പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കൊച്ചി: വടക്കൻ പറവൂരിലെ ആറു വീടുകളിലെ മോഷണശ്രമത്തിലെ മോഷ്ടാക്കളുടെ കൂടുതൽ ദൃശ്യങ്ങള്‍ ലഭിച്ചു. എറണാകുളം വടക്കൻ പറവൂർ തൂയിത്തറയിൽ എത്തിയ മോഷ്ടാക്കളുടെ കൂടുതൽ ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. വീടിന് മുൻഭാഗത്തെ റോഡിലൂടെ മോഷ്ടാക്കള്‍ നടന്നുപോകുന്നതാണ് ദൃശ്യത്തിലുള്ളത്. തലയിൽ തുണികൊണ്ട് കെട്ടി മുഖം മറച്ചാണ് മോഷ്ടാക്കള്‍ നടന്നുപോകുന്നത്. രണ്ടു പേര്‍ അര്‍ദ്ധനഗ്നരായി ഇടവഴിയിലൂടെ നടക്കുന്നതിന്‍റെ വ്യക്തമായ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഇക്കഴിഞ്ഞ നവംബര്‍ 13ന് പുലര്‍ച്ചെ മൂന്ന് മണിക്കുള്ള ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുറുവ സംഘത്തിൽ ഉള്‍പ്പെട്ടവര്‍ തന്നെയാണ് ഇതെന്നാണ് പൊലിസ് നിഗമനം. കുറുവ സംഘം തന്നെയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആലപ്പുഴയിലെ മോഷണവുമായി ബന്ധപ്പെട്ട് കുറുവ സംഘത്തിലെ ഒരാള്‍ പിടിയിലായ സാഹചര്യത്തിൽ പറവൂരിലെ മോഷണശ്രമത്തിന് പിന്നിലും ഇതേ സംഘമാണെന്ന സംശയമാണ് കൂടുതൽ ബലപ്പെടുന്നത്.
വടക്കൻ പറവൂരിലെ മോഷണശ്രമം നടത്തിയത് കുറുവ സംഘമാണോ എന്ന് ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ആലുവ റൂറൽ എസ് പി വൈഭവ് സക്സേന കഴിഞ്ഞ ദിവസം പറഞ്ഞത്. രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ അന്വേഷണത്തിനായി മുനമ്പം ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചെന്നും റൂറൽ എസ് പി പറഞ്ഞു.
അതേസമയം കൊച്ചി നഗരത്തിൽ കൂടുതൽ പൊലിസ് വിന്യാസം ഉറപ്പാക്കി ബസ് സ്റ്റോപ്പുകളിലും റെയിവേ സ്റ്റേഷനലിലും അടക്കം പെടോളിംഗ് വ്യാപിപ്പിച്ചതായി ഡിസിപി കെ എസ് സുദർശൻ വ്യക്തമാക്കി. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിരീക്ഷണം ശക്തമാക്കിയെന്നും കൊച്ചി പൊലീസ് അറിയിച്ചു.
എറണാകുളം വടക്കൻ പറവൂരിലെ തൂയിത്തുറയിൽ പാലത്തിന് സമീപമുള്ള വീടുകളിലാണ് കഴിഞ്ഞ ദിവസം മോഷണ ശ്രമം നടന്നത്. ആറ് വീടുകളിലാണ് മോഷണശ്രമം ഉണ്ടായത്. എന്നാൽ വീടുകളിൽ നിന്ന് സാധനങ്ങളൊന്നും മോഷണം പോയിട്ടില്ല. മോഷ്ടാക്കളുടെ സിസിടി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. വടക്കേക്കര പൊലിസ് സ്ഥലത്തെത്തി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് അന്വഷണം ആരംഭിച്ചിരുന്നു.
വീടുകളുടെ പിൻവാതിൽ തുറക്കാനാണ് ശ്രമം നടത്തിയിരിക്കുന്നത്. ഇവരുടെ കയ്യിൽ ആയുധങ്ങളടക്കം ഉണ്ടായിരുന്നോ എന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്. കുറുവ സംഘമാണ് മോഷണ ശ്രമം നടത്തിയത് എന്നാണ് നാട്ടുകാരുടെ സംശയം. എന്നാൽ, ഇക്കാര്യം പൊലിസ് ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല. ആളുകള്‍ ഭീതിയിലായിരിക്കെയാണ് സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."