സര്‍ക്കാര്‍ ഭവന പദ്ധതി ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതില്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളില്‍ വീഴ്ച
കൊണ്ടോട്ടി: സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ ഭവന പദ്ധതികള്‍ സമയബന്ധിതമായി ചെലവഴിക്കാതെ ഭവന രഹിതരാവുന്നവരില്‍ കൂടുതല്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലുള്ളവരാണെന്ന് കണ്ടെത്തല്‍. വീട് നിര്‍മാണത്തിന് ആനുകൂല്യം ലഭിച്ചിട്ടും സമയത്തിന് ഫണ്ടുകളുടെ ഘഡുക്കള്‍ വാങ്ങി വീട് പൂര്‍ത്തീകരിക്കാത്തവരില്‍ മൂന്നിലൊന്നും എസ്.സി, എസ്.ടി വിഭാഗക്കാരാണെന്ന് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
സംസ്ഥാനത്ത് 62,084 പേരുടെ വീടുകളാണ് പാതിവഴിയിലായിരിക്കുന്നത്. ഇവരില്‍ 25647 പേരും പട്ടികജാതി വിഭാഗങ്ങളും 19112 പേര്‍ പട്ടിക വര്‍ഗവിഭാഗങ്ങളില്‍പ്പെട്ടവരുമാണ്. ശേഷിക്കുന്നവര്‍ ജനറല്‍ കാറ്റഗറിയിലുമാണ്. ഘട്ടംഘട്ടമായാണ് ഭവന പദ്ധതികള്‍ക്ക് സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നത്. നിര്‍മാണത്തിന്റെ ഓരോ ഘട്ടപ്രവര്‍ത്തികളും പൂര്‍ത്തീകരിക്കുമ്പോഴും നിലവിലെ സ്ഥിതി ഫോട്ടോ സഹിതം തദ്ദേശ സ്ഥാപനങ്ങളില്‍ രേഖാമൂലം അറിയിച്ച് വേണം ശേഷിക്കുന്ന പ്രവര്‍ത്തികള്‍ക്ക് ഫണ്ട് കൈപ്പറ്റേണ്ടത്.
എന്നാല്‍ വീടിന്റെ തറ, ലിന്റല്‍ ഭാഗങ്ങളില്‍ പ്രവര്‍ത്തികള്‍ എത്തുമ്പോള്‍ തന്നെ പലരും നിര്‍മാണത്തില്‍ നിന്ന് പിന്മാറുകയാണ്. ഇതോടെ ഫണ്ട് പൂര്‍ണമായും കൈപ്പറ്റി ഭവന പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയുന്നില്ല. ഇതോടെയാണ് പാതിവഴിയിലായ വീടുകള്‍ സംസ്ഥാനത്ത് വര്‍ധിക്കാന്‍ കാരണം.
പാതിവഴിയിലായവരുടെ വീട് പൂര്‍ത്തീകരണത്തിന് ലൈഫ് മിഷന്‍ പദ്ധതി വഴി സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
നിര്‍മാണ പ്രവൃത്തികള്‍ മാര്‍ച്ചിനകം പൂര്‍ത്തീകരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. പാതിവഴിയിലായ 62,084 വീടുകളില്‍ ഇതുവരെയായി 18,137 വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇതില്‍ 3419 പട്ടിക വര്‍ഗക്കാരുടെ വീടുകളും, 288 പട്ടിക ജാതിക്കാരുടെ വീടുകളും പൂര്‍ത്തിയായിട്ടുണ്ട്. 9144 പാതിവഴിയിലായ വീടുകളുള്ള പാലക്കാട് ജില്ലയാണ് 2420 വീടുകള്‍ പൂര്‍ത്തീകരിച്ച് മുന്‍നിരയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."