുതിയ ബാലെ ജിബ്രീലിലെ കവിതാ ശകലം ഉദ്ധരിച്ചു ബ്രൂസ് ലോറന്‍സ് എഴുതി 'star of Adam' will illumine God's world less br-ightly when indian Muslims are no long-er at the forefront of the Ummah'. ഉമ്മത്തിന്റെ മുന്നണിയില്‍ നിങ്ങളില്ലെങ്കി 'ആദമിന്റെ നക്ഷത്രം' ഭൂമിയില്‍ അരണ്ട് കത്തുകയേ ഉള്ളൂ എന്നാണ് ഇഖ്ബാല്‍ പറയുന്നത്, സമുദായത്തിന്റെ പോരാട്ട പാതയില്‍ നിങ്ങള്‍ ശത്രുപാളയത്തിനു വിരുന്നൊരുക്കുകയാണെങ്കില്‍ ദൈവത്തിന്റെ ഖലീഫയാകാന്‍ നമുക്ക് യോഗ്യതയില്ലെന്ന് കൂടിയാണ്.
കുമാരനാശാന്റെ ദുരവസ്ഥയില്‍ 'ക്രൂര മുഹമ്മദര്‍ ചിന്തുന്ന ഹൈന്ദവച്ചോരയില്‍ ചോന്നെഴും ഏറെനാട്ടില്‍' എന്ന മുസ്‌ലിം വിദ്വേഷ പരാമര്‍ശമുണ്ടായപ്പോള്‍ അക്കാലത്ത് വലിയ വിമര്‍ശനം ഉയര്‍ന്നു. വിമര്‍ശനങ്ങളില്‍ വസ്തുതയുണ്ടെന്നു ബോധ്യപ്പെടുത്താന്‍ സീതി സാഹിബ് ഉള്‍പ്പെടെ പലരും മുന്നോട്ട് വന്നു. ഒടുവില്‍ തിരുവനന്തപുരത്തെ മുസ്‌ലിം ഹോസ്റ്റലില്‍ വന്നു കുമാരനാശാന്‍ മാപ്പ് പറയുകയും മുസ്‌ലിംകള്‍ ക്രൂരരാണെന്ന പ്രതീതി ആ കാവ്യം സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ അത് മാറ്റാന്‍ മറ്റൊരു കാവ്യം രചിക്കുമെന്ന് ഉറപ്പു കൊടുക്കുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പല്ലന വച്ച് ബോട്ടപകടത്തില്‍ ദിവംഗതനായ മഹാകവിക്ക് പക്ഷെ വാക്ക് പാലിക്കാനായില്ല.
സീതി സാഹിബ് ഉള്‍പ്പെടെയുള്ളവരുടെ ഉത്പതിഷ്ണുത്വത്തോടു വിയോജിക്കുമ്പോഴും സാമുദായികബോധത്തെ അംഗീകരിക്കാതിരിക്കാനാകില്ല. ഇന്നായിരുന്നു ഇത്തരം ഒരു കവിത വന്നിരുന്നതെങ്കില്‍ അത് സോദ്ദേശ സാഹിത്യമെന്നും ഒരു വിമര്‍ശനം കൊണ്ട് ഒളിച്ചു പോകുന്നതാണോ നിങ്ങളുടെ വികാരം എന്നും പറഞ്ഞു നിലവിളിക്കാനും 'കുമാരനാശാനൊപ്പം'എന്ന് ഹാഷ്ടാഗ് ഇട്ടു കളിക്കാനും മുല്ലമാര്‍ പോയി പണി നോക്കട്ടെ എന്ന് കളിയാക്കാനും സംഘബോധത്തിനു നേതൃത്വം കൊടുക്കുന്നവര്‍ തന്നെ മുമ്പോട്ടു വന്നേനെ.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇടത് ലിബറലുകള്‍ ആഘോഷപൂര്‍വം എഴുന്നള്ളിച്ച ബത്തക്ക വിവാദം ഇതോടു ചേര്‍ത്ത് വായിക്കേണ്ടതാണ്. സോദ്ദേശ പൂര്‍വം നടത്തിയ ഒരു ഉപമാലങ്കാര പ്രയോഗത്തെ സാഹചര്യത്തില്‍ നിന്ന് അടര്‍ത്തി മാറ്റി ചില ഓണ്‍ലൈന്‍ പത്രങ്ങള്‍ ആഘോഷിക്കുകയായിരുന്നല്ലോ. വിവാദത്തിന്റെ വിശദാംശങ്ങള്‍ അവിടെ നില്‍ക്കട്ടെ. ഇത്തരം ഘട്ടങ്ങളില്‍ സമുദായത്തിന്റെ കൂടെ നില്‍ക്കേണ്ടവര്‍ എന്ത് ചെയ്തു എന്നതാണ് പ്രധാന ചോദ്യം.
സമാനമായ സംഭവങ്ങളില്‍ നമ്മുടെ സമീപനം എന്തായിരുന്നു എന്ന് നോക്കാന്‍ പോലും മെനക്കെടാതെ കിട്ടിയ പിടിവള്ളിയില്‍ അര്‍മാദിക്കുകയായിരുന്നു ചിലര്‍. 'സീതാചക്ര'ത്തില്‍ പുനത്തില്‍ എഴുതി:'എന്റെ വീട് വലിയ വീടായിരുന്നു.അത് ഭരിച്ചിരുന്നത് പ്രസവിച്ചിട്ടും ഇടിഞ്ഞു താഴാത്ത വലിയ രണ്ടു മുലകളുള്ള എന്റെ അമ്മയായിരുന്നു.അതിനേക്കാള്‍ വലുതല്ലെങ്കിലും ദൃഢമായ മുലകളുള്ള ഒരുപാടു പെണ്ണുങ്ങള്‍ ഞങ്ങളുടെ വീട്ടില്‍ ദാസികളും വെപ്പാട്ടികളുമായുണ്ടായിരുന്നു'. മതേതരനായി ജീവിച്ച പുനത്തിലിനെതിരേ അന്നുമിന്നും ആര്‍ക്കും പരാതിയില്ല. ഒട്ടും സ്ത്രീവിരുദ്ധതയുമില്ല!
കേരളത്തിന്റെ മുന്‍ ചീഫ് സെക്രട്ടറി എഴുതി. '1960ല്‍ ലണ്ടനിലെ മേരി ക്വാന്ററ് (Mary Quent) എന്ന ഫാഷന്‍ ഡിസൈനര്‍ മിനി സ്‌കേര്‍ട്ട്' അവതരിപ്പിച്ചു. ഇപ്പോള്‍ 'മിനി'ക്ക് പ്രായഭേദമില്ല.പിഞ്ചു ബാലികമാര്‍ മുതല്‍ സിന്ധിപ്പശുക്കളെ വെല്ലുന്ന രീതിയില്‍ കൊഴുത്ത് തടിച്ച ഉപ്പുമാങ്ങാ ഭരണികള്‍ വരെ മിനിയുടെ ആരാധകരാണ്. ഞാന്‍ ഇയ്യിടെ ദുബൈയില്‍ ഒരു പള്ളിയില്‍ പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ ഭക്തജനങ്ങളുടെ വരവായി. നിതംബം താളാത്മകമായി ചലിപ്പിച്ച് മൈക്രോ മിനികള്‍. മുന്‍ പിന്‍ ഭാഗങ്ങള്‍ ഉദാരമായി തുറന്നിട്ടിട്ടുണ്ട്.പള്ളി നിറയെ ചെറുപ്പക്കാര്‍. ഈന്തപ്പഴത്തില്‍ ഈച്ച പൊതിയുന്നതുപോലെ. കുര്‍ബാനയ്ക്കു വേണ്ടി മാദകത്തിടമ്പുകള്‍ മുട്ടിന്മേല്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ എന്റെ സപ്തനാഡികളും തളര്‍ന്നു പോയി! ബന്ധനത്തില്‍ നിന്നും മോചനം നേടാന്‍ വെമ്പുന്ന കുചകുംഭങ്ങളിലോ കുര്‍ബാനയപ്പം വിതരണം ചെയ്യുന്ന അച്ചന്റെ കരങ്ങളിലോ എവിടെയാണ് ശ്രദ്ധിക്കേണ്ടത്! (നതിംഗ് ഒഫിഷ്യല്‍ ജിജി തോംസണ്‍(പേജ് 77)
ദുബൈയിലെ ഊദ മേത്താ മെട്രോ സ്റ്റേഷന് സമീപമുള്ള ക്രിസ്ത്യന്‍ ചര്‍ച്ചില്‍ വരുന്ന വിശ്വാസികളുടെ മുലകളെ കുംഭ സമാനമായ മുലകളുള്ളവര്‍(കുച കുംഭം) എന്നും തടിച്ച സ്ത്രീകളെ ഉപ്പുമാങ്ങാ ഭരണികള്‍ എന്നും ഭരണിപ്പാട്ട് പാടിയ മുന്‍ ചീഫ് സെക്രട്ടറിയുടേത് സ്ത്രീ വിരുദ്ധതയല്ല! ഉദാഹരണങ്ങള്‍ തിരഞ്ഞുപോയാല്‍ ഇങ്ങനെ എത്ര കാണും!
1822 മുതല്‍ 1859 വരെ നടന്ന ചാന്നാര്‍ സമരം,1908 ഇല്‍ രൂപം കൊണ്ട യോഗ ക്ഷേമ സഭയുടെ നേതൃത്വത്തില്‍ നടന്ന ബ്ലൗസിടല്‍ സമരം തുടങ്ങിയ സമരങ്ങള്‍ക്ക് ശേഷമാണ്,കേരള സ്ത്രീകള്‍ സ്വന്തം വസ്ത്രം അണിഞ്ഞുതുടങ്ങിയതെന്നു ചരിത്ര ബോധമുള്ളവര്‍ക്ക് അറിയാം. കുപ്പായമിടുക എന്നതിന് 'മതം മാറുക'എന്നൊരര്‍ഥം കൂടി മുന്‍പുണ്ടായിരുന്നു. മാറ് മറച്ചതിനു സ്വന്തം മരുമകളോടു സി.വിയുടെ അമ്മ രോഷപൂര്‍വം പ്രതികരിച്ചത് 'ഉമ്മച്ചികളെപ്പോലെ'ആവേണ്ട എന്നായിരുന്നു. സ്ത്രീകള്‍ മാറ് മറക്കുന്നതിനെ മര്യാദകേടും അഹങ്കാരവുമായിട്ടായിരുന്നു 19ാം നൂറ്റാണ്ടിലെ കേരളത്തിലൊരു വിഭാഗം വീക്ഷിച്ചത് (കേരളീയ നവോഥാനത്തിന്റെ ചരിത്രവും വര്‍ത്തമാനവും. കെ.ഇ.എന്‍ പേജ് 163)
കേരളത്തെ ചിലര്‍ കൊണ്ട് പോകുന്നത് മാറ് മറക്കാത്ത പത്തൊമ്പതാം നൂറ്റാണ്ടിലേക്കാണ്. അവരെ നവോഥാനത്തിലേക്ക് തിരിച്ചു കൊണ്ട് വരേണ്ട ഉത്തരവാദിത്വമാണ് സാമുദായിക ബോധമുള്ള നേതൃത്വത്തിന്റെ മുന്‍ഗണന. അല്ലാതെ, സകലതും ചവിട്ടിപ്പൊളിച്ചു പഴയ ഇരുട്ടിലേക്ക് നിങ്ങള്‍ മടങ്ങിപ്പോകൂ എന്ന് ആഹ്വാനം ചെയ്യേണ്ടവരല്ല നാം.
'കവി പൂക്കളെത്തേടി സലിം അലി പക്ഷികളെത്തേടി പെണ്ണൊരുത്തിയോട് ഞാന്‍ ചോദിച്ചു ആരെത്തേടുന്നു അവള്‍ പറഞ്ഞു അറവുകാരനെ'(അയ്യപ്പന്‍).
പരിഷ്‌കാരത്തിന്റെ പച്ചില കാട്ടി പ്രലോഭിപ്പിച്ച് പെണ്ണിനെ അറവു ശാലയിലേക്ക് ആനയിക്കുന്ന കപട ലിബറലുകളെയും അവര്‍ക്ക് വിരുന്നൊരുക്കുന്നവരെയും തിരിച്ചറിയാന്‍ നാം ഇനിയും വൈകരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."